പുതിയ തലമുറയെ ശ്രേഷ്ഠമായ മാനവോചിത ഗുണങ്ങളാല്‍ സജ്ജമാക്കാം
ഇവിടെ തനതായ ശ്രേഷ്ഠ സാംസ്ക്കാരിക പൈതൃകത്തിന്റെ അടിസ്ഥാനത്തില്‍ ശ്രേഷ്ഠവ്യക്തികളും നരരത്നങ്ങളും വലിയ സംഖ്യയില്‍ വളര്‍ന്നു കൊണ്ടേയിരുന്നു എന്നത് ഭാരതത്തിന്റെ സവിശേഷത ആണ്. ഇതേ അടിസ്ഥാനത്തില്‍ ഇതിനെ 33 കോടി ദേവന്മാരുടെ രാജ്യമെന്നും ജഗദ്ഗുരു എന്നും മറ്റും വിളിച്ചു വന്നിരുന്നു.
മനുഷ്യനു തന്റെ ഉളളില്‍ അളവറ്റ കഴിവുകള്‍ വകസിപ്പിച്ചെടുക്കാന് സാധിക്കുമെന്നു ഭാരത്തിലെ ഋഷിമുനിമാര്‍ മനസ്സിലാക്കിയിരുന്നു. വികസിപ്പിച്ച കഴിവു ശരിയായ മാര്‍ഗത്തില്‍ പ്രയോഗിച്ചാല്‍ വ്യക്തിയെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്താന്‍ കഴിയും. എന്നാല്‍ മാര്‍ഗം പിഴച്ചാല്‍ വ്യക്തിയെയും സമൂഹത്തെയും നശിപ്പിക്കുവാനും സാധിക്കും. ശരിയായ മാര്‍ഗ്ഗത്തില്‍ തന്നെ തുടര്‍ന്നുകൊണ്ടേയിരിക്കാന്‍ ബാഹ്യമായ സമ്മര്‍ദ്ദം പലപ്പോഴും വേണ്ടത്ര ഫലപ്പെടാതെയാണ് കണ്ടു വരുന്നത്. അതിനു വേണ്ടി സ്വന്തം ഉളളില്‍ നിന്നും ശരിയായ ദിശയില്‍ ഉത്സാഹവും ദൃഢനിശ്ചയവും ഉണര്‍ത്തേണ്ടതുണ്ട്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ (ഋഷി മുനിമാര്‍) മനുഷ്യന്റെ ഗുണധര്മ്മസ്വഭാവത്തെ, സമഗ്രമായ വ്യക്തിത്വത്തെ പരിഷ്കൃതവും സംസ്കാരപൂര്‍ണവും ആക്കുന്ന കാര്യത്തിന് പ്രാധാന്യം നല്കി.
സംസ്ക്കാരം എന്നതിന്റെ അര്‍ത്ഥം, ശുദ്ധീകരണം, ക്രമീകരണം എന്നാണ്. വിദഗ്ധമായ ഉദ്യാനപാലകന്‍ ചെടികള്‍ക്കു വെളളവും വളവും നല്കി വെട്ടി ഒതുക്കി സുന്ദരമാക്കുന്നു. മനുഷ്യ ജീവിതത്തെ സംസ്ക്കാര പൂര്‍ണ്ണമാക്കുന്നതിനു വേണ്ടി അതിന്റെ ഭാവങ്ങളെയും, വിചാരങ്ങളെയും, നിശ്ചയങ്ങളെയും, പെരുമാറ്റങ്ങളെയും, ശീലങ്ങളെയും പരിഷ്കൃതമാക്കണം. ഈ സൂക്ഷ്മവും ഗൂഢവുമായ പ്രക്രിയയെ സകലര്‍ക്കും സഹജവും സുലഭ്യവും ആക്കാന്‍ വേണ്ടി ഋഷിമാര്‍ സംസ്കാര പ്രക്രിയ വികസിപ്പിക്കുകയും പ്രാബല്യത്തില്‍ കൊണ്ടു വരികയും ചെയ്തു. അവര്‍ ജീവിതത്തിന്റെ ഓരോ പ്രധാനപ്പെട്ട ഘട്ടത്തിനും വേണ്ടി സംസ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. പ്രത്യക്ഷ ക്രിയകളെ ആദ്ധ്യാത്മികവും ആധിദൈവികവും മനഃശ്ശാസ്ത്രപരവുമായ സിദ്ധാന്തങ്ങളും പ്രക്രിയകളുമായി ചേര്‍ത്തിണക്കി വിഭിന്ന സംസ്കാരങ്ങള്‍ക്ക് പ്രഭാവാത്മകമായ സ്വരൂപം പ്രദാനം ചെയ്തു. സംസ്കാരത്തിന്റെ ഈ ക്രമം ഗര്‍ഭാധാനം മുതല്‍ മരണാനന്തരക്രിയ വരെ വിധാനം ചെയ്തിരിക്കുന്നു.
നമ്മുടെ ആര്‍ഷ ഗ്രന്ഥങ്ങളിലും ധര്മ്മനിയമങ്ങളിലും സംസ്കാരങ്ങളുടെ എണ്ണം 40 വരെ കാണുന്നുണ്ട്. എന്നാല്‍ ഷോഡശ (പതിനാറു) സംസ്കാരങ്ങള്‍ ആണ് ദീര്‍ഘകാലമായി പ്രാബല്യത്തിലുളളത്. എക്കാലം വരെ സംസ്കാരങ്ങളുടെ പാവന പാരമ്പര്യം വിദഗ്ധമായി നടത്തിവന്നിരുന്നുവോ അക്കാലം വരെ നരരത്നങ്ങളുടെ വികാസം നിര്‍ബാധം നടന്നുകൊണ്ടിരുന്നു. ഈ പാരമ്പര്യം നാമാവശേഷമായിത്തീര്ന്നതോടെ വ്യക്തിത്വത്തിന്റെ കാഴ്ചപ്പാടില്‍ കൃശന്മാരും നിരാശാഗ്രസ്തരും, നിര്‍ജ്ജീവരും, തുച്ഛ സ്വാര്‍ത്ഥത്തിനായി അന്യരെ ചൂഷണം ചെയ്യുന്നവരുമായ വ്യക്തികളുടെ സംഖ്യ വര്‍ദ്ധിച്ചു തുടങ്ങി. ചിഹ്നപൂജയുടെ രൂപത്തില്‍ സംസ്കാരങ്ങളുടെ അല്പസ്വല്പം ചടങ്ങുകള്‍ അങ്ങുമിങ്ങും നടപ്പിലുണ്ട്, പക്ഷേ അതു കൊണ്ട് കാര്യമില്ല. അവയില്‍ വ്യക്തിത്വ നിര്‍മ്മാണത്തിനു വേണ്ട പ്രഭാവപൂര്‍ണമായ ജനശിക്ഷണത്തിന്റെ അഭാവവും സാരമായ ചെലവും കാരണം ഇതു മറിച്ചൊരു ഭാരമായി തീര്‍ന്നിരിക്കുകയാണ്.
പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ വര്‍ത്തമാന യുഗത്തിന്റെ സകലമാന പ്രശ്നങ്ങളെയും പറ്റി പഠിക്കുകയും അവയ്ക്കെല്ലാം സമയോചിതമായ പരിഹാരം കാണുകയും ചെയ്തു. ഇതിന്റെ ഭാഗമായി അദ്ദേഹം സംസ്ക്കാര പ്രക്രിയ പുനരുദ്ധരിക്കാനുളള പ്രസ്ഥാനവും പ്രാബല്യത്തില്‍ കൊണ്ടുവന്നു. അദ്ദേഹം സംസ്കാരങ്ങള്‍ക്കു വിവേകപൂര്‍ണ്ണവും ശാസ്ത്രീയവുമായ സ്വരൂപം നല്‍കുകയും, പ്രയോജനപ്രദമായ പൊതു ശിക്ഷണം അവയുമായി യോജിപ്പിക്കുകയും കര്‍മ്മകാണ്ഡങ്ങള്‍ സര്വ്വസുലഭവും പ്രഭാവപൂര്ണ്ണവും ചുരുങ്ങിയ ചെലവില്‍ നടത്താവുന്നതും ആക്കുകയും ചെയ്തു. യുഗനിര്‍മ്മാണ പ്രസ്ഥാനത്തിന്റെ പരിപാടികളില്‍ അവ വിപുലമായ തോതില്‍ സഫലമായി നടത്തുകയുണ്ടായി. ഇതിനായി അദ്ദേഹം നിലവിലുളള സംസ്കാരങ്ങളില്‍ നിന്നും ഇപ്പോഴത്തെ സമയത്തിനു അനുകൂലമായി 12 സംസ്കാരങ്ങള്‍ മാത്രം പര്യാപ്തമാണെന്ന് കണക്കാക്കി. ഇവ ഇപ്രകാരമാണ്.
1. പുംസവനം,
2. നാമകരണം,
3. ചൂഡാകര്‍മ്മം (മുണ്ഡനം)
4. അന്നപ്രാശനം (ചോറൂണ്),
5. വിദ്യാരംഭം,
6. ദീക്ഷയും യജ്ഞോപവീതവും,
7. വിവാഹം,
8. വാനപ്രസ്ഥം,
9. അന്ത്യേഷ്ടി,
10. മരണാനന്തര അടിയന്തിരം,
11. ജന്മദിനോത്സവം,
12. വിവാഹദിനോത്സവം.
സംസ്കാരങ്ങള്‍ ഉചിതസമയത്ത് ഉചിതമായ അന്തരീക്ഷത്തില്‍ വെച്ച് ചെയ്യുകയും ചെയ്യിക്കുകയുംമൂലം ആളുകള്‍ക്ക് അസാമാന്യമായ പ്രയോജനം ലഭിക്കുന്നതായി കണ്ടുവരുന്നുണ്ട്.
(പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ഗായത്രി ഉപാസന എന്ന പുസ്തകത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: