തിരുവനന്തപുരം: പ്ലാസ്റ്റിക്കിലും മറ്റ് വസ്തുക്കളിലും തയാറാക്കുന്ന ക്രിസ്തുമസ് ട്രീകള്‍ക്ക് വിട. ക്രിസ്തുമസ് ആഘോഷത്തിന് ഇനി കൃഷിവകുപ്പിന്റെ ക്രിസ്തുമസ് ട്രീകളും. കൃഷി വകുപ്പ് ‘ക്രിസ്മസ് ട്രീ’ പദ്ധതിയിലൂടെ തയാറാക്കിയ തൈകള്‍ വിപണിയിലേക്ക് എത്തുന്നു.
രണ്ടു മുതല്‍ നാല് അടിവരെ ഉയരത്തിലുള്ള തൈകളാണ് വില്പനയ്ക്ക് ഒരുങ്ങുന്നത്. ഒമ്പത് ജില്ലകളിലെ 31 ഫാമുകളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏഴുമാസം മുമ്പാണ് തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകള്‍ തയാറാക്കിയത്. 4866 തൈകള്‍ സജ്ജമാണ്. തൂജയുടെ 369 എണ്ണം, ഗോള്‍ഡന്‍ സൈപ്രസിന്റെ 372 എണ്ണം, അരക്കേറിയ 775 എണ്ണം എന്നിങ്ങനെയാണ് ഉള്ളത്. രണ്ട് മുതല്‍ മൂന്ന് അടി വരെ ഉയരമുള്ള തൈകള്‍ മണ്‍ചട്ടിയിലും ഗ്രോബാഗിലുമായാണ് വളര്‍ത്തിയിരിക്കുന്നത്.
തൂജ തൈകള്‍ രണ്ട് അടി വരെ ഉള്ളത് 200 രൂപയും രണ്ട് അടിക്കു മുകളില്‍ ഉയരം ഉള്ളതിന് 225 രൂപയുമാണ് വില. ഗോള്‍ഡന്‍ സൈപ്രസിന്റെ രണ്ട് അടി വരെ 250ഉം രണ്ട് അടിക്കു മുകളില്‍ ഉയരം ഉള്ളതിന് 300ഉം ആണ് വില. രണ്ടുതട്ടുവരെ ഉയരമുള്ള അരക്കേറിയക്ക് 300 രൂപയാണ് വില. 400 രൂപയ്ക്കാണ് രണ്ട് തട്ടിന് മുകളില്‍ ഉയരമുള്ള തൈ ലഭ്യമാകുന്നത്. സര്‍ക്കാര്‍ ഫാമുകള്‍ വഴിയാണ് വില്പന. ഓണ്‍ലൈനില്‍ തൈകള്‍ ലഭ്യമാക്കുന്നതും ആലോചനയിലുണ്ട്.
കൃഷിവകുപ്പിന്റെ ഫാമുകളില്‍ തയാറാക്കിയ ക്രിസ്തുമസ് ട്രീ തൈകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: