ചെന്നൈ: രാമേശ്വരത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയ ഇരുപത്തിമൂന്ന് തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി കടന്നെന്നാരോപിച്ചാണ് അറസ്റ്റ്. ഇവരുടെ രണ്ട് ബോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമേശ്വരം, തങ്കച്ചിമടം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.
ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെ 540 ബോട്ടുകളിലായി 3000 മത്സ്യത്തൊഴിലാളികളാണ് ശനിയാഴ്ച മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. രാമേശ്വരത്തേക്ക് മടങ്ങാന്‍ പുലര്‍ച്ചെ രണ്ടോടെ നെടുന്തീവ് കടക്കുന്നതിനിടെ ശ്രീലങ്കന്‍ നാവികസേന ഇവരെ വളയുകയായിരുന്നു. പിന്നാലെ ബോട്ടുകള്‍ക്കും മത്സ്യബന്ധന വലകള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. അറസ്റ്റു ചെയ്തവരെ ശ്രീലങ്കന്‍ നാവികസേന കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ രാമന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി സംഘടന പ്രതിഷേധിച്ചു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മത്സ്യത്തൊഴിലാളികള്‍ ബഹിഷ്കരിക്കുമെന്ന് ആഹ്വാനവും ചെയ്തു. ജെ. സഹ്യരാജ്, എ. ജയിംസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് നാവികസേന പിടിച്ചെടുത്ത ബോട്ടുകള്‍.
അടുത്തിടെയായി നിരവധി സമാന സംഭവങ്ങള്‍ ഉണ്ടായതായി മത്സ്യത്തൊഴിലാളി സംഘടന നേതാക്കള്‍ പറഞ്ഞു. ജനുവരി 18ന് രാമനാഥപുരത്ത് നിന്ന് കടലില്‍ പോയ പത്ത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ വിട്ടയച്ചത്. 2018 മുതല്‍ 150 ബോട്ടുകളാണ് പിടിച്ചെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലാണ് നാവികസേന മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: