ബെംഗളൂരു: കര്‍ണാടകയില്‍ മഹാരാഷ്ട്രയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാകുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭരണം അവസാനിക്കുമെന്നും മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഒരംഗം ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും 50 എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ഹാസനില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് മന്ത്രി ബിജെപി ദേശീയ നേതൃത്വവുമായിട്ടാണ് ചര്‍ച്ച നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ചേരാനുള്ള സാധ്യകളാണ് ചര്‍ച്ച ചെയ്തത്. ആറ് മാസത്തെ സാവകാശമാണ് പാര്‍ട്ടിയില്‍ ചേരാന്‍ തേടിയിരിക്കുന്നത്. അമ്പതിലധികം എംഎല്‍എമാരുമായി ബിജെപിയില്‍ ചേരാമെന്നാണ് അദ്ദേഹം അറിയിച്ചത്, കുമാരസ്വാമി പറഞ്ഞു.
എന്നാല്‍, കോണ്‍ഗ്രസ് മന്ത്രിയുടെ പേര് പറയാന്‍ കുമാരസ്വാമി തയ്യാറായില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ സംഭവിച്ചതിന് സമാനമായി എന്തും കര്‍ണാടകയിലും സംഭവിച്ചേക്കാം. എന്നാല്‍ ആരായിരിക്കും അതിന് മുതിരുകയെന്ന് വ്യക്തമല്ല. ആരും കോണ്‍ഗ്രസ് പാര്‍ട്ടിയോട് കൂറുള്ളവരല്ല. സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടിയാണ് അവരെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇത് എല്ലാ കാലത്തും കോണ്‍ഗ്രസില്‍ സംഭവിക്കുന്നതാണെന്ന് കുമാരസ്വാമി പറഞ്ഞു.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏത് നിമിഷവും എന്തും സംഭവിക്കാം. ഇന്ന് ഈ പാര്‍ട്ടിയിലാണെങ്കില്‍ നാളെ സ്വന്തം നേട്ടത്തിന് മറ്റൊരു പാര്‍ട്ടിയിലേക്ക് ഇവര്‍ പോകും, കുമാരസ്വാമി പറഞ്ഞു. സ്വാധീനമുള്ള ശക്തരായ നേതാക്കളായിരിക്കും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 135 സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ സ്ഥിതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്താകുമെന്ന് നമുക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: