ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി ഒരിക്കല്‍ക്കൂടി ഭാരതത്തിന്റെ ഹൃദയ ഭൂമി കീഴടക്കി. ഐഎന്‍ഡിഐ എന്ന പേരില്‍ സഖ്യമുണ്ടാക്കിയ പ്രതിപക്ഷത്തെ തകര്‍ത്ത് മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉജ്വല വിജയം. മൂന്നിടത്തും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തെലങ്കാനയിലെ വിജയം മാത്രം. ഇന്ത്യയെന്നു സ്വയം വിശേഷിപ്പിച്ച സഖ്യത്തിന് ഭാരത് ആശയത്തില്‍ മറുപടി നല്കിയ ബിജെപിക്കൊപ്പമെന്ന് ജനങ്ങള്‍ വിധിയെഴുതി.
മധ്യപ്രദേശില്‍ വന്‍ വിജയത്തോടെ ഭരണം നിലനിര്‍ത്തിയ ബിജെപി രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ 165 സീറ്റുകള്‍ നേടിയാണ് ബിജെപി തുടര്‍ഭരണം ഉറപ്പിച്ചത്. കോണ്‍ഗ്രസിന് 65 സീറ്റുകള്‍ മാത്രം. ഒരിടത്ത് ഭാരത് ആദിവാസി പാര്‍ട്ടിജയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ബുധ്നി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റും ബിജെപി 109 സീറ്റുമാണ് സംസ്ഥാനത്ത് നേടിയിരുന്നത്.
രാജസ്ഥാനില്‍ 199 സീറ്റുകളില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസിന് 69, ഭാരത് ആദിവാസി പാര്‍ട്ടിക്ക് മൂന്നും ബിഎസ്പിക്ക് രണ്ടും ആര്‍എല്‍ഡി, ആര്‍എല്‍ടിപി എന്നിവര്‍ ഓരോ സീറ്റ് വീതവും നേടി. എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. സംസ്ഥാനത്തുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമായി. 2018ല്‍ കോണ്‍ഗ്രസ് നൂറും ബിജെപി 73 സീറ്റുകളുമാണ് നേടിയിരുന്നത്.
ഛത്തീസ്ഗഡില്‍ അഭിപ്രായ സര്‍വേകളേയും എക്സിറ്റ്പോള്‍ പ്രവചനങ്ങളേയും അട്ടിമറിച്ച് ബിജെപി തകര്‍പ്പന്‍ വിജയത്തോടെ തിരിച്ചു വന്നു. 90ല്‍ 54 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണത്തിലെത്തുന്നത്. കോണ്‍ഗ്രസിന് 35, ജിജിപിക്ക് ഒരു സീറ്റുമാണ് നേടാനായത്. 2018ല്‍ കോണ്‍ഗ്രസ് 68, ബിജെപി 15 സീറ്റുകളുമാണ് നേടിയിരുന്നത്.
തെലങ്കാനയിലെ 119 സീറ്റില്‍ 64 സീറ്റില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തുന്നത്. സംസ്ഥാനം രൂപീകരിച്ചതുമുതല്‍ ഭരണം നടത്തിയ ബിആര്‍എസിന് കനത്ത തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ്. ബിആര്‍എസിന് 39, ബിജെപിക്ക് എട്ടും സീറ്റുകള്‍ ലഭിച്ചു. എഐഎംഐഎമ്മിന് ഏഴ് സീറ്റിലും സിപിഐക്ക് ഒരു സീറ്റിലും വിജയിക്കാനായി. കോണ്‍ഗ്രസ് വിജയത്തിനിടയിലും സംസ്ഥാനത്ത് ബിജെപി നടത്തിയത് മികച്ച മുന്നേറ്റമാണ്. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായിരുന്നത്. ബിആര്‍എസ് 88, കോണ്‍ഗ്രസ് 19 സീറ്റുമാണ് അന്ന് നേടിയത്. മിസോറാമില്‍ ഇന്നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: