ന്യൂദല്‍ഹി: ബിജെപി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ ലോകത്തിലെ മൂന്നാം ശക്തിയാക്കി ഭാരതത്തെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സോപോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്തെ 25 കോടി ജനങ്ങള്‍ പട്ടിണിയില്‍ നിന്ന് മുക്തരായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2047ല്‍ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കാണ് ഭാരതം മുന്നേറുന്നത്. നിര്‍ണായകമായ ഈ പദവിയിലേക്ക് എത്തുന്നതിന് വാഹന വിപണന മേഖലയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതാണ് ശരിയായ സമയം. ഇത് തന്നെയാണ് വിജയമന്ത്രവും. ചന്ദ്രനിലെത്തിയ നാടാണ് ഭാരതം. മുന്നേറ്റം അതിവേഗത്തിലാണ്. മൊബിലിറ്റി മേഖലയുടെ സുവര്ണയുഗമാണിത്, പ്രധാനമന്ത്രി പറഞ്ഞു.
സ്വന്തം പ്രതീക്ഷകളിലും ആഗ്രഹങ്ങളിലും ഉയിര്ത്തെഴുന്നേല്ക്കുന്ന ഒരു പുത്തന്‍ ഇടത്തട്ട് സമൂഹത്തിന്റെ നാടായി ഭാരതം മാറുകയാണ്. അവരുടെ വരുമാനം പുതിയ അതിരുകളിലേക്ക് വ്യാപിക്കുന്നു.
ഇതെല്ലാം വികസനയുഗം പിറക്കുന്നതിന്റെ അടയാളങ്ങളാണ്. 2014ന് മുമ്പ് 12 കോടി കാറുകളാണ് നമ്മുടെ വിപണിയില്‍ വിറ്റത്. 2014 മുതല്‍ ഇന്ന് വരെ വിറ്റത് 21 കോടി കാറുകളും. 2014ന് മുമ്പ് 2000 ഇലക്ട്രിക് കാറുകളാണ് പ്രതിവര്‍ഷം വിറ്റത്. ഇപ്പോഴത് 12 ലക്ഷമായി വളര്‍ന്നു. യാത്രാവാഹനങ്ങളുടെ വില്പനയില് അറുപത് ശതമാനം വളര്‍ച്ചയ്ക്കാണ് രാജ്യം സാക്ഷിയാകുന്നത്.
ഇരുചക്രവാഹനങ്ങളുടെ വില്പനയില് എഴുപത് ശതമാനമാണ് വര്‍ധന, പ്രധാനമന്ത്രി പറഞ്ഞു. വാഹനവിപണിയില്‍ മുന്‍പില്ലാത്ത മാറ്റമാണ് നമ്മള് കൈവരിച്ചത്. ഭാവിയെ കരുതിയുള്ള പുതിയ നയങ്ങളുടെ ഫലമാണിത്. ഇത് തന്നെയാണ് രാജ്യത്തിന്റെ ഇടക്കാല ബജറ്റും പ്രതിഫലിപ്പിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: