ന്യൂദൽഹി : ദീപാവലിക്ക് മുൻപായി വൺ റാങ്ക് വൺ പെൻഷന്റെ മൂന്നാം ഗഡു അനുവദിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. സ്പർശ് സംവിധാനം വഴി പെൻഷൻ സ്വീകരിക്കുന്ന 21 ലക്ഷത്തോളം വിമുക്തഭടന്മാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം.
പെൻഷൻ വിതരണത്തിനായി ബാങ്കുകൾക്കും മറ്റ് ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. വൺ റാങ്ക് വൺ പെൻഷൻ 2024 ഫെബ്രുവരി 28-നകം മൂന്ന് തുല്യ ഗഡുക്കളായി വിതരണം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നത്. ഇതിൽ മൂന്നാം ഗഡു മാത്രമാണ് ഇനി നൽകാനായി ഉള്ളത്. ഈ തുക ദീപാവലിക്ക് മുൻപായി തന്നെ നൽകാനാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ തീരുമാനം.
28,000 കോടി രൂപയാണ് ഈ പെൻഷന് വേണ്ടി കേന്ദ്രസർക്കാർ നൽകുന്നത്. വിരമിക്കുന്ന തീയതി പരിഗണിക്കാതെ, ഒരേ റാങ്കിലും ഒരേ സേവന ദൈർഘ്യത്തിലും സായുധ സേനാംഗങ്ങൾക്ക് ഒരേ തുക പെൻഷൻ നൽകുന്നതാണ് വൺ റാങ്ക് വൺ പെൻഷൻ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: