രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന ശരിക്കും അര്‍ഹതയുള്ള ഒരാള്‍ക്കുകൂടി ലഭിച്ചിരിക്കുന്നു. അടിച്ചമര്‍ത്തപ്പെടുകയും പാര്ശ്വവല്ക്കരിക്കപ്പെടുകയും ചെയ്ത ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച ജനനായക് കര്‍പൂരി ഠാക്കൂറിനെ തേടിയാണ് ഏറ്റവുമൊടുവില്‍ മരണാനന്തര ബഹുമതിയായി ഭാരതരത്ന എത്തിയിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്തിനിടെ ആറാമത്തെയാള്‍ക്കാണ് ഈ ബഹുമതി നല്‍കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യപരിഷ്കര്ത്താവുമായിരുന്ന മദന്‍ മോഹന്‍ മാളവ്യ, നവഭാരതത്തിന്റെ നിര്‍മിതിക്ക് തുടക്കംകുറിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി, മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി, അസമീസ് ഗായകന് ഭൂപെന്‍ ഹസാരിക, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ നായകനുമായിരുന്ന നാനാജി ദേശ്മുഖ് എന്നിവര്‍ക്കാണ് മോദി സര്‍ക്കാരിനു കീഴില്‍ ഭാരതരത്ന സമ്മാനിച്ചത്. ഇവരെല്ലാവരും ഈ ബഹുമതിക്ക് പൂര്‍ണമായും അര്‍ഹരായിരുന്നു. ഇതുതന്നെയാണ് കര്‍പൂരി ഠാക്കൂറിന്റെ കാര്യത്തിലും പറയാവുന്നത്. ഒരിക്കല്‍ക്കൂടി ഭാരതരത്നയെ കുടുംബാധിപത്യത്തില്‍നിന്നും സ്വജനപക്ഷപാതത്തില്‍നിന്നും മോദി സര്‍ക്കാര്‍ മോചിപ്പിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് പൊതുജീവിതത്തിലേക്ക് വരികയും, സാമൂഹ്യവിപ്ലവത്തിലൂടെ ജനജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു കര്‍പൂരി താക്കൂര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ രാജ്യത്തെ വിഭവങ്ങള്‍ ന്യായമായി വിതരണം ചെയ്യപ്പെടുകയും, എല്ലാവര്ക്കും അവസരങ്ങള്‍ ലഭിക്കുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളായിരുന്നു കര്‍പൂരി ഠാക്കൂര്‍. മുടിവെട്ടുകാരുടെ സമുദായത്തില്‍ ജനിച്ച് ജാതീയമായ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും അപമാനങ്ങളുമൊക്കെ സഹിച്ച് വളര്‍ന്നയാളായിരുന്നു. ഇതിനിടയിലും പട്ടിണിയോട് പടവെട്ടി വിദ്യാഭ്യാസം നേടി. റാംമനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ചിന്തയില്‍ ആകൃഷ്ടനായി രാഷ്ട്രീയരംഗത്ത് സജീവമായ കര്‍പൂരി ഠാക്കൂര്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം രൂപംകൊണ്ട ജനതാപാര്‍ട്ടിയുടെ നേതാവായി. രണ്ട് തവണ ബിഹാര്‍ മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷനേതാവുമായി. അധികാരം ആദര്‍ശപൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണെന്ന് ഉറച്ചുവിശ്വസിക്കുകയും, ഭരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അത് പ്രാവര്ത്തികമാക്കിക്കാണിക്കുകയും ചെയ്ത നേതാവായിരുന്നു. ബിഹാറിലെ പിന്നാക്ക സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും ഇരുപത്തിയാറ് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് രാജ്യത്തുതന്നെ വലിയൊരു സാമൂഹ്യവിപ്ലവത്തിന് വഴിതുറന്നയാളാണ് കര്‍പൂരി ഠാക്കൂര്‍. അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ച് അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച മണ്ഡല് കമ്മിഷന്റെ അടിസ്ഥാനത്തില്‍ പില്ക്കാലത്ത് രാജ്യമെമ്പാടും പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിന്റെ തുടക്കക്കാരനായി കര്‍പൂരി താക്കൂറിനെ കാണാം. അധികാരത്തിലിരുന്ന ഓരോ നിമിഷവും ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിരൂപമായി മാറുകയും, അഴിമതി തൊട്ടുതെറിക്കാത്തവിധം ജീവിക്കുകയും ചെയ്ത മഹാപുരുഷനായിരുന്നു ഠാക്കൂര്‍. അനുയായികളായ പലരും അഴിമതികളുടെയും സ്വജനപക്ഷപാതത്തിന്റെയും ആള്‍രൂപങ്ങളായി അധഃപതിച്ചുവെങ്കിലും കര്‍പൂരി ഠാക്കൂറിന്റെ കളങ്കരഹിതമായ ജീവിതം ഇന്നും ഒരു വഴികാട്ടിയായി നില്ക്കുന്നു.
കര്‍പൂരി ഠാക്കൂര്‍ മരിച്ചിട്ട് മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. ഇതിനിടെ ബിഹാറിലും കേന്ദ്രത്തിലും അനുയായികള്‍ പലരും ഒന്നിലധികം തവണ അധികാരത്തില്‍ വന്നു. പക്ഷേ സാമൂഹ്യനീതിയുടെ വക്താവും പ്രയോക്താവുമായിരുന്ന കര്‍പൂരി ഠാക്കൂറിനെ യഥോചിതം ആദരിക്കണമെന്നോ, ജീവിതകാലത്ത് ആ മഹാത്മാവ് മുന്നോട്ടുവച്ച ആശയങ്ങള്‍ കൂടുതല്‍ ഫലപ്രാപ്തിയിലെത്തിക്കണമെന്നോ ഇവര്‍ക്കാര്‍ക്കും തോന്നിയില്ല, താല്‍പ്പര്യവുമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന തന്നെ നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമാകുന്നത്. ജീവിച്ചിരുന്ന കാലത്ത് കര്‍പൂരി ഠാക്കൂറിനെ അംഗീകരിക്കാതിരിക്കുകയും എതിര്‍ക്കുകയും ചെയ്ത ചില രാഷ്ട്രീയ ശക്തികള്‍ ജാതി സെന്‍സസിന്റെയും മറ്റും പേരില്‍ സമൂഹത്തെ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോഴാണ് പിന്നാക്ക സമുദായങ്ങളുടെ പടനായകനെ മോദി സര്‍ക്കാര്‍ പരമോന്നത ബഹുമതി നല്കി ആദരിക്കുന്നത്. ഇതുവരെ നാല്പ്പത്തിയെട്ടുപേര്ക്കാണ് ഭാരതരത്ന നല്‍കിയത്. പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഒരാളുപോലും ഇവരിലില്ല എന്നത് സ്വാഭാവികമായി കരുതാനാവില്ല. നാല്പ്പത്തിയൊന്പതാമത്തെയാളായി ഒരു പിന്നാക്കവിഭാഗക്കാരന് ഈ ബഹുമതി നല്കാന് ബിജെപിയും നരേന്ദ്ര മോദിയും വേണ്ടിവന്നു എന്നത് പലരുടെയും കണ്ണുതുറപ്പിക്കാന്‍ പോന്നതാണ്. എസ്സി-എസ്ടി-പിന്നാക്ക സംവരണം നീട്ടാനുള്ള തീരുമാനമെടുത്തതും മോദി സര്‍ക്കാരാണ്. പിന്നാക്ക വിഭാഗങ്ങളുടെ മാത്രമല്ല മുഴുവന്‍ സമൂഹത്തിന്റെയും അന്തസ്സുയര്‍ത്തുന്ന ഒന്നാണ് കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: