കൊല്ലം: ലേണിങ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, വാഹനനികുതി ഇനത്തില്‍ ദിവസവും കോടികള്‍ വരുമാനം ലഭിക്കുന്ന മോട്ടോര്‍ വാഹനവകുപ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ലൈസന്‍സ് പുതിയത് എടുക്കാനും പുതുക്കാനും കാര്‍-മോട്ടോര്‍ സൈക്കിള്‍ 1005 രൂപ, ട്രാന്‍സ്പോര്‍ട് വാഹനത്തിന് 1455 രൂപ, പുതുക്കാന്‍ 450 രൂപ, അടുത്ത കാലത്തു കാലാവധിക്ക് പുതുക്കാത്ത ലൈസന്‍സ് പുതുക്കാന്‍ 1000 രൂപ വീതം ഓരോ വര്‍ഷത്തിനും അടക്കണം. പതിനായിരം രൂപയ്ക്ക് മുകളില്‍ പിഴ അടച്ച ശേഷം വീണ്ടും ടെസ്റ്റ് നടത്തണം. ഇതുകൂടാതെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് ഇനത്തിലും വാഹന നികുതി ഇനത്തിലും വലിയ തുകയാണ് പ്രതിദിനം ലഭിക്കുന്നത്. കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണ്.
നൂറു കണക്കിന് ആളുകള്‍ ലേണിങ് ടെസ്റ്റ് നടത്താന്‍ വരുന്ന ഓഫീസുകളില്‍ കേവലം 10 കമ്പ്യൂട്ടര്‍ പോലും ടെസ്റ്റിന് നല്കാന് ഇല്ലാത്ത അവസ്ഥ, പ്രാഥമിക ആവശ്യം നിറവേറ്റാന്‍ ശുചിമുറികള്‍ ഇല്ല. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ വാടകയ്ക്ക് എടുത്തിട്ടുള്ളതാണ്. 1988ലെ ആക്ട് അനുസരിച്ചുള്ള 8, എച്ച് ടെസ്റ്റ് രീതി പരിഷ്കരിക്കാന്‍ ഇന്നോളം കഴിഞ്ഞില്ല.
എല്ലാ താലൂക്കിലും ടെസ്റ്റ് ഗ്രൗണ്ടുകള്‍ സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. ടെസ്റ്റ് നടത്താന്‍ ഉപയോഗിക്കുന്ന കമ്പികള്‍ മാറ്റി ആധുനിക സംവിധാനം ഏര്‍പ്പെടുത്തുക, ഡ്രൈവിങ് ടെസ്റ്റ് രീതികള്‍ പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഫയലില്‍ ഉറങ്ങുകയാണ്.
മോട്ടോര്‍ വാഹനവകുപ്പിന്റെ പല നടപടികളിലും ഡ്രൈവിങ് സ്കുള് ഉടമകളും അസംതൃപ്തരാണ്. വളരെ കുറഞ്ഞ ഫീസ് ഈടാക്കിയാണ് പരിശീലനം നല്‍കുന്നത്. ഡ്രൈവിങ് സ്കൂളുകള്‍ ചെയ്യുന്ന സേവനം മോട്ടോര്‍ വാഹനവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഉടമകള്‍ ആരോപിക്കുന്നു. ഒരു കാരണവും ഇല്ലാതെ ഇടയ്ക്കിടെ ഉദ്യോഗസ്ഥര്‍ സ്കൂളുകള്‍ പരിശോധിച്ച് ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കുന്നതായും ഉടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: