മധുരയായിരുന്നു വിജയകാന്തിന്റെ ജന്മനാട്. സിനിമ സ്വപ്നം കണ്ടിരുന്ന കാലത്ത് വിജയകാന്ത് പലപ്പോഴും ട്രെയിൻ കയറി തിരുവനന്തപുരത്തെത്തി മടങ്ങിപ്പോകാറുണ്ടായിരുന്നു. തിരുവനന്തപുരത്തെത്തുന്ന വിജയകാന്തിന് മലയാള സിനിമയിൽ ഒരു വേഷം കിട്ടുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ കറുത്ത് തടിച്ച ഒരു തമിഴന് മലയാള സിനിമയിൽ അവസരം നൽകാൻ ആരും തയ്യാറായില്ല.
നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ വിയോഗം എല്ലാവരേയും സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. കോവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത് രാഷ്‌ട്രീയത്തിലേയ്‌ക്ക് വരുന്നതിനു മുൻപ്, അദ്ദേഹം തമിഴ് സിനിമാവ്യവസായത്തിലെ പ്രസിദ്ധനായ നടനായിരുന്നു. കേരളത്തിലെ തിരുവനന്തപുരം നഗരം ഏറെ ഇഷ്ടപ്പെട്ടിരുന്ന താരമായിരുന്നു വിജയകാന്ത്. തമ്പാനൂരും കോവളവും ചാലയും പഴവങ്ങാടിയുമെല്ലാം വിജയകാന്തിന് മനപ്പാഠമാണ്.
തിരുവനന്തപുരവുമായി ബന്ധപ്പെട്ട് വിജയകാന്തിന് മറ്റൊരു കഥകൂടിയുണ്ട്. തിരുവനന്തപുരത്തെ ഒരു ഗോൾഡ് കവറിംഗ് സ്ഥാപനത്തിന്റെ ഉടമയായ കഥ. 1952 ഓഗസ്റ്റ് 25ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. വിജയകാന്തിന്റെ അച്ഛൻ ഒരു അരിമില്ലുടമയായിരുന്നു. അദ്ദേഹത്തിന്റെ മധുരയിലെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മിയുടെ വീട് ചാല പിള്ളയാർകോവിൽ ലെയ്‌നിലായിരുന്നു. അന്ന് തിരുവനന്തപുരത്തെ അറിയപ്പെടുന്ന സ്ഥാപനമായിരുന്നു ‘ജ്യോതി ജ്വല്ലറി മാർട്ട്’. മുത്തുലക്ഷ്മിയുടെ ഭർത്താവ് കണ്ണനായിരുന്നു അതിന്റെ ഉടമ. കുട്ടിക്കാലത്ത് മുത്തുലക്ഷ്മിയുടെ വീട്ടിൽ പോകുമ്പോൾ ഇടയ്‌ക്കൊക്കെ അവിടെ പോകുമായിരുന്നു
എപ്പോഴും നല്ല തിരക്കായിരുന്നു കടയിൽ. എന്നാൽ പെട്ടെന്ന് ഒരു ദിവസം മുത്തുലക്ഷ്മിയുടെ ഭർത്താവ് മരിച്ചതോടെ ജ്യോതി ജുവലറി വലിയ പ്രതിസന്ധിയിലേക്ക് കടന്നു. ഇനി സ്ഥാപനം മുന്നോട്ടുപോകില്ലെന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ അവരെ സഹായിക്കുന്നതിന് വേണ്ടി ഏഴ് ലക്ഷം രൂപ കൊടുത്ത് വിജയകാന്ത് കട വാങ്ങി. എന്നാൽ എന്തുകൊണ്ടോ ഈ കട വിജയകരമായി നടത്താൻ വിജയകാന്തിന് കഴിഞ്ഞില്ല. പിന്നീട് എപ്പോഴോ ജുവലറി അടച്ചുപൂട്ടേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം മറ്റാർക്കോ കട വിറ്റ് ഒഴിവാക്കി.
ഓണക്കാലങ്ങളിൽ വിജയകാന്ത് തിരുവനന്തപുരത്ത് എത്താറുണ്ട്. നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കുമൊക്കെ കണ്ട് കടയിൽ അങ്ങനെ ഇരിക്കും. അന്ന് ചാലയിലായിരുന്നു താമസിച്ചത്. വീട്ടിൽ നിന്നിറങ്ങിയാൽ പലപ്പോഴും സിനിമയിൽ ചാൻസ് തേടി ഓരോ വാതിലുകൾ മുട്ടും. ഒടുവിൽ ഈ ക്ഷീണം മാറ്റാൻ ജുവലറിയിൽ വന്നിരിക്കും. തിരുവനന്തപുരത്തെ ഒട്ടുമിക്ക തീയേറ്ററുകളിലും വിജയകാന്ത് എത്താറുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: