തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏഴു വര്‍ഷമായി ഭരണം നടത്തുന്ന ഇടതുസര്‍ക്കാര്‍ ജീവനക്കാരോട് കാണിക്കുന്ന അവഗണനയ്ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ 2024 ജനുവരി 24ന് സൂചനാ പണിമുടക്ക് നടത്താന്‍ കേരള എന്‍ജിഒ സംഘ് സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.
വിലക്കയറ്റം മൂലം ജീവിതം ദുരിതമാകുമ്പോഴും കഴിഞ്ഞ മൂന്നുവര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ ഒരു രൂപയുടെ പോലും വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. വിലക്കയറ്റത്തിന് ആനുപാതികമായി ലഭിക്കേണ്ട ക്ഷാമബത്ത ആറു ഗഡു 18 ശതമാനം കുടിശ്ശികയാണ്. 2019ല്‍ നടത്തിയ 10-ാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശികയും വിതരണം ചെയ്യുന്നില്ല. കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം 2027 വരെ മരവിപ്പിച്ചിരിക്കുകയാണ്.
പങ്കാളിത്ത പെന്ഷന് സംബന്ധിച്ച് രണ്ടരവര്‍ഷം മുന്‍പ് ലഭിച്ച പുനഃപരിശോധന സമിതി റിപ്പോര്‍ട്ടു പോലും പൂഴ്ത്തിവച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും യോഗം വിലയിരുത്തി. രാഷ്ട്രീയരാജ്യ കര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി. സുനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ്, ഫെറ്റോ പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന ഭാരവാഹികളായ ടി. ദേവാനന്ദന്, എ.ഇ. സന്തോഷ്, പി.വി. മനോജ്, അനിതാ രവീന്ദ്രന്, ബി.എസ്. രാജീവ്, വി.കെ. സാജന്, ജെ. മഹാദേവന്, കെ. രാധാകൃഷ്ണപിള്ള, പ്രദീപ് തേവള്ളി, എസ്. അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: