ഇസ്ലാം എന്ന വാക്കിന് സമാധാനമെന്നും അര്‍ത്ഥമുണ്ടെങ്കിലും ലോകത്തെ ഇസ്ലാമിക മതവിഭാഗങ്ങള്‍ പൊതുവെ ഹിംസയില്‍ അഭിരമിക്കുന്നവരാണ്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുശേഷം ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഇത് കാണാനാവും. ഭാരതത്തിലെ അറബ്-മുഗള്‍ ആക്രമണ-ഭരണകാലം പല നിലകളിലും വിധ്വംസകമായിരുന്നു. ഈ ചരിത്രാനുഭവം മുന്‍നിര്‍ത്തിയാവണം വൈക്കം മുഹമ്മദ് ബഷീര്‍, ലോകത്ത് ഒരൊറ്റ മുസ്ലിം അവശേഷിച്ചാലും അവന് സ്വയം തലതല്ലിപ്പൊളിച്ച് സമാധാനം കെടുത്തുമെന്ന് പറഞ്ഞത്.
ഹിംസാത്മകമായ ഇസ്ലാമിന് അപവാദമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഭാരതത്തില്‍ മിര്‍സ ഗുലാം അഹ്മദ് സ്ഥാപിച്ച അഹ്മദിയ്യ സമൂഹം. ഇന്ന് 200 ലേറെ രാജ്യങ്ങളിലായി 20 ദശലക്ഷത്തിലേറെ അനുയായികളുമായി നിലനില്‍ക്കുന്ന മതസമൂഹമാണിത്.
വ്യത്യസ്തമായ ഇസ്ലാമിക പാത പിന്തുടരുന്നതിനാല് പല ഇസ്ലാമിക രാജ്യങ്ങളിലും അഹ്മദിയ്യ വിഭാഗക്കാര്‍ അടിച്ചമര്‍ത്തലും പീഡനവും നേരിടുന്നുണ്ട്. പാകിസ്ഥാനില്‍ വംശീയ ഉന്മൂലനത്തെയാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. പാകിസ്ഥാന് രൂപംകൊള്ളുമ്പോള്‍ ഗണ്യമായ വിഭാഗമുണ്ടായിരുന്ന അഹ്മദിയ്യ ജനസംഖ്യ പില്ക്കാലത്ത് വന്‍തോതില്‍ ഇടഞ്ഞിരിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പാക് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളും പലായനങ്ങളുമൊക്കെ ഇതിന് കാരണമാണ്. എന്നാല്‍ ഇതൊന്നും സമാധാനത്തിന്റെ ശബ്ദമാവുന്നതില്‍നിന്ന് ഈ ജനവിഭാഗത്തെ പിന്തിരിപ്പിക്കുന്നില്ല.
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഹ്മദിയ്യ ജമാഅത്തിന്റെ ഇമാം മിര്‍സാ മസ്റൂര്‍ അഹ്മദ് വിവിധ രാജ്യങ്ങളുടെ പാര്‍ലമെന്റുകളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ‘ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുളള പാതയും’ എന്ന ഗ്രന്ഥം. ദേശസ്നേഹത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മതവിശ്വാസം പുലര്‍ത്താനും, പൗരനെന്ന നിലയ്ക്ക് സ്വന്തം രാഷ്ട്രത്തിന്റെ പുരോഗതിയില്‍ പങ്കാളികളാകാനും ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളാണിത്.
”ഇന്ന് ലോകം നാനാതരം അസ്വാസ്ഥ്യങ്ങളുടെ പിടിയിലമര്‍ന്നിരിക്കുന്നു. ചെറുകിട യുദ്ധങ്ങള്‍ പലയിടത്തുമായി സംഭവിക്കുന്നു. വന്‍ശക്തികള്‍ അവയെ ഒതുക്കുവാനും സമാധാനം സ്ഥാപിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍, നീതിയും ന്യായവും സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ഈ ശ്രമങ്ങളെല്ലാം വിഫലമാവുകയും ലോകം മുഴുവനും ആക്രമണങ്ങളുടെ പരമ്പര ഗ്രസിക്കുകയും ചെയ്യും. അതുകൊണ്ട് വിനീതമായി ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സര്‍വനാശത്തില്‍നിന്നും നിങ്ങള്‍ ലോകത്തെ രക്ഷിക്കുക.”
ഈയൊരു സന്ദേശത്തിന്റെ പ്രാധാന്യവും പ്രയോഗക്ഷമതയുമാണ് വിവിധ പ്രസംഗങ്ങളില്‍ മിര്സ് മസ്റൂര്‍ അഹ്മദ് വിവരിക്കുന്നത്. ലോകസമാധാനത്തിന്റെ സന്ദേശവുമായി വിവിധ രാഷ്ട്രത്തലവന്മാര്ക്ക് ഈ മതാചാര്യന് അയച്ച കത്തുകളും പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്. അമേരിക്ക, ഇറാന്, ഇസ്രായേല്‍, ചൈന, ബ്രിട്ടീഷ് എന്നീ രാഷ്ട്രത്തലവന്മാര് ഇതില്‍പ്പെടുന്നു.
പ്രസംഗങ്ങള്‍ക്ക് ദൈര്‍ഘ്യമുണ്ടെങ്കിലും അവ ആശയസമ്പുഷ്ടമാണ്. ആശയക്കുഴപ്പങ്ങളില്ലാത്ത വിവര്‍ത്തനം വായനാനുകൂലവുമാണ്. പരിഭാഷകര് മലയാള ഭാഷയോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. അഞ്ചാം ഖലീഫയായ മിര്‍സാ മസ്റൂര്‍ അഹ്മദ് സമാധാന ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യത്തെ പാര്‍ലമെന്റുകളില്‍ പ്രസംഗിക്കുന്നതിന്റെയും, ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും മനോഹരമായ ചിത്രങ്ങള്‍ പുസ്തകത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്യുന്നു.
ലോകമാകെ അന്യമത വിദ്വേഷത്തിലൂടെയും ഹിംസയിലൂടെയും ചിലര്‍ ഇസ്ലാമിനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സമാധാനത്തിലേക്ക് ഒരു ഇസ്ലാമിക പാത സാധ്യമാണെന്നു പറയുന്ന ഈ വിപുലമായ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാണ്.
മതപരമായ ഹിംസയെ ചെറുത്തുനില്‍പ്പ്, തിരിച്ചടി എന്നൊക്കെ വിശേഷിപ്പിച്ച് പ്രത്യക്ഷവും പരോക്ഷവുമായി ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘ഇസ്ലാമിക സാഹിത്യം’ മലയാളത്തില്‍ സുലഭമാണ്. ഇതിനുവേണ്ടി വ്യക്തികളും സംഘടനകളും മാധ്യമസ്ഥാപനങ്ങളും സജീവമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ മറ്റുള്ളവരുമായി സംവദിക്കാനും സഹവസിക്കാനും പഠിപ്പിക്കുന്നതാണ് ‘ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും’ എന്ന പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: