ആലപ്പുഴ: ഒരു കര്‍ഷകന്റെ ആത്മഹത്യക്കുറിപ്പ്… എന്ന തലക്കെട്ടിലാണ് കെ.ജി. പ്രസാദ് തന്റെ ജീവരക്തം കൊണ്ട് ആ കത്തെഴുതിയത്.
”എന്റെ മരണത്തിനു കാരണം കേരള സര്‍ക്കാരും എസ്ബിഐ, ഫെഡറല്‍ ബാങ്ക്, വിജയ ബാങ്ക് എന്നിവയുമാണ്. ഞാന്‍ 2011ല്‍ എസ്ബിഐയില്‍ നിന്ന് ഒരു കൃഷിക്കു വായ്പയെടുത്ത് കുടിശ്ശികയാകുകയും പല പ്രാവശ്യമായി 20,000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. 2020ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും കഴിച്ചുള്ള തുക തിരിച്ചടയ്ക്കുകയും ചെയ്തു. അതിനു ശേഷം എനിക്ക് ഒരു ബാങ്കില്‍ നിന്നും കൃഷി വായ്പ തരുന്നില്ല…
ഞാന്‍ എന്റെ നെല്ലു കൊടുത്തതിന്റെ വിലയാണ് പിആര്‍എസ് വായ്പയായി തന്നത്. ആയത് പലിശ സഹിതം കൊടുത്തുതീര്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്. അതിനാല്‍ എന്റെ മരണത്തിനു കാരണം സര്‍ക്കാരാണ്.”
എന്ന്
കെ.ജി. പ്രസാദ്
ഇത് ഭരണകൂടം നടത്തിയ കൊലപാതകം: കിസാന്‍ സംഘ്
തകഴി: കെ.ജി. പ്രസാദിന്റെ ആത്മഹത്യ സര്‍ക്കാരിന്റെ വികലമായ കാര്‍ഷിക നയം മൂലമുണ്ടായതാണെന്ന് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന സമിതി. ഈ ഭരണകൂടം നടത്തിയ കൊലപാതകമാണിത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൃഷി മന്ത്രി രാജി വയ്ക്കണം. കേരളത്തിലെ രണ്ടര ലക്ഷത്തോളം നെല്ക്കര്ഷകരനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ പ്രതീകമാണ് പ്രസാദെന്ന് സമിതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ വര്‍ധിക്കുകയാണ്. സര്‍ക്കാരിന് കൊടുത്ത നെല്ലിന്റെ വിലയായി പ്രസാദിന് ലഭിച്ച ബാങ്കുവായ്പ പാട്ട സംഖ്യ കൊടുക്കാനേ തികഞ്ഞുള്ളൂ. സ്വന്തം കൃഷിയിടത്തില്‍ വിളവിറക്കാന്‍ വായ്പ തേടിയ പ്രസാദിന് സിബില്‍ സ്കോര്‍ കുറഞ്ഞെന്നു പറഞ്ഞ് അതു നിഷേധിക്കുകയായിരുന്നു. പിആര്എസിനു മേല്‍ വായ്പ കിട്ടിയ തുക ബാങ്കുകള്‍ക്കു സര്‍ക്കാര്‍ നല്കിയിരുന്നെങ്കില് ഈ ആത്മഹത്യ ഉണ്ടാകുമായിരുന്നില്ല.
പ്രസാദിന്റെ മരണാനന്തര ക്രിയകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ സഹായം നല്‍കണം. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം കൊടുക്കണമെന്ന് കിസാന്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. നാരായണന്‍കുട്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: