റാഞ്ചി: പാരിസ് ഒളിംപിക്സില്‍ യോഗ്യത നേടാനുള്ള അവസരം നഷ്ടപ്പെടുത്തി ഭാരത വനിതാ ഹോക്കി ടീം. നിര്‍ണായക പോരാട്ടത്തില്‍ ജപ്പാനോട് ഏകപക്ഷീയമായ ഒരു ഗോളിന് ടീം പരാജയപ്പെട്ടു. 2016 റിയോ ഡി ജനീറോ ഒളിംപിക്സിന് ശേഷം ആദ്യമായാണ് ഭാരത വനിതാ ഹോക്കി ടീമിന് യോഗ്യത നേടാനാകാതെ വരുന്നത്.
എഫ്ഐഎച്ച് വനിതാ ഹോക്കി ഒളിംപിക്സ് യോഗ്യതാ മത്സരത്തിലെ മൂന്നാം സ്ഥാന പ്ലേഓഫ് മത്സരത്തിലാണ് ഭാരതം ജപ്പാനോട് ഇന്നലെ പരാജയപ്പെട്ടത്. മൂന്ന് മാസം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ ജപ്പാനെ ഹാങ്ചൊയില് വച്ച് 4-0ന് തോല്‍പ്പിച്ച പെണ്‍പടയാണ് ഇന്നലെ സ്വന്തം നാട്ടില്‍ മറുപടിയില്ലാതെ കീഴടങ്ങിയത്. അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല. തുടക്കം മുതലേ ഗോള്‍ ശ്രമം തുടങ്ങിയ ജപ്പാന്‍കാരികള്‍ ആറാം മിനിറ്റില്‍ തന്നെ വിജയഗോളടിച്ചു. കനാ ഉറാറ്റാ ആണ് ജപ്പാന് വേണ്ടി സ്കോര്‍ ചെയ്തത്. അതിന് മുമ്പേ നടത്തിയ ഗോള്‍ ശ്രമം ഭാരത ഗോള്‍കീപ്പര്‍ സവിത രക്ഷിച്ചതാണ്.
ഒരു ഗോള്‍ വഴങ്ങിയ ശേഷം ഭാരത താരങ്ങള്‍ ഉണര്‍ന്നുകളിച്ചു. പക്ഷെ പഴുതടച്ച പ്രതിരോധത്തിലൂടെയും അതിലും മികച്ച ഗോള്‍ കീപ്പിങ്ങിലൂടെയും എതിരാളികള്‍ സ്വന്തം നില ഭദ്രമാക്കിക്കൊണ്ടിരുന്നു. അവസാന മിനിറ്റ് വരെ ഭാരത വനിതകള്‍ പൊരുതിയെങ്കിലും ഒരു ഗോള്‍ പോലും കണ്ടെക്കാനാകാതെ മത്സരവും ഒളിംപിക്സ് യോഗ്യതാ മോഹവും അവസാനിപ്പിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: