രാപ്പാള്‍ ഉണ്ണിക്കണ്ണന് ‘ദദ്ധ്യന്നം’
തൃശൂര്‍ പുതുക്കാടിനടുത്ത് കുറുമാലിപ്പുഴയുടെ തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ധനുമാസം ഒന്നു മുതല്‍ 30 ദിവസം നടന്നുവരുന്ന അപൂര്‍വ്വ നിവേദ്യവഴിപാടാണ് ദദ്ധ്യന്നം. ദധിയും അന്നവും ചേര്‍ന്ന ഈ നിവേദ്യം ഭഗവാന് കൃഷ്ണന് ഏറെ പ്രിയതരമാണ്.സൂര്യോദയത്തിനുമുമ്പാണ് ദേവന് ദദ്ധ്യന്നം നിവേദിക്കുക. ഉണക്കലരി, തൈര്, ഉപ്പ്, ഉപ്പുമാങ്ങ, പച്ചക്കുരുമുളക്, ഇഞ്ചി എന്നിവചേര്‍ത്താണ് ഈ അത്യപൂര്‍വ്വ നിവേദ്യം ഉണ്ടാക്കുന്നത്. ഇക്കുറി ധനുമാസം 29 ദിവസമേ ഉള്ളൂ എന്നതിനാല്‍ മകരം 1 നുകൂടി ദദ്ധ്യന്നം ഉണ്ടാകും. മഹാഭാരതയുദ്ധം നടന്നത് മലയാള കാലഗണന അനുസരിച്ച് ധനു 1 മുതല്‍ 18 ദിവസമായിരുന്നു എന്നാണ് സങ്കല്‍പ്പം. മഹാഭാരതയുദ്ധത്തിന് പുറപ്പെടുന്ന കൃഷ്ണനും പരിവാരത്തിനും പാഞ്ചാലി, പാചകം ചെയ്തുകൊടുത്ത ഭക്ഷണമായിരുന്നു ദദ്ധ്യന്നം. ദദ്ധ്യന്നം സേവിച്ച് പാര്‍ത്ഥസാരഥിയായി യുദ്ധത്തിനു പുറപ്പെട്ട കൃഷ്ണന് പാണ്ഡവരുടെ വിജയം സുനിശ്ചിതമാക്കാന്‍ സാധിച്ചു.
ക്ഷേത്രമതില്‍ക്കകത്തുവച്ച് കുട്ടികള്‍ക്ക് ഈ നിവേദ്യം നല്‍കുന്നത് ഭഗവാന് ഏറെ സന്തോഷമാണ്. ധനുമാസം 1 മുതല്‍ ഇവിടെ നടപ്പുരയില്‍ കുട്ടികള്‍ക്ക് നിലവിളക്കുകൊളുത്തിവച്ച് ഇലയിട്ട് ദദ്ധ്യന്നം വിളമ്പിവരുന്നു. ബുദ്ധിക്കും ഉദരത്തിനും ഉത്തമമായ ഈ നിവേദ്യം സന്താനലബ്ധിക്കും ഏറെ വിശേഷമാണ്. പട്ടുകോണകമുടുത്ത് കിങ്ങിണിയും കിരീടവും ധരിച്ച് മാലയണിഞ്ഞ് രണ്ടുകയ്യിലും വെണ്ണയുമായി ഓടാനായി കാല്മടക്കിപ്പിടിച്ചു നില്ക്കുന്ന ഉണ്ണിക്കണ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.
ക്ഷേത്രമതില്‍ക്കെട്ടിനകത്ത് കുട്ടികളെ ആരെങ്കിലും ശാസിക്കുന്നതോ ശകാരിക്കുന്നതോ ഇവിടത്തെ ദേവന് ഇഷ്ടമല്ല. ഏറെ ശ്രദ്ധിച്ചാണ് ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തി പ്രദക്ഷിണം ചെയ്യുക. ക്ഷേത്രത്തിലെത്തുന്ന കുട്ടികള്‍ക്ക് നടപ്പുരയിലോ ഊട്ടുപുരയിലോ ഇലയിട്ട് ദദ്ധ്യന്നം നല്‍കുന്നത് പതിവാണ്. കുട്ടികള്‍ക്ക് കുസൃതിക്കായി കുന്നിക്കുരുവാരിയിടുന്നതും ഇവിടെ സവിശേഷമാണ്. ഓരോ 6 വര്‍ഷം കൂടുമ്പോഴും ഓത്തൂട്ട് നടക്കുന്ന കേരളത്തിലെ അപൂര്‍വ്വക്ഷേത്രം കൂടിയാണ് രാപ്പാള്‍ ശ്രീകൃഷ്ണപുരം. പന്തല്മന, പറപ്പൂക്കരമന, നന്തിക്കര നടുവം, രാപ്പാള്‍ നടുവം, കിഴക്കിനിയേടം എന്നീ ഇല്ലക്കാരാണ് രാപ്പാള്‍ ക്ഷേത്രത്തിന്റെ ഊരാളന്മാര്.
രാപ്പാള്‍ ക്ഷേത്രവുമായി ബന്ധപ്പെടാന്‍: ഫോണ്‍: 9656360155
പ്രതികരിക്കാൻ ഇവിടെ എഴുതുക: