പാലക്കാട്: ആധുനിക യുദ്ധോപകരണങ്ങളുടെ നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും ലോകത്തിന് സമാധാനത്തിന്റെ സന്ദേശമാണ് ഭാരതം നല്‍കുന്നതെന്ന് അഖിലഭാരതീയ പൂര്‍വസൈനിക് സേവാപരിഷത്ത് ദേശീയ പ്രസിഡന്റ് ലഫ്. ജനറല്‍ വി.കെ. ചതുര്‍വേദി പറഞ്ഞു. അഖിലഭാരതീയ പൂര്‍വസൈനിക് സേവാപരിഷത്ത് 12-ാം സംസ്ഥാന സമ്മേളനം വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനു വേണ്ടി സൈനികര്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണ്. രാഷ്‌ട്രരക്ഷ അവരുടെ കൈകളിലാണ്. രാജ്യാതിര്‍ത്തികളില്‍ അവര്‍ കണ്ണിലെണ്ണയൊഴിച്ചാണ് രാഷ്‌ട്രത്തിനായി പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രരക്ഷയാണ് പരമപ്രധാനം.
കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്ന് സൈനികര്‍ രാജ്യത്തിനു വേണ്ടി രാപകലെന്യെ പ്രവര്‍ത്തിക്കുന്നു. ജനങ്ങളില്‍ ആത്മാഭിമാനവും ആത്മവിശ്വാസവും ഉളവാക്കാന്‍ സൈനികര്‍ക്ക് കഴിയുന്നുണ്ട്.
ഭാരതം അക്രമകാരികളോട് കാണിക്കുന്ന സഹിഷ്ണുത ബലഹീനതയല്ല. മറിച്ച് സമാധാനത്തിന്റെ പാതയാണ് എന്നും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തെ രാജ്യം ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. നാം ആര്‍ക്കും കീഴടങ്ങിയിട്ടില്ല. കീഴടങ്ങുകയുമില്ല. അതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നറിയാം. അതിനാല്‍ത്തന്നെ രാജ്യം അതിന് മുന്‍തൂക്കം നല്‍കുന്നുമില്ല. ധൈര്യം, അറിവ്, ത്യാഗം എന്നിവയില്‍ അധിഷ്ടിതമാണ് ഭാരതമെന്നും അദ്ദേഹം പറഞ്ഞു. സേവനത്തില്‍നിന്നും വിരമിച്ചാലും സൈനികര്‍ അഹോരാത്രം രാഷ്‌ട്രത്തിനുവേണ്ടിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. സമാധാന കാലത്തെ പരമോന്നത ബഹുമതിയായ അശോകചക്രയും സൈനികന് ലഭിക്കാവുന്ന കീര്‍ത്തിചക്രയും ഒരുമിച്ച് നേടിയ കേണല്‍ നീലകണ്ഠന്‍ ജയചന്ദ്രന്‍ നായര്‍ ഒരു മലയാളിയാണെന്നത് അഭിമാനമാണെന്ന് ചതുര്‍വേദി പറഞ്ഞു.
എബിപിഎസ്എസ്പി സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുരളീധര ഗോപാല്‍, ട്രഷറര്‍ പി.പി. ശശിധരന്‍, വര്‍ക്കിങ് പ്രസിഡന്റ് മധു വട്ടവിള, മേജര്‍ അമ്പിളിലാല്‍ കൃഷ്ണ, എസ്. സഞ്ജയന്‍, പി. ബാലകൃഷ്ണന്‍, കേണല്‍ എം. അച്യുതന്‍, മുരളീധരന്‍ എറക്കാട്ടില്‍, എന്‍. അജയകുമാര്‍ സംസാരിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന്‍ സമാപന പ്രസംഗം നടത്തി.
മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ പ്രസിഡന്റ്

പാലക്കാട്: അഖിലഭാരതീയ പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രസിഡന്റായി മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദനെയും ജനറല്‍ സെക്രട്ടറിയായി മധു വട്ടവിളയെയും തെരഞ്ഞെടുത്തു. കേണല്‍ എ. അച്യുതന്‍ (വര്‍ക്കിങ് പ്രസി), രവീന്ദ്രനാഥ്, എസ്. സഞ്ജയന്‍, പി.ആര്‍. രാജന്‍, അമ്പിളി ലാല്‍കൃഷ്ണ (വൈ. പ്രസി.), മധു വട്ടവിള (ജന. സെക്ര.), പി.പി. ശശിധരന്‍ (ട്രഷ), കെ. സേതുമാധവന്‍ (സംഘടനാ സെക്ര), മുരളീധര ഗോപാല്‍ (ദേശീയ സെക്ര), എയര്‍ മാര്‍ഷല്‍ എസ്. രാധാകൃഷ്ണന്‍, റിയര്‍ അഡ്മിറല്‍ എസ്. മധുസൂദനന്‍, മേജര്‍ ജനറല്‍ എം.വി. ഗോപിനാഥന്‍ നായര്‍ (മുഖ്യ രക്ഷാധികാരി), ആര്‍.ജി. നായര്‍ ഗോപകുമാര്‍, കെ. രാമദാസന്‍, കെ.പി. ആര്‍. കുമാര്‍, ധനപാലന്‍, വേലായുധന്‍ കളരിക്കല്‍ (രക്ഷാധികാരി), ശ്രീകുമാര്‍ തിരുവനന്തപുരം, വാസുദേവന്‍ പിള്ള കൊല്ലം, ബി. മധുകുമാര്‍ പത്തനംതിട്ട, എസ്.പി. സുനില്‍കുമാര്‍ ആലപ്പുഴ, കൃഷ്ണന്‍ കോട്ടയില്‍ കോട്ടയം, സി.ജി. സോമശേഖരന്‍ ഇടുക്കി, രംഗനാഥന്‍ എറണാകുളം, മുരളീധരന്‍ പാലക്കാട്, വിജയകുമാര്‍ തൃശൂര്‍, കെ. ചന്ദ്രന്‍ മലപ്പുറം, പി.പി. വിജയകുമാര്‍ കോഴിക്കോട്, കെ.പി. സുരേശന്‍ കണ്ണൂര്‍, പി. രാജീവന്‍ കാസര്‍കോട് എന്നിവര്‍ സംസ്ഥാന എക്സി. അംഗങ്ങള്‍.











