മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ തായ്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കീഴിലെ കേന്ദ്ര കമ്പനി കാര്യ ഡയറക്ടര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ഉറപ്പാണ്. എക്സാലോജിക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ബെംഗളൂരുവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനി പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന എക്സാലോജിക്കുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ എന്ന കരിമണല്‍ കമ്പനിയും, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനും പണമിടപാടുകള്‍ നടത്തിയിരുന്നു. സിഎംആര്‍എല്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലിയായും മാസപ്പടിയിനത്തിലും കോടിക്കണക്കിന് രൂപ നല്‍കിയെന്നും, ഐടിയുമായി ബന്ധപ്പെട്ട സേവനമൊന്നും നല്‍കാതെ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി തുക കൈപ്പറ്റിയെന്നും ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിനോടും കെഎസ്ഐഡിസിയോടും വിശദീകരണം ചോദിച്ചെങ്കിലും അവ്യക്തതയും ദുരൂഹതകളും അവശേഷിച്ചു. കെഎസ്ഐഡിസി വിശദീകരണം പോലും നല്കുകയുണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് മൂന്നു കമ്പനികളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സ്ഥിതിക്ക് ഇങ്ങനെയൊരു അന്വേഷണം ജനങ്ങള്‍ പ്രതീക്ഷിച്ചതാണ്. അത് നിയമപരവുമാണ്.
നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും വരും. സ്വഭാവികമായും ഇത് മുഖ്യമന്ത്രിയും മറ്റുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകളിലേക്കും നീളും. ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്ക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെ നാരീശക്തി സംഗമത്തില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞത് ആരും മറന്നിട്ടില്ല. അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതോടെ സര്‍ക്കാരിലും സിപിഎമ്മിലും പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടും. വിശദീകരണം തേടുകയോ, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയോ ചെയ്താല്‍ മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ടി വരും. ഇങ്ങനെ ഒരു അനിവാര്യത സിപിഎം നേതാക്കള്‍തന്നെ മുന്നില്‍ കാണുന്നുണ്ട്. മുന്‍കാലത്തേതുപോലെ പിണറായിയെ ന്യായീകരിക്കാനും പ്രതിരോധിക്കാനും അവര്‍ തയ്യാറാവാത്തത് ഇതുകൊണ്ടാണ്. വ്യക്തികള്‍ക്കെതിരായ ആരോപണത്തിലും അന്വേഷണത്തിലും പാര്‍ട്ടിക്ക് പേടിക്കാനൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറയുന്നതിന്റെ കാരണവും ഇതാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വരുത്താനുള്ള നീക്കമാണിത്. അന്വേഷണത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെപ്പോലുള്ളവര്‍ രംഗത്തുവരുന്നത് ദേശീയതലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമുള്ളതുകൊണ്ടാണ്. സോണിയയ്ക്കും രാഹുലിനുമെതിരായ അന്വേഷണത്തെ ഞങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ടല്ലോ എന്നാണ് ഇ.പി. ജയരാജന് ചോദിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ പരസ്പരധാരണ വേണമെന്നാണ് ഈ പറയുന്നതിനര്‍ത്ഥം.
മുഖ്യമന്ത്രിയുടെ മകളെന്ന നിലയ്ക്കാണ് വീണ സ്വകാര്യ കരിമണല്‍ കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയതെന്നും, പണം കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ പിണറായി വിജയനുമുണ്ടെന്നും ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലുണ്ട്. പിവി എന്ന ചുരുക്കപ്പേരിലാണ് കമ്പനിയുടെ രേഖയില്‍ പിണറായിയുടെ പേരുള്ളത്. സംഭാവനയെന്ന പേരിലാണ് ഈ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയിട്ടുള്ളതെന്ന് മറ്റ് പല രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാല്‍ പിവി, പിണറായി വിജയന് ആണെന്നതിന് തെളിവില്ലല്ലോ എന്നായിരുന്നു പിണറായിയുടെ വൈകിയുള്ള മറുപടി. താന്‍ പണം കൈപ്പറ്റിയെന്നു സമ്മതിച്ചാല്‍ മകളും കുടങ്ങുമെന്ന ഭയമാണ് പിണറായിക്ക്. നിയമസഭയില്‍ മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ വസ്തുനിഷ്ഠമായി മറുപടി പറയാതെ പൊട്ടിത്തെറിക്കുകയും, വൈകാരികമായ അന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാനുമാണ് പിണറായി ശ്രമിച്ചത്. ഇപ്പോള്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ചില നേതാക്കളെ രംഗത്തിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്. കേന്ദ്രത്തിന്റെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന പഴകിത്തേഞ്ഞ ആരോപണം ആവര്‍ത്തിക്കുന്നുമുണ്ട്. ഇ.പി. ജയരാജനെയും മുഹമ്മദ് റിയാസിനെയും പോലുള്ള നേതാക്കള്‍ വിചാരിച്ചാല്‍ ഇപ്പോഴത്തെ കുരുക്കില്‍നിന്ന് മുഖ്യമന്ത്രിയെയും കുടുംബത്തെയും രക്ഷപ്പെടുത്താനാവില്ല. എ.കെ.ബാലനെപ്പോലെ മുഖ്യമന്ത്രിക്കുവേണ്ടി ലജ്ജയില്ലാതെ വാദിച്ചിരുന്നവര്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: