ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയെ സംസ്ഥാന സര്‍ക്കാരും കൈവിട്ടു. ധനമന്ത്രി അവതരിപ്പിച്ച 2024-25 ബഡ്ജറ്റിലും ബ്രഹ്മഗിരി ഇടംപിടിച്ചില്ല. ഇതോടെ സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചവര്‍ കബളിപ്പിക്കപ്പെട്ടു.
600ല്‍പരം വ്യക്തികളാണ് സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ നിക്ഷേപം നടത്തിയത്. ഇത്രയും പേര്‍ക്ക് മുതലും പലിശയുമായി 68 കോടിയിലധികം രൂപ സൊസൈറ്റി നല്‍കാനുണ്ട്.
കൊടിയ നഷ്ടത്തില്‍ കലാശിച്ചതിനെത്തുടര്‍ന്നു മലബാര്‍ മീറ്റ് ഉള്‍പ്പെടെ പ്രോജക്ടുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്. റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കു പുറമേ സിപിഎം അനുഭാവികളായ വ്യവസായികള്‍, ഇതര സംസ്ഥാനങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവര്‍, പ്രവാസികള്‍ തുടങ്ങിയവരും നിക്ഷേപ സമാഹരണവുമായി സഹകരിച്ചിരുന്നു. സൊസൈറ്റി പത്തര ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. 2022 ജൂലൈ മുതല്‍ നിക്ഷേപകര്‍ക്ക് പലിശപോലും ലഭിക്കുന്നില്ല. നവകേരള സദസില്‍ 200ലധികം പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ക്കും തീരുമാനമായിട്ടില്ല.
സൊസൈറ്റിയെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2021-22 മുതല്‍ ബഡ്ജറ്റില്‍ 50 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നുണ്ടെങ്കിലും ഒരു രൂപ പോലും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇതുവരെ സൊസൈറ്റിക്കായി ആറു കോടിയോളം രൂപ ചെലവഴിച്ചെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: