ലോകത്തിന്റെയും മാനവജാതിയുടെയും ഉന്നമനത്തിന് പല പ്രയത്നങ്ങളും നടന്നുകൊണ്ടിരിക്കയാണ്. വ്യവസായങ്ങള്‍, തൊഴിലുകള്‍, യന്ത്രഫാക്ടറികള്, റെയില്‍, കമ്പി (തപാല്‍), റോഡുകള്‍, അണക്കെട്ടുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, എന്നിങ്ങനെ ധാരാളം നിര്‍മ്മാണജോലികള്‍ നടക്കുന്നുണ്ട്. ഇതുമൂലം ദാരിദ്ര്യം, രോഗം, നിരക്ഷരത്വം, സഭ്യതാരാഹിത്യം ഇവയ്ക്കെല്ലാം പരിഹാരമുണ്ടാകുമെന്ന് പ്രത്യാശിക്കാം. പക്ഷേ മനുഷ്യന്റെ അന്തഃകരണത്തില്‍ സ്നേഹത്തിന്റെയും, സ്വജനഭാവത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും, കാരുണ്യത്തിന്റെയും, ധര്‍മ്മത്തിന്റെയും, ഈശ്വരവിശ്വാസത്തിന്റെയും, സേവനത്തിന്റെയും, സംയമനത്തിന്റെയും അരുവിപ്രവാഹം ഉണ്ടാകാതെ വിശ്വശാന്തിക്കുവേണ്ടിയുള്ള ഒരു പരിപാടിയും സഫലമാവുകയില്ല. സാന്മാര്ഗികപ്രചോദനം നല്കാന്, ഗാന്ധി, ദയാനന്ദന്, ശങ്കരാചാര്യര്‍, ബുദ്ധന്, മഹാവീരന്, നാരദന്, വ്യാസന്, എന്നിങ്ങനെയുള്ള ആത്മീയശക്തി സമ്പന്നരായ മാര്ഗദര്ശ്ശികള്, ഉണ്ടാവാതെ, ലോകോന്നതിക്കുളള പ്രയത്നം ഫലവത്താവുകയില്ല. ജനഹൃദയങ്ങളെ ഊര്ദ്ധ്വോന്മുഖമാക്കാതെ, പവിത്രവും ആദര്‍ശപരവുമായ വികാരങ്ങള്‍, ഉദ്ദീപ്തമാക്കാതെ അവരുടെ പ്രവൃത്തികള്‍, അസൂയ, വെറുപ്പ്, ചൂഷണം, കൊള്ള, അലസത, അന്യായം, വ്യഭിചാരം, പാപം ഇത്യാദികളാല്‍, പ്രദൂഷിതമാകാതിരിക്കുക സാദ്ധ്യമല്ല. ക്ലേശം, കലഹം, രോഗം, ദാരിദ്ര്യം എന്നിവയില്‍ നിന്നു മോചനവും അതുവരെ അസാദ്ധ്യമാണ്. ജനഹൃദയങ്ങള്‍ പവിത്രവും, സാത്വികവും മനുഷ്യത്വത്തിനനുരൂപമായ സ്വഭാവശുദ്ധി നിറഞ്ഞതുമാക്കിത്തീര്ക്കാന്, സൂക്ഷ്മതരംഗങ്ങള്‍, പ്രവഹിപ്പിക്കേണ്ടതാവശ്യമാണ്. അവ ഉല്പാദിപ്പിക്കാന്, അത്യുന്നത തലത്തിലുള്ള ആത്മാക്കളാല്‍, അസാധാരണമായ തപസ്സുകൊണ്ടു മാത്രമേ പറ്റുകയുള്ളു. ഇതാണ് മനുഷ്യത്വത്തിനും, ധര്‍മ്മത്തിനും, സംസ്ക്കാരത്തിനും വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സേവനം. എന്തുകൊണ്ടെന്നാല്‍ സമയം നീങ്ങുന്നതോടൊപ്പം ആസുരികശക്തികള്‍ പ്രബലപ്പെടുകയും, അമാന്തം അപ്രതീക്ഷിതമായ അനിഷ്ടസംഭവങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.
കാലത്തിന്റെ ഈ ആഹ്വാനമാണ് എന്നെ ഈ ചുവടുവയ്പിന് നിര്‍ബ്ബന്ധിതനാക്കിയത്. ഉപനയനകര്മ്മം കഴിഞ്ഞതു മുതല്‍ വളരെ ചിട്ടയോടെ നിത്യവും ആറുമണിക്കൂര്‍ ഗായത്രി ഉപാസന പതിവായി നടത്തിയിരുന്നു. എന്നാല്‍ മഹത്തായ ഉദ്ദേശ സാദ്ധ്യത്തിനാവശ്യമായ തീവ്രസാധനയും ഉഗ്രതപശ്ശക്തിയും ആര്‍ജ്ജിക്കാനായി ഒരു വര്‍ഷം ഋഷികളുടെ തപോഭൂമിയായ ഹിമാലയത്തില്‍ താമസിച്ച് പ്രയോജനപ്രദമായ തപസ്സ് വിജയകരമായി അനുഷ്ഠിക്കേണ്ടത് ആവശ്യവുമായിരുന്നു. ഈ തപസ്സ് വ്യക്തിപരമായ ഉദ്ദേശസാദ്ധ്യത്തിനുവേണ്ടി ആയിരുന്നില്ല. സ്വര്‍ഗ്ഗമോ മോക്ഷമോ പ്രാപിക്കാനുള്ള മോഹം ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. പല പ്രാവശ്യം കൈയ്യില്‍ ജലമെടുത്തു മനുഷ്യ മഹത്വത്തിന്റെ അഭിമാനാര്‍ത്ഥം സങ്കല്പം ചെയ്തിട്ടുണ്ട്. അപ്പോള്‍ പലായനചിന്തകള്ക്കെവിടെയാണ് സ്ഥാനം? ലോകഹിതമാണ് എന്റെയും ഹിതം. ഈ ലക്ഷ്യം പുലര്‍ത്തിക്കൊണ്ടാണ് തപസ്സിന്റെ ഉഗ്രമായ ചൂടില്‍ തപിക്കാനുള്ള ഈ ചുവടുവയ്പ്.
ഹിമാലയ പ്രവേശം:
ഇന്നു വളരെ ദൂരം ദുര്‍ഘടമായ വഴിയിലൂടെ നടക്കേണ്ടിവന്നു. താഴെ ഗംഗാനദിയുടെ ഒഴുക്കും മുകളില്‍ പര്വതവുമായിരുന്നു. പര്‍വതത്തിന്റെ ചുവട്ടിലൂടെ ഇടുങ്ങിയ നടപ്പാത ഉണ്ടായിരുന്നു. അതിന്റെ വീതി ഏറിയാല്‍ മൂന്നടി വന്നേക്കും. അതിലൂടെയാണ് നടക്കേണ്ടിയിരുന്നത്. കാല് അല്പമെങ്കിലും വഴുതിയാല്‍ അഥവാ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ താഴെ ഗര്ജ്ജിച്ചൊഴുകുന്ന ഗംഗയുടെ ഗര്‍ഭത്തില്‍ ജലസമാധിയടയാന്‍ അധികസമയം വേണ്ടിവരുമായിരുന്നില്ല. രക്ഷപ്പെട്ടു നടക്കാമെന്നു കണ്ടാല്‍ പരശ്ശതം അടി പൊക്കമുള്ള പര്‍വതം കുത്തനെ നില്‍ക്കുകയാണ്, അതു സ്വസ്ഥാനത്തുനിന്നും ഒരിഞ്ചുപോലും മാറാന്‍ തയ്യാറല്ല. ഈ ഇടുങ്ങിയ നടപ്പാതയിലൂടെ ഓരോ ചുവടും വളരെ സൂക്ഷ്മതയോടെ വച്ചുവേണം നടക്കാന്‍. കാരണം ജീവിതവും മരണവും തമ്മിലുള്ള അന്തരം ഒന്നോ ഒന്നരയോ അടി മാത്രമായിരുന്നു.
ജീവിതത്തിലാദ്യമായി മരണഭയമെങ്ങനെയെന്ന് അനുഭവിച്ചറിഞ്ഞു. ഒരു പുരാണകഥ കേട്ടിട്ടുണ്ടായിരുന്നു: ജനകമഹാരാജാവ് താന്‍ കര്‍മ്മയോഗി ആയി ജീവിക്കുന്ന അവസ്ഥ എങ്ങനെ ആണെന്ന് ശുകമഹര്ഷിയെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി എണ്ണ നിറച്ച ഒരു ചഷകം അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തിട്ട് ആ എണ്ണപാത്രം കയ്യില്‍ പിടിച്ച് നഗരത്തിനു നാലുവശവും ചുറ്റിവരാന്‍ ആവശ്യപ്പെട്ടു. ഒരു തുള്ളിയെങ്കിലും എണ്ണ തുളുമ്പിപോയാല് തല്‍ക്ഷണം തല വെട്ടിക്കളയുമെന്നു താക്കീതും കൊടുത്തിരുന്നു. മരണഭയം മൂലം ശുകദേവന് എണ്ണ തുളുമ്പാതെ സാവധാനം നടന്ന് ചുറ്റിക്കറങ്ങി വന്നെങ്കിലും അദ്ദേഹത്തിനു എണ്ണയല്ലാതെ മറ്റൊന്നും കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ജനകമഹാരാജാവ് പറഞ്ഞു, ‘എപ്രകാരം മരണഭയത്താല്‍ എണ്ണ തുളുമ്പാതെ ശ്രദ്ധ മുഴുവന്‍ എണ്ണപ്പാത്രത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടു നടന്നുവോ, അപ്രകാരം തന്നെ ഞാനും സദാ സമയവും മൃത്യുഭയത്തെപ്പറ്റി ബോധവാനായി കഴിയുന്നു. തന്നിമിത്തം കര്‍ത്തവ്യനിര്‍വഹണത്തില്‍ തെറ്റു പറ്റുകയോ അനാവശ്യമായ കാര്യങ്ങളില്‍ അലഞ്ഞുതിരിഞ്ഞു മനസ്സു ചഞ്ചലപ്പെടുകയോ ചെയ്യാറില്ല.’ ഈ കഥയുടെ സ്പഷ്ടവും വ്യക്തിപരവുമായ നേരിട്ടുളള അനുഭവം ഇന്ന് ആ ഇടുങ്ങിയ കാല്പാതയിലൂടെ നടന്നപ്പോള്ഉണ്ടായി. ഞങ്ങള്‍ പല യാത്രക്കാരും ഒരുമിച്ചുണ്ടായിരുന്നു. വഴിനീളെ ചിരിച്ചും പറഞ്ഞും നടന്നിരുന്ന ഞങ്ങള്‍ ആ ഇടുക്കുവഴി എത്തിയതോടെ മൗനികളായി. സംസാരിക്കാന്‍ വിഷയമില്ലാതെയായി, ആര്‍ക്കും വീടിനെപ്പറ്റിയുള്ള ചിന്തയോ, മറ്റു വിഷയങ്ങളില്‍ ശ്രദ്ധയോ ഇല്ലെന്നായി. ചിത്തം പൂര്‍ണ്ണമായ ഏകാഗ്രതയിലായി, ഒരേ ഒരു ചിന്ത മാത്രം, അടുത്ത ചുവടുവയ്പ് ശരിയായ സ്ഥാനത്തായിരിക്കണം. ഞങ്ങള്‍ ഒരു കൈകൊണ്ടു പര്‍വതത്തിന്റെ വശം പിടിച്ചുകൊണ്ടാണ് നടന്നിരുന്നത്. പിടിക്കത്തതായി ഒന്നും അതിലില്ലായിരുന്നുവെങ്കിലും ശരീരത്തിന്റെ ചായ്വ് ഗംഗയുടെ വശത്തേക്കാകുന്ന പക്ഷം സന്തുലിതാവസ്ഥ നഷ്ടപ്പെടാതിരിക്കാന്‍ പര്‍വതഭാഗം പിടിച്ചുകൊണ്ടുള്ള നടപ്പ് അല്പമെങ്കിലും സഹായകരമാകുമെന്നുള്ള ആശ ഉള്ളിലുണ്ടായിരുന്നു. ഈ ഒന്നൊന്നര മൈല്‍ ദൂരം വളരെ കഷ്ടപ്പെട്ടു തരണം ചെയ്തു. പ്രതിക്ഷണം ഹൃദയം തുടിക്കുകയായിരുന്നു. ജീവനെ രക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി എന്തുമാത്രം ശ്രദ്ധ ആവശ്യമാണെന്നുള്ളതിന്റെ പാഠം ഇന്നു പ്രത്യക്ഷത്തില്‍ പഠിച്ചു.
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ വിജനതയിലെ സഹചാരികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: