തൃശൂര്‍ : വിദ്വേഷമോ മതസ്പര്‍ദ്ധയോ വളര്‍ത്തുന്ന വളര്‍ത്തുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്നതോ ആയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമെന്ന് തൃശൂർ സിറ്റി പോലീസ്. സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പരസ്യം. എന്നാല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാവുന്നതുമായ ഫേസ്ബുക്ക് പോസ്റ്റിട്ട എംഎല്‍എ പി.ബാലചന്ദ്രനെതിരെ സിറ്റി പോലീസ് എന്ത് നടപടിയെടുത്തുവെന്ന ചോദ്യത്തിന് ഉത്തരം മൗനം മാത്രം.
എംഎല്‍എക്കെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടും മൂന്നുദിവസമായി സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അതിനുമേല്‍ അടയിരിക്കുകയാണ്. അതിനിടയിലാണ് സിറ്റി പോലീസ് സാധാരണ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നത്. സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് താഴെ നിരവധി പേരാണ് പരിഹാസവുമായി എത്തിയത്. ഈ നിയമം എംഎല്‍എക്ക് ബാധകമല്ലേ സാറന്മാരെ എന്ന് തുടങ്ങി സിറ്റി പോലീസിന്റെ കഴിവുകേടിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
കഴിഞ്ഞദിവസം തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രനാണ് നിന്ദ്യമായ രീതിയില്‍ ശ്രീരാമനെയും രാമായണത്തെയും അവഹേളിച്ച് പോസ്റ്റിട്ടത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും വലിയ പ്രതിഷേധമുയര്‍ന്നു. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപിയും ഹിന്ദു ഐക്യവേദിയും എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം കനത്തതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ് കുമാറും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരനും പോലീസിന് രേഖാമൂലം പരാതി നല്‍കി. എന്നിട്ടും പോലീസ് അനങ്ങിയില്ല.
അതിനിടയിലാണ് സാധാരണക്കാരെ ബോധവല്‍ക്കരിക്കാനുള്ള തീവ്രശ്രമവുമായി ഫേസ്ബുക്ക് പോസ്റ്റില്‍ ഇത്തരമൊരു പ്രചരണം പോലീസ് തുടങ്ങിയത്. അതീവ ഗുരുതരമായ തെറ്റാണ് എംഎല്‍എ ചെയ്തതെങ്കിലും ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദഫലമായി നടപടിയെടുക്കാന്‍ പോലീസ് ഭയപ്പെടുന്നു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: