ന്യൂദല്‍ഹി: ബീഹാറില്‍ രാഷ്ട്രീയത്തിലെ അഴിമതി വീരനായ ലാലുപ്രസാദ് യാദവും മകന് തേജസ്വി യാദവും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുകഴിഞ്ഞു.വെള്ളിയാഴ്ച നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ ദേശീയ പ്രസിഡന്റ് ലാലന് സിങ്ങ് രാജിവെച്ചതിന് പിന്നിലെ ഗൂഢാലോചനയും പുറത്തായിരിക്കുകയാണ്.
ഒരു കാലത്ത് ലാലുപ്രസാദ് യാദവും മകനും ലാലുവിന്റെ ഭാര്യ റബ്രിദേവിയും ചേര്‍ന്ന് നടത്തിയ രഹസ്യനീക്കങ്ങളുടെ ഫലമായാണ് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് ലാലുപ്രസാദ് യാദവിലേക്ക് ചാഞ്ഞത്. വലിയ വഞ്ചനയാണ് നിതീഷ് കുമാര്‍ ചെയ്തത്. പക്ഷെ അതിന് നിതീഷിനെ പ്രേരിപ്പിച്ചത് റാബ്രി ദേവിയുടെ കണ്ണീരും തേജസ്വിയുടെയും ലാലുവിന്റെയും അപേക്ഷയുമായിരുന്നു. ലാലു കുടുംബത്തിന്റെ വികാരപ്രകടനത്തില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ വീണുപോവുകയായിരുന്നു നിതീഷ് കുമാര്‍.
എന്നാല്‍ ഇപ്പോള്‍ ലാലുപ്രസാദ് യാദവും മകനും ലാലന് സിങ്ങും ചേര്‍ന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ഗൂഢാലോചന നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലാലുപ്രസാദ് യാദവും ലാലന് സിങ്ങും വിമാനത്തില്‍വെച്ച് കണ്ട് ഗൂഡാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഈകൂടിക്കാഴ്ചയ്ക്ക് രണ്ട് ദിവസം മുന്‍പേ ലാലന്‍സിങ്ങ് 12 ജെഡിയു എംഎല്‍എമാരുമായി രഹസ്യയോഗം ചേര്‍ന്നതായി പറയുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ലാലന്‍സിങ്ങ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അത് നിതീഷ് കുമാര്‍ സമ്മതിച്ചിരുന്നില്ല. സഹികെട്ട് ഏറ്റവുമൊടുവില്‍ നിതീഷ് കുമാറിനെ ഭരണത്തില്‍ നിന്നു തന്നെ തൂത്തെറിയാനാണ് ലാലുവും തേജസ്വിയും ലാലന്‍സിങ്ങും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.
ആകെ 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയ്ക്ക് 79 സീറ്റുകളുണ്ട്. കോണ്‍ഗ്രസ് (19) സിപിഐ-എംഎല് (12), .സിപിഎം (2), സിപിഐ (2), സ്വതന്ത്രന് (1) എന്നിങ്ങനെയാണ് സീറ്റുനിലകള്‍.ഇത് എല്ലാം കൂട്ടിയാല്‍ 114 സീറ്റുകളാണ്. 45 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിനുള്ളത്. ഇനി ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാല് തേജസ്വിയ്ക്ക് മുഖ്യമന്ത്രിയാകാം. അതാണ് ലാലന് സിങ്ങ് ജെഡിയുവിന്റെ 12 എംഎല്‍എമാരെ കൂടെ കൂട്ടിയത്.
വെള്ളിയാഴ്ച രാജിവെച്ച ഉടന്‍ ഈ 12 ജെഡിയു എംഎല്‍എമാരെ ലാലുപ്രസാദ് യാദവിന്റെ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു ലാലന് സിങ്ങിന്റെ ലക്ഷ്യം. ഇതിന് പ്രത്യുപകാരമായി ലാലന് സിങ്ങിന് രാജ്യസഭാ എംപി പദവി നല്‍കാമെന്നതാണ് ലാലുപ്രസാദ് നല്‍കിയിരിക്കുന്ന വാഗ്ദാനം.
എന്നാല്‍, ലാലന് സിങ്ങുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയ 12 എംഎല്‍എമാരില്‍ ഒരാള്‍ ഈ വാര്‍ത്ത നിതീഷ് കുമാറിന് ചോര്‍ത്തിക്കൊടുത്തു. ഇതോടെയാണ് നിതീഷ് കുമാര്‍ തന്റെ മുഖ്യമന്ത്രിക്കസേര ഏത് വിധേനയും സംരക്ഷിക്കാന്‍ ഓപ്പറേഷന് ലാലന് എന്ന പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. അതാണ് വെള്ളിയാഴ്ച ലാലന് സിങ്ങിന്റെ രാജിയിലും ജെഡിയുവിന്റെ ദേശീയ പ്രസിഡന്റ് പദവി നിതീഷ് കുമാര്‍ തന്നെ ഏറ്റെടുക്കുന്നതിലേക്കും നയിച്ചത്.
എന്തായിരിക്കും ലാലന് സിങ്ങിന്റെ അടുത്ത കരുനീക്കം എന്നതിന് കാതോര്‍ത്തിരിക്കുകയാണ് ബീഹാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: