ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള ദുഷ് പ്രചാരണങ്ങള്‍ക്കെതിരേ ശങ്കരാചാര്യന്മാര്. ശൃംഗേരി, ദ്വാരക ശങ്കരാചാര്യ മഠാധിപതികളാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങള്‍ക്കെതിരേ പ്രസ്താവനയിറക്കിയത്.
പ്രാണപ്രതിഷ്ഠ അഞ്ഞൂറു വര്‍ഷത്തെ കാത്തിരിപ്പിന്റെ മുഹൂര്‍ത്തമാണെന്നും സമൂഹം ഇത് ആഘോഷമാക്കണമെന്നും രണ്ടു ശങ്കരാചാര്യന്മാരും നിര്‍ദേശിച്ചു.
പ്രാണപ്രതിഷ്ഠയ്ക്കെതിരാണ് ശൃംഗേരി ശങ്കരാചാര്യ സ്വാമി ഭാരതീ തീര്‍ത്ഥയെന്ന പ്രചാരണം തെറ്റാണെന്നും ചടങ്ങ് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും ശൃംഗേരി മഠം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിര്‍മിച്ച മനോഹരമായ രാമക്ഷേത്രത്തിന്റെ പുണ്യമായ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമാകാന്‍ എല്ലാവരും തയാറാകണം. പരിപാവനമായ ചടങ്ങുകളോടെ ഭഗവാന് രാമന് ജന്മഭൂമിയിലേക്കു തിരികെയെത്തുകയാണ്. എല്ലാ അനുഗ്രഹങ്ങളും നേരുന്നതായും ശൃംഗേരി ശങ്കരാചാര്യ ഭാരതീ തീര്‍ത്ഥ അറിയിച്ചു.
ദൈനിക് ജാഗരണ്‍ പത്രത്തിന്റെ വെബ്സൈറ്റിലൂടെ ശൃംഗേരി മഠാധിപതിയുടെ ചിത്രം സഹിതം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതായും മഠം കുറ്റപ്പെടുത്തി. പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ ശങ്കാരാചാര്യര്‍ അസംതൃപ്തി പ്രകടിപ്പിച്ചെന്ന വാര്‍ത്ത കളവാണെന്നും അത്തരത്തിലുള്ള പ്രസ്താവനകള്‍ മഠം പുറപ്പെടുവിച്ചിട്ടില്ലെന്നും ശൃംഗേരി മഠം വ്യക്തമാക്കി. ഹിന്ദുമതത്തിനെതിരായ വ്യാജ പ്രചാരണങ്ങളാണ് ഇവയെന്നും മഠം വിശദീകരിച്ചു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കെതിരേ പ്രസ്താവനകളൊന്നുമിറക്കിയിട്ടില്ലെന്ന് ദ്വാരക മഠത്തിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും ദ്വാരക ശാരദാപീഠം മഠാധിപതി സ്വാമി സദാനന്ദ സരസ്വതി അറിയിച്ചു. രാമജന്മഭൂമിയുടെ വീണ്ടെടുപ്പിനായി രാമക്ഷേത്ര പുനരുദ്ധാരണ സമിതിക്കൊപ്പം യോജിച്ചു പ്രവര്‍ത്തിച്ചയാളാണ് മഠാധിപതിയെന്നും അഞ്ഞൂറു വര്‍ഷത്തെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമുണ്ടാകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. സനാതന ധര്‍മ വിശ്വാസികള്‍ക്ക് ആഘോഷ വേളയാണിത്. വേദ-ശാസ്ത്രങ്ങള്‍ക്കനുസൃതമായി പ്രാണപ്രതിഷ്ഠ നടക്കട്ടെന്നും സ്വാമി സദാനന്ദ സരസ്വതി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരാണെന്ന് പ്രചരിപ്പിക്കേണ്ടതില്ലെന്ന് ജ്യോതിര്‍മഠിലെ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി പ്രതികരിച്ചു. നരേന്ദ്ര മോദി രാമവിഗ്രഹത്തില്‍ കൈ കൊണ്ടു സ്പര്‍ശിക്കുന്നത് കണ്ടുനില്ക്കാന് തന്നെ കിട്ടില്ലെന്ന പുരി ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ പ്രതികരണത്തിന് പിന്നാലെയാണ് നാലു ശങ്കരാചാര്യന്മാരും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്ക്കെതിരാണെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.
കാഞ്ചി കാമകോടി മഠത്തിന്റെ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തീയതിയും മുഹൂര്‍ത്തവും നിശ്ചയിക്കാന്‍ വാരാണസിയില്‍ നിന്ന് വേദ പണ്ഡിതരെയും മറ്റും അയോദ്ധ്യയിലേക്കയച്ച് ക്ഷേത്ര ട്രസ്റ്റിനെ സഹായിച്ചത്. രാജ്യത്തെ സംന്യാസി പരമ്പരകളുടെ മുഴുവന്‍ പ്രതിനിധികളും പ്രാണപ്രതിഷ്ഠയ്ക്ക് എത്തുന്നതിനിടെയാണ് ശങ്കരാചാര്യന്മാരുടെ പേരില്‍ വ്യാജ പ്രചാരണം ശക്തമായത്. കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കമിട്ട പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: