ഭുവനേശ്വര്‍: പുതുതലമുറ ആകാശ് മിസൈല്‍ (ആകാശ്-എന്‍ജി) വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ. ഒഡീഷയിലെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍)നിന്നായിരുന്നു പരീക്ഷണം.
ഐടിആറില്‍ നിന്നുള്ള റഡാറുകള്‍, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിങ് സിസ്റ്റം എന്നിവയില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് മിസൈല്‍ സംവിധാനത്തിന്റെ ശേഷിയും പരിശോധിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെയും (ഡിആര്‍ഡിഒ) വ്യോമസേന, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎല്‍), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍) ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു മിസൈല്‍ പരീക്ഷണം.
മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് ഡിആര്‍ഡിഒ, വ്യോമസേന, ബിഡിഎല്‍, ബിഇഎല്‍ എന്നിവര്‍ക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദനങ്ങള്‍ അറിയിച്ചു. മിസൈലിന്റെ വിജയകരമായ പരീക്ഷണം രാജ്യത്തിന്റെ വ്യോമ പ്രതിരോധശേഷി കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിആര്‍ഡിഒ ചെയര്‍മാന്‍ സാമിര്‍ വി. കാമത്തും മിസൈല്‍ പരീക്ഷണം വിജയമായതില്‍ അഭിനന്ദിച്ചു.
ഡിആര്‍ഡിഒ ആണ് പുതുതലമുറ ആകാശ് മിസൈല്‍ രൂപകല്പന ചെയ്തത്. ഇതിന് താഴ്ന്ന ഉയരത്തില്‍ പറക്കാന്‍ കഴിയും. കൂടുതല്‍ ഉയരത്തില്‍ പറത്തുന്ന മിസൈലുകള്‍ എളുപ്പത്തില്‍ റഡാറില്‍ ദൃശ്യമാകുന്നതിനാലാണ് പുതുതലമുറ മിസൈലുകള്‍ കൂടി സൈന്യത്തിന്റെ ഭാഗമാക്കുന്നത്.
ഭാരതത്തിന്റെ ഭാഗത്തേക്ക് വരുന്ന കപ്പലുകള്‍ക്ക് ചെങ്കടലില്‍ വച്ചുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ മിസൈലിന്റെ പരീക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: