ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 147-ാമത് ജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പെരുന്നയില്‍ അവസാനഘട്ടത്തില്‍. എന്‍എസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയില്‍ ആധുനിക രീതിയില്‍ തയാറാക്കിയിരിക്കുന്ന പടുകൂറ്റന്‍ പന്തലില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് മന്നം ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത്.
30,000 ആളുകള്‍ക്ക് ഇരിക്കാവുന്ന പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. മോടിപിടിപ്പിക്കല്‍ ജോലികളും പ്രവേശനകവാടത്തിന്റെയും പ്രധാന വേദിയുടെയും പണികളും അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കരയോഗ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസിക്കുന്നതിനായി എന്‍എസ്എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് വനിതാ ഹോസ്റ്റലിലും താമസസൗകര്യമുണ്ട്.
എന്‍എസ്എസ് ഹിന്ദു കോളജ് മൈതാനത്ത് ഊട്ടുപുരയും തയാറാക്കിയിട്ടുണ്ട്. എന്‍എസ്എസ് ആസ്ഥാനവും മന്നം സമാധിയും പ്രധാനകവാടവും ചായംപൂശി മോടിയാക്കി സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി. ജനുവരി ഒന്നിനു രാവിലെ 6.30 മുതല്‍ ഭക്തിഗാനാലാപനം, ഏഴ് മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.15ന് അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷനാകും. ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങളും അവതരിപ്പിക്കും. സംഘടനാവിഭാഗം മേധാവി വി.വി. ശശിധരന്‍നായര്‍ പ്രസംഗിക്കും. വൈകിട്ട് മൂന്നിന് ബാംഗ്ലൂര്‍ ബ്രദേഴ്സ് അവതരിപ്പിക്കുന്ന സംഗീതസദസ്. 6.30ന് നടി രചന നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം. രാത്രി 9ന് കഥകളി.
രണ്ടിന് രാവിലെ മുതല്‍ ഭക്തിഗാനാലാപനം, ഏഴ് മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. എട്ടിന് വെട്ടിക്കവല കെ.എന്‍. ശശികുമാറിന്റെ നാഗസ്വരക്കച്ചേരി, 10.30ന് ജയന്തി സമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45ന് ജയന്തിസമ്മേളനം മുന്‍ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യഅക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അനുസ്മരണപ്രഭാഷണം നടത്തും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, ട്രഷറര്‍ എന്‍.വി.അയ്യപ്പന്‍പിള്ള എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: