കാഞ്ഞങ്ങാട്: പഞ്ചമദ്ദള കേളികൊട്ടോടെ തപസ്യ കലാസാഹിത്യ വേദി 48 മത് സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തില്‍ വര്‍ണാഭമായ തുടക്കം.
ഭാരതം അതിന്റെ സംസ്കാരം എല്ലാ അര്‍ത്ഥത്തിലും വീണ്ടെടുത്തുകൊണ്ടിരിക്കയാണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രമെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി. കാഞ്ഞങ്ങാട് നെല്ലിത്തറയില്‍ തപസ്യ കലാ സാഹിത്യവേദി സംസ്ഥാന വാര്‍ഷികാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നമ്മുടെ സംസ്കാരം ലോകം മുഴുവന്‍ എത്തിക്കുന്നതിനുള്ള സന്ദേശവാഹകരാകണം ഓരോ ഭാരതീയരുമെന്ന് മന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് സംഘടനകള്‍ക്ക് സ്വീകാര്യതയുണ്ടാവുക. കൊറോണക്കാലത്ത് ജനങ്ങളിലുണ്ടണ്ടായ ഒരുമയും പരസ്പര സ്നേഹവും തുടര്‍ന്നുകൊണ്ടുപോകാന്‍ നമുക്ക് കഴിയണം. ത്യാഗം ചെയ്യുന്നിടത്തെല്ലാം സദ്ഫലങ്ങളുമുണ്ടായിട്ടുണ്ട്. ലോകമേ തറവാട് എന്ന ഭാരതീയ പൈതൃകത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.
പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. വിഷ്ണു ഭട്ട് വെള്ളിക്കോത്ത് സ്വാഗതഗാനവും ശ്രീനിധി കെ. ഭട്ട് നാന്ദി ഗീതവും അവതരിപ്പിച്ചു. ചിന്മയാമിഷന് കേരള റീജിയണ്‍ തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി അനു
ഗ്രഹഭാഷണം നടത്തി. തെയ്യം കലാചാര്യന്‍ പദ്മശ്രീ ഇ.പി. നാരായണ പെരുവണ്ണാന്, പ്രശസ്ത നര്‍ത്തകി ഡോ. കൃപ ഫഡ്കേ, പൂരക്കളി ആചാര്യന് പി. ദാമോദര പണിക്കര്‍ എന്നിവരെ ആദരിച്ചു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ ‘മധുവാഹിനി’ സ്മരണിക കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ഡോ. എം.വി. നടേശന് പ്രകാശനം ചെയ്തു. തപസ്യ സംസ്ഥാന വര്‍ക്കിങ്് പ്രസിഡന്റ് കല്ലറ അജയന്, സംസ്കാര്‍ ഭാരതി അഖില ഭാരതീയ കാര്യകാരി സദസ്യന്‍ കെ. ലക്ഷ്മിനാരായണന്, സ്വാഗതസംഘം രക്ഷാധികാരി കെ. ദാമോദരന്‍ ആര്‍ക്കിടെക്ട്, ജില്ലാ പ്രസിഡന്റ് കെ. ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന് സ്വാഗതവും സെക്രട്ടറി എം.വി. ശൈലേന്ദ്രന് നന്ദിയും പറഞ്ഞു.
ഈ വര്‍ഷത്തെ ദുര്‍ഗാദത്ത പുരസ്കാരം സിനിമാ സംവിധായകനും എഴുത്തുകാരനുമായ യദുകൃഷ്ണന് ഗാനരചിതാവ് ഐ.എസ്. കുണ്ടൂര്‍ സമ്മാനിച്ചു. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് ദുര്‍ഗാദത്ത് അനുസ്മരണം നടത്തി. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കല്ലറ അജയന് അധ്യക്ഷനായി. പി.എം. മഹേഷ് സ്വാഗതവും പി.ജി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. നീലേശ്വരം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച പഞ്ചമദ്ദള കേളി സദസിനെ ഹൃദ്യമാക്കി.
കലാസന്ധ്യ പ്രശസ്ത നര്‍ത്തകി ഡോ. കൃപ ഫഡ്കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷ രജനി സുരേഷ് അധ്യക്ഷയായി. ജില്ലാ അധ്യക്ഷന്‍ കെ. ബാലചന്ദ്രന് സ്വാഗതവും പോഗ്രാം കമ്മറ്റി ചെയര്പേഴ്സന് ഡോ. രൂപ സ്വരസ്വതി നന്ദിയും പറഞ്ഞു. പൂരക്കളി, യക്ഷഗാനം, ഓട്ടന്തുള്ളല്, തിരുവാതിര, നൃത്തശില്‍പ്പം, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. വിവിധ ശില്പ-ചിത്രപ്രദര്‍ശനം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
11ന് രാവിലെ 8.30 ന് നടക്കുന്ന പ്രതിനിധിസഭ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാവും. വാര്‍ഷിക റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കെ.ടി. രാമചന്ദ്രനും വാര്‍ഷിക കണക്ക് ട്രഷറര്‍ അനൂപ് കുന്നത്തും അവതരിപ്പിക്കും. സമാപനസഭയില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: