തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎമ്മിനെ വീണ്ടും കുരുക്കിലാക്കി പ്രതികളിലൊരാളായ പി.ആര്‍. അരവിന്ദാക്ഷന്റെ മൊഴി. കേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറുമായി ഇ.പി. ജയരാജന്‍, മന്ത്രി കെ. രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍, മുന്‍ എംപി പി.കെ. ബിജു എന്നിവര്‍ക്ക് അടുത്ത ബന്ധമുണ്ട.്
ഇപി മന്ത്രിയായിരുന്നപ്പോഴും പിന്നീടും സതീഷ്‌കുമാറിനെ സഹായിച്ചു. ഇരുവരെയും ഒരുമിച്ച് പലയിടത്തും കണ്ടിട്ടുണ്ട്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ട്, അരവിന്ദാക്ഷന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ. രാധാകൃഷ്ണനും സതീഷ്‌കുമാറുമായി ബന്ധമുണ്ട്.
രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് സതീഷ്‌കുമാര്‍ സ്വര്‍ണം ഉള്‍പ്പെടെ നല്കി സഹായിച്ചെന്ന് ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എ.സി. മൊയ്തീനും പി.കെ. ബിജുവും സതീഷ്‌കുമാറില്‍ നിന്ന് പണം കൈപ്പറ്റി. 2016ലും 2021ലും തെരഞ്ഞെടുപ്പു ചെലവിന് മൊയ്തീന് സതീഷ്‌കുമാര്‍ പണം കൊടുത്തു. 2020ല്‍ പി.കെ. ബിജുവിന് അഞ്ചു ലക്ഷം നല്കി. 2022ല്‍ തൃശ്ശൂരിലെ അഖിലേന്ത്യ കിസാന്‍ സഭ സമ്മേളനത്തിനും സതീഷ്‌കുമാര്‍ വന്‍തുക കൊടുത്തു.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വ്യാജ വായ്പ വഴി സതീഷ്‌കുമാര്‍ 30 കോടിയിലേറെ തട്ടിയെടുത്തെന്നാണ് കേസ്. കരുവന്നൂര്‍ ബാങ്കില്‍ 100 കോടിയിലേറെ രൂപയുടെയും തൃശ്ശൂരിലെ മറ്റു സഹകരണ ബാങ്കുകള്‍ വഴി കോടികളുടെയും കള്ളപ്പണം ഇയാള്‍ വെളുപ്പിച്ചു. സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമാണ് അരവിന്ദാക്ഷന്‍. കേസില്‍ സതീഷ്‌കുമാര്‍ 13-ാം പ്രതിയും അരവിന്ദാക്ഷന്‍ നാലാം പ്രതിയുമാണ്. കരുവന്നൂര്‍ തട്ടിപ്പിനു പിന്നില്‍ സിപിഎം ഉന്നത നേതൃത്വമാണെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് അരവിന്ദാക്ഷന്റെ മൊഴി. സതീഷ്‌കുമാര്‍ കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശിയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇ.പി. ജയരാജന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് സതീഷ്‌കുമാര്‍ തൃശ്ശൂരില്‍ താവളമുറപ്പിക്കുന്നത്. ഇ.പി. ജയരാജന് പ്രതികളുമായി ബന്ധമുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമിയാണ്. അതേസമയം സതീഷ് കുമാറിനെ അറിയാമെന്നും മറ്റു ബന്ധങ്ങളില്ലെന്നുമാണ് ഇ.പി. ജയരാജന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: