കൊച്ചി: കൊല്ലം പരവൂര്‍ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കുറിച്ച് അവരുടെ തന്നെ ഓഡിയോയും പരാതിയും പുറത്ത് വന്നത് ഗൗരവതരമാണെന്ന് ലീഗല്‍ സെല്‍ ചൂണ്ടിക്കാട്ടി.
എപിപിയുടെ മേലധികാരിയായ കൊല്ലം ഡിഡിപി പരസ്യമായി അപമാനിച്ചതായി അവര്‍ ശബ്ദസന്ദേശത്തില്‍ പരാതി പറയുന്നു. അവര്‍ക്കുണ്ടായ മാനസിക സംഘര്‍ഷവും സമ്മര്‍ദ്ദവും അവര്‍ നേരിട്ട അപമാനവും ആണ് ആത്മഹത്യക്ക് കാരണമായി തീര്‍ന്നത്. അവിടെ ശബ്ദ സന്ദേശങ്ങള്‍ മരണമൊഴിയായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കോടതിയില്‍ ഇരയ്‌ക്ക് നീതി നേടിക്കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട പ്രോസിക്യൂട്ടര്‍ക്ക് തന്നെ തന്റെ മേലധികാരിയായ പ്രോസിക്യൂട്ടറില്‍ നിന്ന് വലിയ മാനസിക പീഡനം ഉണ്ടായത് ചെറുതായി കാണാനാവില്ല.
സംഭവത്തില്‍ കൊല്ലം ജില്ലയിലെ അഭിഭാഷകര്‍ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ലീഗല്‍ സെല്‍ പിന്തുണ നല്കും. വനിതാ എപിപിയുടെ മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജോലിയിലിരിക്കുന്നവരാണ്. ഇവരെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തി സുതാര്യമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
സിബിഐ അന്വേഷിക്കണം: ബിജെപി
കൊല്ലം: തൊഴിലിടത്തെ അവഗണനയും പരിഹാസവും ഭീഷണിയും മുലം ജീവനൊടുക്കിയ പരവൂര്‍ കോടതിയിലെ എപിപി പി അനീഷ്യയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമ ആവശ്യപ്പെട്ടു.
ഏറെ നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. തൊഴിലിടത്ത് നിന്ന് ലഭിച്ച ക്രൂരമായ മാനസിക പീഡനവും പരിഹാസവും നിസ്സഹകരണവുമാണ് മരണത്തിലേക്ക് എത്തിച്ചത്. സത്യവും നീതിയും നടപ്പാക്കുന്ന കോടതിയില്‍ ജോലി ചെയ്ത ആദര്‍ശശുദ്ധിയുള്ള ഒരുദ്യോഗസ്ഥയ്‌ക്ക് നേരിട്ട കൊടിയ പീഡനം അന്‍പത് പേജുകളിലായി കുറിച്ച ശേഷം ജീവനൊടുക്കേണ്ടി വന്ന ദുരവസ്ഥ കേരളത്തിലെ തൊഴിലിടങ്ങളിലെ അടിമപ്പെടുത്തലിന്റെ ഒടുവിലത്തെ സംഭവമാണ്.
ഉത്തരവാദപ്പെട്ട സര്‍ക്കാരുദ്യോഗസ്ഥന്റെ അക്ഷന്തവ്യമായ തെറ്റാണ് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പേര്‍ട്ട് പരസ്യമാക്കിയത്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയായ മേലുദ്യോഗസ്ഥന്‍ നേരിട്ട് ഭീഷണിപ്പെടുത്തി എന്നത് സിപിഎം ഭരണ സംവിധാനത്തിന്റെ തണലില്‍ സമസ്ത മേഖലയിലും നടക്കുന്ന അടിച്ചമര്‍ത്തലിന്റെയും ഭീഷണിയുടെയും നേര്‍ചിത്രമാണ്.
പോലീസിന്റെ കൈവശമുള്ള ആത്മഹത്യാക്കുറിപ്പിലെ ആരോപണ വിധേയര്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താത്പര്യക്കാരായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏത് ഏജസി അന്വേഷിച്ചാലും കുറ്റവാളികളെ കണ്ടെത്തില്ല. ഈ നീതികേടിനെതിരെ സിബിഐ അന്വേഷണം ആവശ്യമാണ്. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ.് പ്രശാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: