കൊച്ചി: രോഗബാധിതയായതിനെ തുടര്‍ന്നു സൗന്ദര്യ വര്‍ധക കോഴ്സ് പാതിവഴിയില്‍ അവസാനിപ്പിച്ച കൊച്ചിയിലെ പരിശീലനസ്ഥാപനം 3,39,329 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചു.
തൃശ്ശൂര്‍ വലപ്പാട് സ്വദേശി സെബ സലിം കൊച്ചിയിലെ വിഎല്‍സിസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ 2021 ജനുവരിയില്‍ ശരീരഭാരം കുറയ്ക്കല്‍ കോഴ്സിന് 1,17,329 രൂപ ഫീസ് നല്കി ചേര്‍ന്നു. മാര്‍ച്ചില്‍ മറ്റൊരു കോഴ്സ് കൂടി തിരഞ്ഞെടുത്ത് 1,62,000 രൂപയും ഫീസ് നല്കി. ഇതിനിടെ സെബയ്ക്ക് കൊവിഡ് ബാധിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതായി മഹാമാരിയെ തുടര്‍ന്ന് സ്ഥാപനം പിന്നീട് അടച്ചു. ക്ലാസുകള്‍ പുനരാരംഭിക്കാന്‍ കാലതാമസം നേരിട്ടതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലും സെബ കോഴ്സ് തുടരേണ്ടെന്ന് തീരുമാനിക്കുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ റീഫണ്ട് ആവശ്യം നിരസിച്ച പരിശീലന സ്ഥാപനം, ബന്ധുവിനോ സുഹൃത്തിനോ ബദലായി കോഴ്സ് വാഗ്ദാനം ചെയ്തു.
സെബ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു. കമ്മിഷന് പ്രസിഡന്റ് ഡി.ബി. ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് പരാതിക്കാരിക്ക് അനുകൂലമായി ഉത്തരവ് നല്‍കിയത് .
ഒരിക്കല്‍ നല്കിയ ഫീസ് തിരികെ നല്‍കാനാവില്ലെന്നും പകരം മറ്റൊരാളെ കോഴ്സിന് പരിഗണിക്കാം എന്നുമുള്ള സ്ഥാപനത്തിന്റെ നിലപാട് നീതിപൂര്‍വമല്ലെന്നു വിലയിരുത്തിയ കോടതി, കോഴ്സ് ഫീസായി ഈടാക്കിയ 2,79,329 രൂപയും 60,000 രൂപ നഷ്ടപരിഹാരവും ഒരു മാസത്തിനുള്ളില്‍ സെബയ്ക്കു നല്കാന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: