ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വിപ്ലവത്തിന് അടിത്തറ പാകിയ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഒടുവില്‍ രാഷ്ട്രത്തിന്റെ ആദരം.
സോണിയാ ഗാന്ധിയും അനുയായികളും ദല്‍ഹിയില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ ആട്ടിപ്പായിച്ച റാവുവിന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്കുന്നതുവഴി പ്രധാനമന്ത്രി നരേന്ദ്രമോദി നല്കുന്ന സന്ദേശം വളരെ വലുതാണ്. ദക്ഷിണഭാരതത്തില്‍ നിന്ന് ആദ്യം പ്രധാനമന്ത്രി പദത്തിലെത്തിയ നേതാവിനോട് സോണിയാ കുടുംബം ചെയ്ത അനീതികള്‍ ഒരിക്കല്‍ക്കൂടി ഇതോടെ ചര്‍ച്ചയായി. രാജ്യത്തെ ജനകോടികളെ പട്ടിണിയില്‍ നിന്ന് രക്ഷിച്ച മലയാളിയായ കൃഷി ശാസ്ത്രജ്ഞന് ഡോ. എം.എസ്. സ്വാമിനാഥനും കര്‍ഷക നേതാവും സ്വാതന്ത്ര്യസമര സേനാനിയും രാജ്യത്തിന്റെ അഞ്ചാമത് പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍ സിങിനും രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ ഭാരത രത്ന സമ്മാനിക്കുമ്പോള്‍ ബഹുമാനിതരാവുന്നത് വലിയൊരു സമൂഹം കൂടിയാണ്. ദക്ഷിണ ഭാരതത്തില്‍ നിന്നുയര്‍ന്നുവന്ന പ്രമുഖര്‍ക്ക് പ്രധാനമന്ത്രി നല്കുന്ന പ്രാധാന്യവും പുരസ്കാര പ്രഖ്യാപനത്തില്‍ വ്യക്തമായി.
2004 ഡിസംബര്‍ 9നായിരുന്നു രണ്ടാഴ്ചത്തെ എയിംസ് ആശുപത്രി വാസത്തിന് ശേഷമുള്ള നരസിംഹറാവുവിന്റെ മരണം. അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി എഐസിസി ആസ്ഥാനത്ത് എത്തിച്ചപ്പോള്‍ ഗേറ്റ് തുറന്നു കൊടുക്കാതിരുന്നത് സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു. മുന്‍പ്രധാനമന്ത്രിമാര്‍ക്ക് ദല്‍ഹിയില്‍ സ്മാരകം തയാറാക്കുന്ന പതിവുള്ളപ്പോള്‍ നരസിംഹ റാവുവിന്റെ മൃതദേഹം ദല്‍ഹിയില്‍ സംസ്ക്കരിക്കാന്‍ സോണിയാ ഗാന്ധി വിസമ്മതിച്ചതും റാവുവിന്റെ കുടുംബത്തിന് മൃതദേഹവുമായി ദുഖത്തോടെ ആന്ധ്രാപ്രദേശിലേക്ക് പോകേണ്ടിവന്നതും രാഷ്ട്രീയ ചരിത്രമാണ്. ഒടുവില്‍ ഹൈദരാബാദിലെ സഞ്ജീവയ്യ പാര്‍ക്കിലാണ് റാവുവിന് സ്മാരകം തയാറാക്കിയത്. അദ്ദേഹം അര്‍ഹിച്ച അംഗീകാരം ഇപ്പോഴാണ് ലഭിച്ചതെന്നായിരുന്നു 71 കാരിയായ മകള്‍ സുരഭി വാണിദേവിയുടെ വൈകാരികമായ ആദ്യ പ്രതികരണം. പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുന്നതായി കൊച്ചുമകന് എന്‍.വി. സുഭാഷും പ്രതികരിച്ചു. റാവുവിന്റെ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയും സോണിയാ കുടുംബവും അവരുടെ പരാജയങ്ങളൊക്കെ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തുകയും ചെയ്തതായി സുഭാഷ് കുറ്റപ്പെടുത്തി.
രാജ്യത്തെ കര്‍ഷക സമൂഹത്തിന്റെ പ്രതിനിധിയായി ഇപ്പോഴും കണക്കാക്കുന്ന മഹാനായ നേതാവായ ചൗധരി ചരണ്‍സിങ്ങിന് സ്വതന്ത്ര ഭാരതത്തില്‍ ലഭിക്കുന്ന പരമോന്നത ആദരം യുപിയിലെയും ഹരിയാനയിലെയും കര്‍ഷക സമൂഹത്തില്‍ വലിയ ആവേശമായി മാറിക്കഴിഞ്ഞു. അദ്ദേഹത്തിന് ഭാരത രത്ന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഹൃദയത്തെ തോല്‍പ്പിച്ചു കളഞ്ഞിരിക്കുന്നു എന്നായിരുന്നു കൊച്ചുമകനും രാഷ്ട്രീയ ലോക്ദള്‍ നേതാവുമായ ജയന്ത് ചൗധരിയുടെ പ്രതികരണം. ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായ ആര്‍എല്‍ഡി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യത്തിന്റെ ഭാഗമായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചൗധരി ചരണ്‍സിങിന്റെ ഭാരതരത്ന നേട്ടം കൂടുതല്‍ ചര്‍ച്ചയാവുന്നത്.
ഏറെ സൂക്ഷ്മതയോടെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമായി. പി.വി നരസിംഹ റാവുവും ചൗധരി ചരണ്‍ സിങ്ങും ഡോ. എം.എസ് സ്വാമിനാഥനും എക്കാലവും ഭാരതത്തിന്റെ രത്നങ്ങള്‍ തന്നെയായിരുന്നുവെന്നും ഓരോ ഭാരതീയനും അവരെ ബഹുമാനിക്കുന്നുവെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് ജയറാം രമേശിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: