ന്യൂദല്‍ഹി: ലോക്സഭയില്‍ കളര്‍സ്പ്രേ പ്രയോഗിച്ച കേസില്‍ മുഖ്യ സൂത്രധാരനായ ലളിത് ഝായെ പട്യാല ഹൗസ് കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
15 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴു ദിവസം അനുവദിക്കുകയായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ ദല്‍ഹിയിലെത്തി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു ഝാ. ഇയാള്‍ സംഭവത്തിന്റെ സൂത്രധാരനാണെന്നും പിന്നിലെ മുഴുവന്‍ ഗൂഢാലോചനയും ലക്ഷ്യവും കണ്ടെത്തുന്നതിന് 15 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ആറ് സംഘങ്ങള്‍ രൂപീകരിച്ച് ലഖ്നൗ, മൈസൂര്‍, കര്‍ണാടക, രാജസ്ഥാന്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പോകും.
പാര്‍ലമെന്റിലുണ്ടായ സംഭവങ്ങള്‍ പ്രത്യേക സെല്‍ പുനഃസൃഷ്ടിക്കും. ഇതിനായി പ്രതികളെ ഇന്നോ നാളെയോ പാര്‍ലമെന്റ് സമുച്ചയത്തിലെത്തിക്കും. പ്രതികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കളര്‍ സ്പ്രേയുമായി പ്രവേശിച്ചതെങ്ങനെയെന്നും അവരുടെ പദ്ധതി എങ്ങനെ നടപ്പാക്കിയെന്നും കണ്ടെത്താന്‍ ഇത് പോലീസിനെ സഹായിക്കും. ലോക്സഭയില്‍ കളര്‍സ്പ്രേ പ്രയോഗിക്കുകയും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്ത സംഭവങ്ങളില്‍ അറസ്റ്റിലായ മറ്റു നാലു പേരെ നേരത്തെ ഏഴ് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
മൈസൂര്‍ സ്വദേശി മനോരഞ്ജന്‍, ലഖ്നൗ സ്വദേശി സാഗര്‍ ശര്‍മ്മ, ഹരിയാന ഹിസാര്‍ സ്വദേശിനി നീലം, മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎയും ചുമത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: