കുന്നംകുളം: കുന്നംകുളത്ത് എ.സി. മൊയ്തീന് എംഎല്‍എയ്ക്ക് മാര്‍ഗതടസം ഉണ്ടാക്കിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദ്ദിച്ചു. സിപിഎമ്മിന്റെ കുന്നംകുളത്തെ ഓഫീസിന് സമീപത്തായിരുന്നു സംഭവം. കേച്ചേരി സ്വദേശിയായ ഫിറോസ് മന്‍സിലില്‍ റെയിസിനാണ് മര്‍ദ്ദനമേറ്റത്.
എ.സി. മൊയ്തീന്റെ വാഹനം കടന്ന് പോകുമ്പോള്‍ ഇയാള്‍ വാഹനം ഒതുക്കി സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അതേസമയം എംഎല്‍എ ഉള്‍പ്പടെ ഉള്ളവര്‍ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ റെയിസ് അസഭ്യം വിളിക്കുകയായിരുന്നുവെന്ന് കുന്നംകുളം നഗരസഭ മുന്‍ ചെയര്മാന് പി. ജി. ജയപ്രകാശ് പറഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
അമ്മയെ കുന്നംകുളം നഗരസഭയ്ക്ക് സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറെ കാണിക്കാനെത്തിയ സമയത്താണ് വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്നതെന്ന് റെയിസ് പറഞ്ഞു. ഈ സമയത്ത് പുറകിലെത്തിയ എംഎല്‍എ യുടെ വാഹനം നിര്‍ത്താതെ ഹോണടിക്കുകയായിരുന്നു. എംഎല്‍എ കാറില്‍ നിന്ന് ഇറങ്ങി വന്ന് വാഹനം നീക്കിയിടാന്‍ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീട് പുറകിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
എംഎല്‍എ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് യുവാവിനെ വാഹനത്തിലിട്ട് മര്‍ദ്ദിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: