ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമ്പതു ശതമാനത്തിലധികം വോട്ട് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസമായി ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ഭാരവാഹി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി.
2019ല്‍ 303 സീറ്റുകള്‍ നേടിയ ബിജെപിക്ക് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ മിഷന് മോഡിലേക്ക് മാറ്റിയാല്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും പ്രചാരണ തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് പൂര്‍ണ്ണമായും എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള വികസിത ഭാരത സങ്കല്പ്പ യാത്രയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. വിവിധ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും പ്രവര്‍ത്തന പദ്ധതികളും സംസ്ഥാന അധ്യക്ഷന്മാര് യോഗത്തില്‍ വിശദീകരിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് തുടങ്ങിയവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി.
കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, സംഘടനാ ജനറല്‍ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ പങ്കെടുത്തു. ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, കേരളാ പ്രഭാരി പ്രകാശ് ജാവദേക്കര്‍, ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ സഹപ്രഭാരി രാധാമോഹന്‍ അഗര്‍വാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: