മുരൈന: അയോദ്ധ്യയുടെ വികാരത്തെ സമാജത്തില്‍ ശാശ്വതമായി നിലനിര്‍ത്തണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. മധ്യപ്രദേശിലെ മുരൈനയില്‍ വിവിധ ഹിന്ദുസമുദായസംഘടനകളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയില്‍ കണ്ടത് ഭാരതത്തിന്റെ ഒരു ചെറുസ്വരൂപത്തെയാണ്. അയോദ്ധ്യ ഉയര്‍ത്തിയ ഹിന്ദു ഏകതയുടെ വികാരം ഇന്ന് രാജ്യത്തെ ഓരോ ഗ്രാമത്തിലും പ്രകടമാണ്. അത് എന്നെന്നും നിലനിര്‍ത്താന്‍ കഴിയണം, സര്‍സംഘചാലക് പറഞ്ഞു.
ഒരു കാലത്ത് ഭാരതത്തില്‍ ജാതി വ്യവസ്ഥ ഉണ്ടായിരുന്നു, അത് ജന്മത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് തൊഴിലിന്റെയും വ്യവഹാരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. ഇന്നും ഡോക്ടറുടെ മകന് ഡോക്ടറാകാന്‍ ഇഷ്ടപ്പെടുന്നതും ഒരു അഭിഭാഷകന്റെ മകന് അഭിഭാഷകനാകാന്‍ കൊതിക്കുന്നതും സാധാരണമാണ്. എന്നാല്‍ കാലക്രമേണ ഈ ജാതിവ്യവസ്ഥ തിന്മയായി മാറി. വിവേചനമുണ്ടായി, അയിത്തമുണ്ടായി. ഇത്തരം തൊട്ടുകൂടായ്മകളും വിവേചനവും എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ എല്ലാ ഹിന്ദുസംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം, സര്‍സംഘചാലക് പറഞ്ഞു.
അവയവങ്ങളെല്ലാം സുരക്ഷിതവും ആരോഗ്യമുള്ളതുമായിരിക്കുമ്പോഴാണ് ശരീരം സുഖകരമായിരിക്കുന്നത്. അതുകൊണ്ട് ഒരുമിച്ചുചേര്‍ന്ന് ഹിന്ദുസമാജശരീരത്തെക്കുറിച്ച് ചിന്തിക്കണം. 2007 മുതലാണ് ആര്‍എസ്എസ് സാമാജിക സമരസത ഒരു പ്രവര്‍ത്തനമെന്ന നിലയില്‍ ആരംഭിച്ചതെങ്കിലും തുടക്കം മുതല്‍ത്തന്നെ സംഘത്തില്‍ ജാതി വിവേചനം ഉണ്ടായിട്ടില്ല. ഹിന്ദുസമൂഹത്തെ നല്ലതും മനോഹരവുമാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയില്‍ വാല്മീകി സമാജത്തിലെ ഭഗവാന്‍ദാസ് വാല്മീകി, മഹോര്‍ സമാജത്തിലെ നത്തിലാല്‍ മഹോര്‍, പ്രജാപതി സമാജത്തിലെ ആശാറാം പ്രജാപതി, നഗര്‍ സമാജത്തിലെ രാജേന്ദ്ര നഗര്‍, ശ്രീവാസ് സമാജത്തിലെ മതാദിന്‍ ശ്രീവാസ്, റാത്തോഡ് സമാജത്തിലെ ശ്യാംലാല്‍ റാത്തോഡ്, ബ്രാഹ്മണ സമാജത്തിലെ സുരേഷ് ശാസ്ത്രി, മഞ്ജിയിലെ പ്രമോദ് മഞ്ജി. വൈശ്യ സമാജത്തിലെ ഡോ.അനില്‍ ഗുപ്ത, ജൈന സമാജത്തിലെ മനോജ് ജെയിന്, സ്വര്‍ണകര്‍ സമാജത്തിലെ മദന്‍ലാല്‍ വര്‍മ, സിന്ധി സമാജത്തിലെ പ്രതാപ് റായ്, കയസ്ത സമാജത്തിലെ ദിനേഷ് ഭട്നാഗര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: