തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ സിപിഎം അനുകൂല അധ്യാപക സംഘടനാ യോഗത്തില്‍ അധ്യാപകര്‍ തമ്മില്‍ കയ്യേറ്റം. ഓള് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന് (എ.കെ.പി.സി.ടി.എ) എസ്.കെ.വി.സി ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെയും ജില്ലാ കമ്മിറ്റി പ്രതിനിധികളേയും നിശ്ചയിക്കുന്നതിനെച്ചൊല്ലി കലഹം നടന്നത്.
രണ്ട് അധ്യാപകര്‍ തമ്മില്‍ കയ്യേറ്റം അടിയുടെ വക്കിലെത്തിയെങ്കിലും മറ്റ് അധ്യാപകര്‍ ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയായിരുന്നു അധ്യാപകര്‍ പി.എസ്.എന്‍ ഹാളില്‍ ഏറ്റുമുട്ടിയത്. കോളേജില്‍ എ.കെ.പി.സി.ടി.എ യൂണിറ്റില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന അസ്വസ്ഥതകളാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കയ്യാങ്കളിയിലേയ്ക്കെത്തിയത്.
ചില അധ്യാപകര്‍ എ.കെ.പി.ടി.എയുടെ ലേബലില്‍ കോളേജില്‍ വിദ്യാര്‍ത്ഥികളില്‍ അമിത രാഷ്ട്രീയം കുത്തിവെയ്ക്കുന്നതിലും വിദ്യാര്‍ത്ഥികളെ അരാജകത്വത്തിലേയ്ക്ക് തള്ളിവിടുന്നതിലും ഒരു വിഭാഗം അധ്യാപകര്‍ പ്രതിഷേധത്തിലായിരുന്നു. സി.പി.എം യുവജനസംഘടനയില്‍ സജീവമായിരുന്ന ചില അധ്യാപകര്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ തങ്ങളുടെ രാഷ്ട്രീയ മേധാവിത്വം മറ്റ് അധ്യാപകരില്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും എ.കെ.പി.സി.ടി.എയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു.
തങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിലും അതിലൂടെ കോളേജിലെ പഠനാന്തരീക്ഷം തകര്‍ക്കുന്നതിലും ഈ അധ്യാപകര്‍ മുന്നിലാണ്. അതിനെതിരേയും ഒരു വിഭാഗം അധ്യാപകര്‍ പ്രതിഷേധത്തിലായിരുന്നു. ഇത്തരം വിയോജിപ്പുകള്‍ സജീവമായിരുന്ന എ.കെ.പി.സി.ടി.എ അംഗത്വം പുതുക്കാതിരിക്കുന്നതിലേയ്ക്കും എത്തിയിരുന്നു.
വെള്ളിയാഴ്ച്ച നടന്ന യോഗത്തില്‍ 52 അംഗങ്ങളില്‍ 30ല്‍ താഴെ അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിലവിലെ സെക്രട്ടറി തനിക്ക് പദവിയില്‍ തുടരാനുള്ള താത്പര്യം അറിയിച്ചു. ജോലിയില്‍ പ്രവേശിച്ച് ഒന്നരവര്‍ഷം മാത്രമായ രണ്ട് അധ്യാപകരെ ജില്ലാ കമ്മിറ്റിയിലേയ്ക്കാനും നിലവിലെ നേതൃത്വം തീരുമാനിച്ചു. ഇവരുടെ നിയമനം ചട്ടവിരുദ്ധമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അധ്യാപക സംഘടനയുടെ ജില്ലാ നേതൃത്വത്തിലേയ്ക്ക് അയക്കാനുള്ള തീരുമാനം. ഇതിനോട് വിയോജിപ്പ് പ്രകടമാക്കി ഒരു വിഭാഗം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇവരെ അനുനയിപ്പിച്ച് വീണ്ടും യോഗം ആരംഭിച്ചെങ്കിലും തര്‍ക്കങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ കയ്യേറ്റത്തിലെത്തിയതോടെ തീരുമാനം പിന്നീടാകാം എന്ന ധാരണയില്‍ യോഗം പിരിച്ചുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: