ഭാരതീയ വൈദ്യസംസ്കൃതിയിലെ ‘ഹിമാലയന്‍’ ചികിത്സാ രീതിയാണ് ‘സോവാ റിഗ്പാ’. ഹിമവാന്റെ ദിവ്യൗഷധികള്‍ ദേവപ്രഭാവം ചൊരിയുന്ന ആരോഗ്യപരിരക്ഷ. ടിബറ്റിന്റേതെന്ന് അവകാശപ്പെടുന്ന, ഈ ആരോഗ്യശാസ്ത്ര ശാഖയ്ക്ക് 2000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഭാരതത്തിലും ചൈന, അഫ്ഗാന്, മംഗോളിയ, റഷ്യ, തുടങ്ങിയ രാജ്യങ്ങളിലും പ്രചാരത്തിലിരുന്ന സോവറിഗ്പ ഇന്ന് ലോകപ്രസിദ്ധമാണ്.
ഹിമാലയത്തിലെ ഔഷധസസ്യങ്ങളില്‍ നിന്നും ധാതുക്കളില്‍ നിന്നുമാണ് സോവാറിഗ്പായുടെ ഔഷധികളുണ്ടാക്കുന്നത്. ലെ, ലഡാക്കിലെ ‘ആംചി’ (വൈദ്യന്) കളിലൂടെ ദക്ഷിണഭാരതത്തിലും ഇതിന്റെ വൈഭവമെത്തിക്കഴിഞ്ഞു. ആയുഷ്മന്ത്രാലയത്തിന്റെ തണലിലാണ് ഈ വളര്‍ച്ചയത്രയും.സോവോ റിഗ്പയുടെ ഉപജ്ഞാതാവ് ശ്രീബുദ്ധനാണ് പറയപ്പെടുന്നു. അതല്ല, ടിബറ്റിലെ ഒരു ബുദ്ധമതസംന്യാസിയാണെന്നും വാദമുണ്ട്.
നളന്ദസര്‍വകലാശാലയില്‍ പ്രത്യേകപാഠ്യവിഷയമായിരുന്ന സോവ റിഗ്പ, നളന്ദ നാമാവശേഷമായതോടെ പിന്നീട് നാട്ടുവൈദ്യമായി ഒതുങ്ങി. വീണ്ടുമതിന് അക്കാദമിക് പരിവേഷം വരുന്നത് ഇപ്പോഴാണ്. ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ലെ, ലഡാക്കിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സോവാ റിഗ്പയില് പഠന ഗവേഷണങ്ങള്‍ക്ക് ധാരാളം വിദ്യാര്‍ഥികളെത്തുന്നു.
രോഗിയെ കണ്ടും നാഡിപരിശോധിച്ചും കാര്യങ്ങള്‍ ആരാഞ്ഞുമാണ് രോഗനിര്‍ണയം നടത്തുക. നാക്കിന്റെ പ്രകൃതവും നിറവ്യത്യാസവും മാര്‍ദവവും പരിശോധിക്കും. മൂത്രപരിശോധനയ്ക്കുമുണ്ട് പ്രത്യേക മാനദണ്ഡങ്ങള്‍. മൂത്രത്തിന്റെ നിറം, നിറം മാറുന്നത്, അതിനെടുത്ത സമയം ഇതെല്ലാം ചികിത്സയ്ക്കു മുന്നോടിയായി പരിശോധിക്കുന്നു.
മാനസികവും ശാരീരികവുമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഈ ചികിത്സാപദ്ധതിയില്‍ പ്രതിവിധിയുണ്ട്. ഭക്ഷണവും, ജീവിതരീതിയും ക്രമപ്പെടുത്തിയാണ് ചികിത്സ തുടങ്ങുക. പച്ചമരുന്നുകള്‍, ധ്യാനം, ഉഴിച്ചില്‍, ഹിമാലയത്തില്‍ വളരുന്ന പ്രത്യേക പച്ചിലക്കൂട്ടുകള്‍ ഉപയോഗിച്ചുള്ള ഔഷധക്കുളി എന്നിവയിലൂടെ രോഗവിമുക്തി കൈവരിക്കാം.
120 ലേറെ ധാതുക്കള്‍ സോവാറിഗ്പയിലെ മരുന്നുകൂട്ടുകള്ക്കായി ഉപയോഗിക്കുന്നുണ്ട്. ഗുളികരൂപത്തില്‍ മാത്രമേ കഴിക്കാനുള്ള മരുന്നുകള്‍ നല്‍കാറുള്ളൂ. ആയുര്‍വേദത്തിന്റെ സ്വാധീനം ഏറെയുള്ള സോവാ റിഗ്പയില് ചൈനീസ്, ഗ്രീക്ക് പാരമ്പര്യ വൈദ്യത്തിന്റെ സംഭാവനയുമുണ്ട്.
നാലുവര്‍ഷത്തെ സോവറിഗ്കോഴ്സിന് പറയുന്നത് ‘മെന്പ കച്ചുപ’ എന്നാണ്. ലേയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ്, ധര്‍മശാലയിലെ ടിബറ്റന്‍ മെഡിക്കല്‍ ആന്റ് അസ്ട്രോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂറ്റ്, ഉത്തര്‍പ്രദേശിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഫോര്‍ ടിബറ്റന്‍ സ്റ്റഡീസ്, ഡാര്‍ജിലിങ്ങിലെ ചഗ്പോരി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ കോഴ്സ് പഠിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: