രഥയാത്രകള്‍ പുത്തനുണര്‍വ്വും ആവേശവും സമ്മാനിച്ച ജനതയാണ് ഭാരതത്തിലുള്ളത്. കഴിഞ്ഞ പത്തുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും അവരില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടേയും സന്ദേശം നിറയ്ക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രഥയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നു. വികസിത ഭാരത സങ്കല്പ്പ യാത്ര എന്ന കേന്ദ്രസര്‍ക്കാരിന്റെ വികസന രഥയാത്രയ്ക്ക് ഭഗവാന് ബിര്‍സാമുണ്ടയുടെ ജന്മംകൊണ്ട് പവിത്രമായ കുന്തിയിലെ ഉലിഹാതു ഗ്രാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭം കുറിച്ചുകഴിഞ്ഞു. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ സമാപിക്കുന്ന യാത്ര രാജ്യത്തെ 2.70 ലക്ഷം ഗ്രാമങ്ങളില്‍ കടന്നെത്തും. 15,000 മുനിസിപ്പാലിറ്റികളിലൂടെയും വികസിത ഭാരത സങ്കല്പ്പ യാത്ര എത്തുന്നുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലെയും നഗര-ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ ആദ്യ രഥയാത്രയെന്ന പ്രത്യേകതയും സങ്കല്പ്പയാത്രയ്ക്കുണ്ട്. 2018ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഏഴു പ്രധാന പദ്ധതികളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ആയിരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിലേക്ക് അയച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ വികസന പദ്ധതികളുടെ പ്രയോജനങ്ങളെപ്പറ്റിയുള്ള വിവരണമാണ് രഥയാത്രയുടെ പ്രധാന ലക്ഷ്യം. സാമ്പത്തിക സേവനങ്ങള്‍, വൈദ്യുതി, ശൗചാലയം, എല്‍പിജി പദ്ധതി, പാവപ്പെട്ടവര്‍ക്ക് വീട്, സൗജന്യ ഭക്ഷ്യസുരക്ഷാ പദ്ധതി, പോഷകാഹാര പദ്ധതി, ആരോഗ്യ, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവല്‍ക്കരണം യാത്ര വഴി ലക്ഷ്യമിടുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിരവധി വികസന പദ്ധതികള്‍ക്ക് അര്‍ഹരായ ലക്ഷക്കണക്കിന് പേര് ഇനിയും പദ്ധതികളുടെ ഭാഗമാകാന്‍ ബാക്കിയുണ്ടെന്ന വിലയിരുത്തലിലാണ് പദ്ധതികളുടെ വിവരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഗ്രാമഗ്രാമാന്തരങ്ങളിലേക്കിറങ്ങുന്നത്.
വിവര ശേഖരണം, വിദ്യാഭ്യാസം, ആശയ വിനിമയം എന്നീ ലക്ഷ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാനുകളാണ് രഥങ്ങളായി യാത്രയില്‍ ഉപയോഗിക്കുന്നത്. എല്ലാ ജില്ലകളിലും വാനുകള്‍ ഉണ്ടായിരിക്കും. രാജ്യം മുഴുവനും 2,800 വാനുകളാണ് സഞ്ചരിക്കുക. ഒരു സ്ഥലത്തെത്തിയാല്‍ രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ വാന്‍ അവിടെ നിര്‍ത്തുകയും കേന്ദ്രപദ്ധതികളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറുകയും ചെയ്യും.
ശുചിത്വ സൗകര്യങ്ങള്‍, അവശ്യ സാമ്പത്തിക സേവനങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍, എല്‍പിജി സിലിണ്ടറുകളുടെ പ്രാപ്യത, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിടം, ഭക്ഷ്യസുരക്ഷ, ശരിയായ പോഷകാഹാരം, വിശ്വസനീയമായ ആരോഗ്യ പരിരക്ഷ, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, അവബോധം സൃഷ്ടിക്കുക, ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നിവയിലായിരിക്കും യാത്രയുടെ ശ്രദ്ധ. യാത്രയ്ക്കിടെ കണ്ടെത്തുന്ന വിശദാംശങ്ങളിലൂടെ സാദ്ധ്യതയുള്ള ഗുണഭോക്താക്കളുടെ എന്റ്രോള്മെന്റും നടത്തും.
കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളാണ് തങ്ങളെന്ന തിരിച്ചറിവ് രാജ്യത്തെ ഓരോ പൗരനിലും എത്തിക്കലാണ് യാത്രയുടെ ലക്ഷ്യം. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്രപദ്ധതികളോട് പുറംതിരിഞ്ഞു നില്ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരിച്ചറിവ് കൊടുക്കാന്‍ യാത്ര സഹായിക്കും. ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രപദ്ധതികള്‍ ഏറ്റവും വൈകി ഏറ്റവും കുറവ് നടപ്പാക്കുന്നതില്‍ പേരു കേട്ടവരാണ്. കേരളം കേന്ദ്രപദ്ധതികളുടെ പേരുമാറ്റി സ്വന്തം നേട്ടമാക്കി അവതരിപ്പിക്കാന്‍ സാമര്‍ത്ഥ്യമുള്ളവരും. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ അര്‍ഹരായ എല്ലാ പൗരന്മാര്ക്കും ലഭിക്കേണ്ടതാണ് എന്ന പ്രധാനമന്ത്രിയുടെ ചിന്തയാണ് വികസിത ഭാരത സങ്കല്പ്പ രഥയാത്രയ്ക്ക് പിന്നില്‍. സര്‍ക്കാരുകളുടെ വികസന പദ്ധതികള്‍ ഏറ്റവും അവസാനം ലഭിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള 24,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനൊപ്പമാണ് വികസന ഭാരത സങ്കല്പ്പ യാത്രയുടെ തുടക്കവും പ്രധാനമന്ത്രി കുറിച്ചത്. രാജ്യത്തെ 13 കോടിയിലധികം വരുന്ന ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചതായി പ്രധാനമന്ത്രി ചടങ്ങില്‍ വിശദീകരിച്ചിരുന്നു.
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നതായും കാലാകാലം ഭരിച്ച സര്‍ക്കാരുകളുടെ അലംഭാവം മൂലം പാവപ്പെട്ടവര്‍ക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നതായും പ്രധാനമന്ത്രി ആ ചടങ്ങില്‍ പറഞ്ഞു. സേവന മനോഭാവത്തോടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് ഇതിന് പ്രതിവിധിയെന്ന് തനിക്ക് മനസ്സിലായെന്നും ദരിദ്രര്‍ക്കും നിരാലംബര്‍ക്കും അവരുടെ വീട്ടുപടിക്കല്‍ സൗകര്യങ്ങള്‍ എത്തിക്കുകയെന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയായി മാറ്റിയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച സമീപനങ്ങള്‍ക്ക് ഫലമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ ഗ്രാമീണ ശുചിത്വം എന്നത് നാല്‍പ്പതു ശതമാനമായിരുന്നത് ഇന്ന് സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിലെ എല്‍പിജി കണക്ഷനുകള്‍ 50 ശതമാനത്തില്‍ നിന്ന് നൂറു ശതമാനത്തിനടുത്തേക്ക് എത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് ജീവന് രക്ഷാ വാക്സിനുകള്‍ നല്‍കിയിരുന്നത് 55 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ 17 ശതമാനം മാത്രം കുടുംബങ്ങള്‍ക്ക് ലഭ്യമായിരുന്ന കുടിവെള്ള കണക്ഷനുകള്‍ ജലജീവന്‍ മിഷന് വഴി 70 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. വൈദ്യുതി ചെന്നെത്തിയിട്ടില്ലാത്ത 18,000 ഗ്രാമങ്ങളാണ് വൈദ്യുതിവല്‍ക്കരിച്ചത്. പിന്നാക്ക ജില്ലകളായി മുദ്രകുത്തി മാറ്റിനിര്‍ത്തിയിരുന്ന 110 ജില്ലകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, ജീവിത സൗകര്യം എന്നീ നിലവാരങ്ങള്‍ ഉയര്‍ത്തി.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി രാജ്യത്തെ 9 കോടി കര്‍ഷകര്‍ക്കായി ഇതുവരെ 2,75,000 കോടി രൂപയാണ് അവരുടെ അക്കൗണ്ടുകളിലെത്തിച്ചത്. പതിനഞ്ചാം ഗഡുവായ രണ്ടായിരം രൂപ ബുധനാഴ്ച രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിച്ചു. വിശ്വകര്‍മ്മ ജനവിഭാഗത്തിന് പരിശീലനത്തിനും ഉപകരണങ്ങള്‍ നല്കുന്നതിനുമായി 13,000 കോടി രൂപയുടെ പദ്ധതിയും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ കണക്കും വിജയ ശതമാനവും വളരെ വലുതാണ്. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ 2028 വരെ നല്‍കാനുള്ള ചരിത്ര പ്രഖ്യാപനം അടക്കം കേന്ദ്രസര്‍ക്കാര്‍ ശരിയായ ദിശയിലാണ് ഭാരതത്തെ മുന്നോട്ട് നയിക്കുന്നതെന്ന് വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങളുമുണ്ട്. ഭാരതത്തെ പത്തുവര്‍ഷങ്ങള്‍കൊണ്ട് മാറ്റിമറിച്ച് ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നാക്കി മാറ്റിയ മോദി മാജിക്കിനെപ്പറ്റി ജനങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വികസിത ഭാരത സങ്കല്പ്പ രഥയാത്ര. മോദിയുടെ രഥം മുന്നോട്ട് അതിവേഗം കുതിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: