തിരുവനന്തപുരം : കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് റദ്ദാക്കിയ നാല് ദീര്‍ഘകാല വൈദ്യുതിക്കരാറുകള്‍ പുനസ്ഥാപിക്കാന്‍ തീരുമാനം. കരാര്‍ നടപടികള്‍ വീഴ്ചയുണ്ടായതിന്റെ പേരില്‍ റദ്ദാക്കിയിട്ടുള്ള കരാറുകളാണിപ്പോള് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന വൈദ്യുതി കരാറുകളാണ് ഇപ്പോള്‍ വീണ്ടും പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിച്ചുകൊണ്ടിരിക്കുന്ന കരാറുകള്‍ പുനസ്ഥാപിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് റെഗുലേറ്ററി കമ്മിഷനാണ് ഉത്തരവിറക്കിയത്. മൂന്ന് കമ്പനികളുമായി 25 വര്‍ഷത്തേയ്ക്ക് 465 മെഗാവാട്ടിന്റെ നാല് കരാറുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞമാസങ്ങളില്‍ 20 കോടി രൂപവരെ ദിവസം നല്‍കിയാണ് കേരളം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയത്. ഈ സാഹചര്യത്തില്‍ വൈദ്യുതിബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയത്.
ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറുകളെന്ന് ചൂണ്ടിക്കാട്ടിയാണ് മുമ്പ് ഈ കരാറുകള്‍ റദ്ദാക്കിയിരുന്നത്. പകരം വൈദ്യുതിവാങ്ങാന്‍ ശ്രമിച്ചെങ്കിലും സ്വകാര്യ കമ്പനികള്‍ വലിയവിലയാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് പഴയ കരാര്‍ തന്നെ മതിയെന്ന് തീരുമാനത്തിലെത്തിയത്. എത്രയും വേഗം വൈദ്യുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികള്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്നറിയിക്കാന് കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്നുകമ്പനികളില്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് 150 മെഗാവാട്ട് വൈദ്യുതി നല്കാന് തയ്യാറാണെന്ന് തെളിവെടുപ്പുവേളയില്‍ കമ്മിഷനെ അറിയിച്ചിരുന്നു. എന്നാല്‍ 100 മെഗാവാട്ടിന്റെ കരാറുണ്ടായിരുന്ന ജിന്‍ഡാല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ ലിമിറ്റഡ് വൈദ്യുതി നല്‍കാനാകില്ലെന്നും അറിയിച്ചു. എന്‍ടിപിസിക്ക് കീഴിലുള്ള ജാബ്വ പവര്‍ ലിമിറ്റഡ് രണ്ടുകരാറുകളിലൂടെയുള്ള 215 മെഗാവാട്ടിന്റെ വൈദ്യുതി നല്കാന് തടസ്സമുന്നയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെട്ടാല്‍ അവര്‍ വൈദ്യുതി നല്കാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: