മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഇത്തവണത്തെ വില കൂടിയ താരമായത് ഇതുവരെ ഭാരത ടീമില്‍ ഇടം കിട്ടിയിട്ടില്ലാത്ത കാഷ്‌വീ ഗൗതവും ഓസ്‌ട്രേലിയയുടെ അന്നാബെല്‍ സതര്‍ലാന്‍ഡും. ഇരുവരെയും രണ്ട് കോടി രൂപ വീതം നല്‍കിയാണ് ടീമുകള്‍ വിളിച്ചെടുത്തത്.
ഭാരത സീനിയര്‍ ടീമില്‍ എത്തിയിട്ടില്ലെങ്കിലും ഭാരതം എ ടിമില്‍ സജീവതാരമാണ് കാഷ്‌വീ. അടുത്തിടെ മിന്നു മണി നയിച്ച ഇംഗ്ലണ്ട് എയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ താരവും ഉള്‍പ്പെട്ടിരുന്നു.
ഗുജറാത്ത് ജയന്റ്‌സ് ആണ് കാഷ്‌വീയെ രണ്ട് കോടിക്ക് സ്വന്തമാക്കിയത്. അന്നാബെലിനെ രണ്ട് കോടി നല്‍കി നേടിയത് ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്.
ശ്രീലങ്കന്‍ നായിക ചമാരി അത്തപത്തുവും വെസ്റ്റിന്‍ഡീസിന്റെ ഡീയാന്‍ഡ്ര ഡോട്ടിനും ലേലത്തില്‍ പോയില്ലെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വിശേഷം. ഭാരത താരം വൃന്ദ ദിനേശിനെ 1.30 കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ഫോബെ ലിച്ച്ഫീല്‍ഡിനെ ഗുജറാത്ത് ജയന്റ്‌സ് ഒരു കോടി രൂപയ്‌ക്ക് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഡാനി വയാറ്റിനെ യുപി വാരിയേഴ്‌സ് അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണ് നേടിയത്.
2024 സീസണിലേക്കുള്ള 30 താരങ്ങള്‍ക്ക് വേണ്ടിയാണ് ഇന്നലെ ലേലം നടന്നത്. ഇതിനായി 165 താരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. 30 താരങ്ങളെയും ഇന്നലെ തന്നെ വിളിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: