തിരുവനന്തപുരം: പിണറായി വിജയന് പ്രത്യേകതയുണ്ട്. അച്യുതമേനോനെപോലെയല്ല. അച്യുതമേനോന്‍ മുഖ്യമന്ത്രിമാത്രമായിരുന്നു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടുതലാണ്. അച്യുതമേനോന് കൊന്നും കൊല്ലിച്ചും ശീലവുമില്ല. പഴയങ്ങാടി വിഷയത്തില്‍ പിണറായി വിജയന്റെ പ്രതികരണമെന്തായിരുന്നു.
ആഡംബരബസ് യാത്രയിലെ മുന്‍നിര യാത്രക്കാരനാണല്ലോ മുഖ്യമന്ത്രി. ഡ്രൈവര്‍ക്കും മുന്നിലിരിക്കാന്‍ വഴിയില്ലാത്തതിനാല്‍ നാടുവാഴി തൊട്ടടുത്ത് തന്നെയുണ്ട്. ബസിനുനേരെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായി വരുന്നത് നേരില്‍ മുഖ്യമന്ത്രി കണ്ടു എന്നാണ് പറയുന്നത്. കണ്ടകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മൊഴി ഇങ്ങിനെ:
”എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാള്‍ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാര്‍ അങ്ങോട്ട് പിടിച്ചുതള്ളിമാറ്റുകയാണ്. അത് ജീവന്‍ രക്ഷിക്കാനല്ലെ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാള്‍ അവിടെ കിടന്നുപോയി. രക്ഷിക്കാന്‍ വേണ്ടി അയാളെ എടുത്ത് എറിയില്ലെ? എറിഞ്ഞാല്‍ അയാള്‍ക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവന്‍ രക്ഷിക്കലല്ലെ പ്രധാനം? ആ ജീവന്‍ രക്ഷാരീതിയാണ് ഡിവൈഎഫ്‌ഐക്കാര്‍ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികള്‍ തുടര്‍ന്നുപോകണം.”
മുഖ്യമന്ത്രി പറഞ്ഞ ഈ കാര്യങ്ങള്‍ക്കാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. അന്യായമായി സംഘംചേര്‍ന്ന് കൊലപാതകമടക്കമുള്ള ശ്രമങ്ങള്‍ക്കാണ് കേസ്. എട്ടുവകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലീസുകാരെ എന്തുചെയ്യണം? അവര്‍ തുടര്‍ന്നും പോലീസിലുണ്ടാകുമോ? ഡിവൈഎഫ്ക്കാര്‍ക്കെതിരെ കേസെടുത്ത പോലീസുകാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടേണ്ടതല്ലേ?
മുഖ്യമന്ത്രി നോക്കിയപ്പോള്‍ കാണാത്ത ചിലകാര്യങ്ങള്‍ പോലീസുകാര്‍ കണ്ടിരിക്കുന്നു. ഡിവൈഎഫ്‌ഐക്കാര്‍ യൂത്തന്മാരെ നേരിടുന്നത് ഹെല്‍മറ്റു കൊണ്ട്. മറ്റുചിലര്‍ ചെടിച്ചട്ടികൊണ്ട് പലര്‍ക്കും ഗുരുതരമായി പരിക്കുംപറ്റി. കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ ഹെല്‍മറ്റ് കൊണ്ടടിക്കുന്നത് ശീലമില്ലാത്ത കാര്യമല്ലെ. വടിവാളും കൈബോംബുമല്ലെ പ്രയോഗിക്കാറ്. അതുകൊണ്ടാകും മുഖ്യമന്ത്രിക്ക് തിരിച്ചറിയാനാകാത്തത്. മുഖ്യമന്ത്രിപറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് ജീവന്‍ രക്ഷാപതക് സമ്മാനിക്കണം. ഒരുമാസം കൂടികഴിഞ്ഞാല്‍ വരികയല്ലെ റിപ്പബ്ലിക് ദിനം.
ഈ യൂത്ത് കോണ്‍ഗ്രസുകാരെന്തിനാണാവോ വയ്യാവേലിക്ക് പോയത്. തുടര്‍ സമരം പ്രഖ്യാപിച്ചതെന്നായി. പിറ്റേദിവസം സമരമൊരിടത്തും കണ്ടില്ലല്ലൊ. നാടുനീളെ സമരം നടക്കുമെന്ന് പ്രഖ്യാപിച്ച മൂത്ത നേതാവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കരിങ്കൊടി പ്രതിഷേധവുമായി എത്തിയവര്‍ക്ക് നല്ല ബുദ്ധി തോന്നിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിതന്നെ പറയുകയും ചെയ്തു. ‘ഞങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് കൊടിയുമായൊന്നും ചാടിവരുന്നത് കണ്ടില്ല. അത് നേതൃത്വം നല്‍കിയ നിര്‍ദ്ദേശത്തിന്റെ ഭാഗമാണെങ്കില്‍ നല്ലത്. വിവേകം വൈകി ഉദിച്ചാലും നല്ല കാര്യമാണല്ലൊ.” ശരിയാണ് നവകേരള സദസിന് സിപിഎമ്മുകാര്‍ക്ക് ഹരംപകരാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാക്കിയ പരിപാടിയല്ലെ കരിങ്കൊടി പ്രയോഗം എന്ന് സംശയിച്ചാലും തെറ്റാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: