തിരുവനന്തപുരം/കൊച്ചി: കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 200 കോടി രൂപയുടെ തട്ടിപ്പെന്ന് ഇ ഡി. കേസില്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന എന്‍. ഭാസുരാംഗനെയും മകന് അഖില്‍ ജിത്തിനെയും ഇ ഡി അറസ്റ്റ് ചെയ്തു.
കൊച്ചി ഇ ഡി ഓഫീസില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്യലിനുശേഷം ഇന്നലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തേയും ഭാസുരാംഗനെയും മകനെയും കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലുമായി ഭാസുരാംഗന് സഹകരിക്കുന്നില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയില്‍ ഹാജരാക്കിയ ഭാസുരാംഗനെയും മകനെയും ഇ ഡി കസ്റ്റഡിയില്‍ വിട്ടു. കൊച്ചി പിഎംഎല്‍എ കോടതിയാണ് പ്രതികളെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. മൂന്നു ദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇ ഡി ആവശ്യം.
കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. പ്രതികള്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഭാസുരാംഗന് ഭരണകക്ഷിയില്‍ സ്വാധീനമുള്ളയാളാണ്.
പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നുമായിരുന്നു ഇ ഡി പറഞ്ഞത്. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു.
നൂറ്റൊന്ന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. എന്നാല്‍ ഭാസുരംഗനെയും അഖില്‍ ജിത്തിനെയും ഇന്നലെ ചോദ്യം ചെയ്തതില്‍ നിന്ന് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായി. ഭാസുരാംഗനും മകനും തട്ടിപ്പില്‍ നേരിട്ടു പങ്കുണ്ട്. അഖില്‍ ജിത്തിന്റെ ആഡംബര ജീവിതത്തിനുള്ള വരുമാനത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരം ചോദ്യം ചെയ്യലില്‍ നല്‍കാനായില്ല.
കരുവന്നൂര്‍ മാതൃകയിലുള്ള തട്ടിപ്പാണ് കണ്ടലയിലും നടന്നത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ പ്രാദേശിക നേതാക്കള്‍ക്ക് വഴിവിട്ട് വായ്പകള്‍ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: