ടെല്‍അവീവ്: ഗാസ മുനമ്പില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേലും-ഹമാസും ധാരണയായെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വൈറ്റ് ഹൗസും ഇസ്രായേലും. യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ അഡ്രിയെന്ന വാട്സണ് അറിയിച്ചു. വിഷയത്തില്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയുണ്ടാക്കുന്നതിനായി അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് ബന്ദികളാക്കിയവരില്‍ 50 പേരെ കൈമാറുമെന്നും. പകരം അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ എന്ന ധാരണയില്‍ ഇരുഭാഗങ്ങളും കരാറുണ്ടാക്കിയതായി കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓരോ 24 മണിക്കൂറിലും ചെറുസംഘങ്ങളായി തടവില്‍ പാര്‍പ്പിച്ചവരെ മോചിപ്പിക്കുമെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തന്നെ രംഗത്തെത്തി. വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹമാസുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല. എല്ലാ ബന്ദികളെയും തിരികെ വേണമെന്നും അതിനായി ശ്രമിക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.
ഗാസ മുനമ്പിലെ അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് നവജാത ശിശുക്കളെ മാറ്റിപാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തിലാണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ നിന്ന് മാറ്റിയത്. ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 102 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥിക്യാമ്പില്‍ ഐക്യരാഷ്ട്ര സഭ ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) നടത്തുന്ന അല്‍ ഫഖുറ സ്കൂളില്‍ അഭയംപ്രാപിച്ച 19 കുട്ടികളടക്കം 50 പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലെ ഖാന് യൂനിസ് നഗരത്തിലും ബോംബാക്രമണമുണ്ടായി. 47 പേര് കൊല്ലപ്പെട്ടു. യുദ്ധമാരംഭിച്ച ശേഷം ഇതുവരെ 12,300 പേര് കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ഹമാസ് ഭരണകൂടം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: