കൊച്ചി: പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ വേണ്ടിമാത്രം സ്ഥാപനങ്ങളുടെ കോടികളുടെ നഷ്ടത്തിന്റെ ഭാരം നികുതിദായകരുടെ മേല്‍ ചാരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പല പൊതുമേഖലാ സ്ഥാപനങ്ങളും വന്‍ നഷ്ടത്തിലാണ്. ഈ വെള്ളാനകളെ താങ്ങി നിര്‍ത്തുന്നത് നികുതിദായകരുടെ പണമാണെന്ന് മറക്കരുതെന്ന് മന്ത്രി പറഞ്ഞു. ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണേ കേന്ദ്രത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യവല്‍ക്കരണം, ഓഹരിവിറ്റഴിക്കല്‍ എന്നു പറയുന്നതുതന്നെ എന്തോ മഹാ അപരാധം എന്ന് പ്രസംഗിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യബോധമില്ല, അല്ലെങ്കില്‍ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓഹരിവില്പനയ്ക്ക് തീരുമാനിച്ച സമയത്ത് പ്രതിദിനം 20 കോടിയായിരുന്നു എയര്‍ ഇന്ത്യയുടെ നഷ്ടമെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി. ഇത്തരം വന്‍നഷ്ടങ്ങള്‍ സാധാരണക്കാരായ നികുതിദായകര്‍ ചുമക്കേണ്ടതില്ല.
ഇന്ന് രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ മാറിയെന്ന് എല്‍ഐസി ഓഹരിവില്‍പനയെ എതിര്‍ത്തവര്‍ മനസിലാക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വ്യവസായം നടത്തുന്നതിന് സര്‍ക്കാരുകള്‍ക്ക് നിരവധി പരിമിതികളുണ്ട് എന്ന യാഥാര്‍ഥ്യ ബോധ്യത്തിലൂന്നിയാണ് കേന്ദ്രസര്‍ക്കാരിന്റെ നയരൂപീകരണം. ഭാരതത്തിന്റെ വികസനത്തില്‍ സ്വകാര്യമേഖലയുടെ ശക്തമായ സംഭാവനയില് ഊന്നുന്നതാണ് ആ നയമെന്നും വി. മുരളീധരന് പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പും സ്വകാര്യമേഖല നാടിന്റെ കരുത്തായിരുന്നു എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള യാത്ര ലക്ഷ്യം കാണണമെങ്കില്‍ പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്തം ഒരുപോലെ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു.
ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം കെ.കെ. വിജയകുമാര്‍ മോഡറേറ്ററായ സെമിനാറില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ സ്വാഗതവും വിഷയാവതരണവും നടത്തി. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: