Categories: Business

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുത്തനെ ഉയര്‍ന്നു; 620 ബില്യണ്‍ ഡോളറായെന്ന് റിസര്‍വ്വ് ബാങ്ക്; 21 മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍

Published by

ന്യൂദൽഹി: സാമ്പത്തിക രംഗത്ത് ആശ്വാസമായി ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം കുത്തനെ ഉയരുന്നതായി റിസര്‍വ്വ് ബാങ്ക്. 2023 ഡിസംബർ 22ലെ കണക്കുപ്രകാരം ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം 4.471 ബില്യൺ ഡോളർ വർദ്ധിച്ച് 620.441 ബില്യൺ ഡോളറിലെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

2023ൽ മാത്രം വിദേശനാണ്യ ശേഖരത്തിലേക്ക് 58 ബില്യൺ ഡോളർ എത്തിയതായി ആർബിഐ അറിയിച്ചു.
വിദേശനാണ്യ ശേഖരത്തിൽ ഏറ്റവും സുപ്രധാന ഘടകമായ എഫ്‌സിഎ (വിദേശ കറൻസി സ്വത്തുക്കൾ) 4.698 ബില്യൺ ഡോളർ വർദ്ധിച്ചിരുന്നു. ഇക്കാര്യം ആർബിഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്വർണ ശേഖരത്തിന്റെ വളർച്ചയിൽ മുൻ ആഴ്ചയേക്കാൾ താരതമ്യേന കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദേശനാണ്യ കരുതൽ ശേഖരം എന്നാൽ രാജ്യം കൈവശം വെച്ചിരിക്കുന്ന വിദേശനാണ്യത്തിലുള്ള സ്വത്തുക്കളാണ്. യുഎസ് ഡോളർ മുതൽ യൂറോ, ജപ്പാനീസ് യെൻ, പൗണ്ട് എന്നീ റിസർവ് കറൻസികളാണ് ഇതിൽ ഭൂരിഭാഗവും. റിസര്‍വ്വ് ബാങ്കിനാണ് ചുമതല. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ വിദേശനാണ്യം ഉപയോഗിച്ചാണ് ഡോളര്‍-രൂപ വിനിമയനിരക്ക് കുറയ്‌ക്കുന്നത്.

2021 ഒക്ടോബറിലാണ് ഇന്ത്യയുടെ വിദേശനാണ്യശേഖരം ഈയിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്- 645 ബില്ല്യണ്‍ ഡോളറില്‍. ഈയിടെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് വിദേശനാണ്യം ചെലവഴിച്ചതാണ് ഇന്ത്യയുടെ വിദേശനാണ്യശേഖരം ദുര്‍ബലമായത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക