മുംബൈ: ഭൗമതാപനം കുറയ്ക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം ഹരിതോര്ജ്ജമാണെന്നിരിയ്ക്കെ അദാനി ആ മേഖലയില്‍ ശക്തമായി ചുവടുറപ്പിക്കുകയാണ്. ഇപ്പോള്‍ ലോകത്തിലെ ഫോട്ടോവോള്‍ട്ടിക് സെല്‍ ഉപയോഗിച്ച് സൗരോര്‍ജ്ജത്തെ ഹരിതോര്ജ്ജമാക്കി മാറ്റുന്ന വ്യവസായത്തില്‍ അദാനി ഗ്രീന്‍ എനര്‍ജി ലോകത്തിലെ രണ്ടാമത്തെ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്ലീന്‍ എനര്‍ജിയില്‍ ഗവേഷണഗ്രൂപ്പായ മെര്‍കോം കാപിറ്റല്‍ പുറത്തുവിട്ട ലിസ്റ്റിലാണ് അദാനി ഗ്രൂപ്പ് ഫോട്ടോവോള്‍ടിക് സെല്‍ വഴി സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുന്നതില്‍ അദാനി ഗ്രീന്‍ എനര്‍ജിയ്ക്ക് ലോകത്തിലെ രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത്.
2022 ജൂണ്‍ മുതല്‍ 2023 ജൂലായ് വരെയുള്ള ഒരു വര്‍ഷക്കാലത്തെ കണക്ക് പ്രകാരമാണ് അദാനിയെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജിയാണ് ഒന്നാം സ്ഥാനത്ത്. കണക്കെടുക്കുമ്പോള്‍ ഒരു മെഗാവാട്ടോ അതില്‍ കൂടുതലോ ഉള്ള പദ്ധതികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ പദ്ധതികളുടെ പ്രവര്‍ത്തനക്ഷമത, നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍, വൈദ്യുതി വാങ്ങുമെന്ന കരാര്‍ നിശ്ചയിച്ചുകഴിഞ്ഞ പദ്ധതികള്‍ എന്നിവ കണക്കിലെടുത്താണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജി ഈ രംഗത്തെ ഭീമനാണ്. 41.3 ജിഗാവാട്ട് വൈദ്യുതിയാണ് ടോട്ടര്‍ എനര്‍ജി ഫോട്ടോ വോള്‍ടിക് സോളാര്‍ (സോളാര്‍ പിവി) വഴി ഉല്പാദിപ്പിക്കുന്നത്. എന്നാല്‍ അദാനിയുടെ കമ്പനികളാകട്ടെ ആകെ ഉല്പാദിപ്പിക്കുന്നത് ഇതിന്റെ പകുതിയില്‍ താഴെ മാത്രമാണ്. 18.1 ജിഗാവാട്ട് ഹരിത വൈദ്യുതി. കാനഡയിലെ ബ്രൂക്ക്ഫീല്‍ഡ് റിന്യൂവബിള്സാണ് മൂന്നാം സ്ഥാനത്ത്. 18 ജിഗാ വാട്ട്.
We are happy to see Mercom Capital's recent rankings, placing us second globally among the world's large-scale solar PV developers. This recognition underscores our continued and unwavering commitment as one of the fastest growing renewable energy players in the world and on…
— Gautam Adani (@gautam_adani) December 9, 2023
തങ്ങളെ ലോകത്തിലെ രണ്ടാമത്തെ സോളാര്‍ പിവിവഴി ഹരിതഊര്‍ജ്ജം നിര്‍മ്മിക്കുന്ന കമ്പനിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് അദാനി എക്സില്‍ പ്രതികരിച്ചു. 2030ല്‍ 45 ജിഗാവാട്ട് എന്ന ലക്ഷ്യം കൈവരിക്കുമെന്നും ഈ അംഗീകാരം ഹരിത ഊര്‍ജ്ജ നിര്‍മ്മാണരംഗത്ത് ശക്തമായി നിലകൊള്ളാനുള്ള പ്രചോദനമായെന്നും അദാനി ട്വീറ്റില്‍ കുറിച്ചു. 2030ല്‍ 45 ജിഗാവാട്ട് ഹരിതോര്‍ജ്ജം ഉല്പാദിപ്പിക്കാനുള്ള പദ്ധതിയ്ക്കായി 7500 കോടി ഡോളര്‍ ആണ് അദാനി ഗ്രീന്‍ എനര്‍ജി നിക്ഷേപിക്കുക.
റാങ്കില്‍ ആദ്യ പത്ത് കമ്പനികളില്‍ ആറെണ്ണം യൂറോപ്പില്‍ നിന്നുള്ള കമ്പനികളും മൂന്നെണ്ണം അമേരിക്കയില്‍ നിന്നുള്ള കമ്പനികളുമാണ്.
എന്താണ് സോളാര്‍ പിവി?
സെമികണ്ടക്ടര്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഫോട്ടോ വോള്‍ടിക് സെല്‍ ഉണ്ടാക്കുക. നാല് തലമുടിനാരിന്റെ മാത്രം കട്ടിയുള്ള ഈ സെല്ലിനെ സുരക്ഷിതമാക്കാന്‍ ചില്ലോ പ്ലാസ്റ്റിക്കോ കൊണ്ട് പൊതിയും. ഈ ഫോട്ടോ വോള്‍ടിക് സെല്ലുകള്‍ അതില്‍ വന്നുവീഴുന്ന സൂര്യപ്രകാശം വലിച്ചെടുത്ത് വൈദ്യുതോര്ജ്ജമാക്കിമാറ്റുമെന്നതാണ് ഇതിലെ സാങ്കേതിക വിദ്യ. അദാനി ഗ്രീന്‍ എനര്‍ജിയ്ക്ക് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ സോളാര്‍ പിവി യൂണിറ്റുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: