ഡോ. ബിജുവിനെതിരെയുള്ള സംവിധായകൻ രഞ്ജിത്തിന്റെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതിനുപിന്നാലെ രഞ്ജിത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. രഞ്ജിത്തിന്റെ സിനിമകളിൽ സംഘപരിവാർ അജണ്ട ആണെന്ന് പറഞ്ഞ് നടന്നവരൊക്കെ ഇപ്പോൾ മിണ്ടാതിരിക്കുകയാണെന്നാണ് സന്ദീപ് വാചസ്പതി പറയുന്നത്.
ഡോ. ബിജുവിനെ ഇകഴ്‌ത്തിയ രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെ ചോദ്യം ചെയ്യാൻ കേരളത്തിലെ ഒരു സാംസ്‌കാരിക നായകനും ധൈര്യമില്ലെന്നും എല്ലാവരും കമ്യൂണിസ്റ്റ് അടിമകളാണെന്നും സന്ദീപ് വാചസ്പതി കുറിച്ചു.ഡോ ബിജുവിനെ അപമാനിച്ച രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സന്ദീപ് വാചസ്പതി പ്രതികരിച്ചത്.
രഞ്ജിത്തിന്റെ സിനിമകളിൽ കിണ്ടിയും നിലവിളക്കും കാണിച്ചത് സംഘപരിവാർ അജണ്ട ആണെന്ന് പറഞ്ഞ് കാടിളക്കി നടന്നവന്മാർ ഒക്കെ ഇപ്പൊ നാക്കുളുക്കി ഇരിക്കുകയാണ്. മലയാളത്തെ രാജ്യാന്തര സിനിമ വേദികളിൽ അടയാളപ്പെടുത്തിയ മികച്ച കലാകാരനാണ് ഡോ. ബിജു. അദ്ദേഹത്തെ ഇകഴ്‌ത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെ ചോദ്യം ചെയ്യാൻ ‘സാംസ്കാരിക നായകൻ’ എന്ന മേലങ്കി അണിയുന്ന ഒരുത്തനും തൻ്റേടം ഇല്ലാത്തത് അയാൾ കമ്മ്യൂണിസ്റ്റ് അടിമ ആണെന്ന് അറിയുന്നത് കൊണ്ടാണ്.
രഞ്ജിത്ത് അയാളുടെ ഫ്യൂഡൽ മനോഭാവം പുറത്തെടുക്കുന്നത് ഇതാദ്യമല്ല. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് വിനയൻ സംവിധാനം ചെയ്ത സിനിമയെ പരിഗണിക്കാതെ അദ്ദേഹത്തെ അവഹേളിക്കാനും ഇയാൾ തയ്യാറായിരുന്നു. അന്നും ഇയാളെ സംരക്ഷിച്ചത് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആയിരുന്നു. സിപിഎം അടിമ ആയാൽ ആർക്കും ആരെയും അവഹേളിക്കാൻ ലൈസെൻസ് കിട്ടും എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.
രാജ്യാന്തര പ്രശസ്തനായ ഡോ ബിജുവിനെ അപമാനിച്ച രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി നിർത്താൻ സർക്കാർ തയ്യാറാകണം. സിപിഎം അടിമ ആയത് കൊണ്ട് അയാളെ ചുമക്കാനുള്ള ബാധ്യത കേരളത്തിനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: