കൊൽക്കത്ത: ക്രിക്കറ്റ് ലോകകപ്പിൽ ബംഗാളിലെ സംഘാടകർ ടിക്കറ്റു വിതരണത്തിൽ നടത്തിയ ക്രമക്കേടുകളും വിൽപ്പനയിലെ കരിഞ്ചന്തയും സംബന്ധിച്ച് ബംഗാൾ രാജ്ഭവനിലെ പരാതിപ്പെട്ടിയിൽ ആരോപണങ്ങൾ കുന്നുകൂടിയപ്പോൾ ഔദ്യോഗിക വസതിയുടെ കവാടങ്ങൾ ക്രിക്കറ്റ് പ്രേമികൾക്കായി തുറന്ന് ഗവർണർ ഡോ സി.വി ആനന്ദബോസ് ഒരിക്കൽ കൂടി ബംഗാളിൽ കളം നിറഞ്ഞു. രാജ്ഭവൻ അക്ഷരാർത്ഥത്തിൽ ‘ജൻരാജ്‌ഭവനാ’യി . മാധ്യമങ്ങളും അത് ആഘോഷമാക്കി.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ-ആഫ്രിക്ക ലോകകപ്പ് മത്സരത്തിൽ ടിക്കറ്റു വിൽപ്പനയിലെ അഴിമതിയും ക്രമക്കേടുകളും വ്യാപകമായതോടെ, തനിക്ക് സംഘാടകർ കൊടുത്തയച്ച നാല് കോംപ്ലിമെന്ററി ടിക്കറ്റുകൾ മടക്കി അയച്ചാണ് ആനന്ദബോസ് ആദ്യസന്ദേശം നൽകിയത്. പതിവുള്ള ഗവർണേഴ്‌സ് ബോക്സ് സഹിതം വില്പനച്ചരക്കാക്കി രാജ്ഭവന്റെ അന്തസ്സ് താഴ്‌ത്തിക്കെട്ടുംവിധമായിരുന്നു തുടക്കം മുതൽ സംഘാടകരുടെ പെരുമാറ്റം.
തങ്ങൾക്ക് ന്യായവിലയ്‌ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്നും കരിഞ്ചന്തയിൽ ടിക്കറ്റിന് തീവിലയാണെന്നുമുള്ള നിരവധി പരാതികൾ രാജ്ഭവനിലെ ആന്റികറപ്‌ഷൻ സെല്ലിൽ ലഭിച്ചു. അവയോടുള്ള ക്രിയാത്മക പ്രതികരണമെന്ന നിലയിലാണ് ‘ആശയങ്ങളുടെ തമ്പുരാനായ’ ആനന്ദ ബോസ് ക്രിക്കറ്റ് പ്രേമികൾക്കായി രാജ്ഭവന്റെ വിശാലമായ പുൽത്തകിടി തത്സമയ സംപ്രേഷണത്തിനായി സജ്ജീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഉടൻ തന്നെ മാധ്യമങ്ങൾ വഴി പ്രചാരം നൽകി. സുരക്ഷാനടപടികൾ ഉറപ്പാക്കാൻ ഒരു ഇമെയിൽ വഴി രജിസ്ട്രേഷന് സംവിധാനമുണ്ടാക്കി. തിരിച്ചറിയൽ കാർഡുൾപ്പെടെ അപേക്ഷിക്കുന്ന ആദ്യത്തെ അഞ്ഞൂറു പേർക്ക് പ്രവേശനം – അതായിരുന്നു അറിയിപ്പ്. മണിക്കൂറുകൾക്കുള്ളിൽ മെയിൽ ബോക്സ് നിറഞ്ഞു.
വിശാലമായ പുൽത്തകിടിയിൽ മണിക്കൂറുകൾക്കുള്ളിൽ 30 X 12 അടി വലിപ്പത്തിൽ ബിഗ്‌സ്‌ക്രീനും കസേരകളും മൊബൈൽ ടോയ്‌ലറ്റുകളും റിഫ്രഷ്മെന്റ് കൗണ്ടറുകളും സജ്ജീകരിച്ച് ജൻരാജ്ഭവനിലെ ‘ജനത സ്റ്റേഡിയം’ അതിഥികളെ വരവേറ്റു. രാജ്ഭവൻ ജീവനക്കാരും കുടുംബാംഗങ്ങളുമുൾപ്പെട്ട ‘ടീം രാജ്ഭവൻ’ ആതിഥേയരായി.
കളി തുടങ്ങുമ്പോൾ ഇന്ത്യൻ ജഴ്സിയണിഞ്ഞ് ഗവർണർ ‘ജനത സ്‌റ്റേഡിയ’ത്തിലെത്തിയപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ആവേശം അണപൊട്ടി. ആരവങ്ങൾക്കിടയിൽ ആതിഥേയനായി അവർക്കൊപ്പം കൂടിയ ഗവർണർ ഇന്ത്യൻ ടീമിന്റെ വിജയപ്രഖ്യാപനവേളയിൽ ഒരു ഗവർണേഴ്‌സ് സെഞ്ച്വറി ഗ്രൂപ്പിന്റെ സമാരംഭവും ബോസ് പ്രഖ്യാപിച്ചു,
“അതിന് കീഴിൽ ക്രിക്കറ്റിൽ കഴിവുള്ള 100 കുട്ടികളെ കണ്ടെത്തി വളർത്തിയെടുക്കും. സ്‌കൂൾ അധികൃതർ അവരുടെ കഴിവുകൾ വിലയിരുത്തുകയും ഒരു ഗ്രാൻഡ് ജൂറി അന്തിമ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. രാജ്ഭവൻ പരിശീലകരുമായും പരിശീലന സ്ഥാപനങ്ങളുമായും ഏകോപിപ്പിക്കുകയും സെഞ്ച്വറി ഗ്രൂപ്പിലെ അംഗങ്ങളുടെ പരിചരണം സുഗമമാക്കുകയും ചെയ്യും. കൊൽക്കത്ത, ഡാർജിലിംഗ്, ബാരക്പൂർ എന്നിവിടങ്ങളിലെ രാജ്ഭവൻ കാമ്പസുകളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ ഗവർണർ ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചു. സെഞ്ച്വറി ഗ്രൂപ്പിലെ ഓരോരുത്തർക്കും 10,000 രൂപ വീതം അവാർഡും ഫലകവും പ്രശസ്തിപത്രവും നൽകും. ആവശ്യാനുസരണം കൂടുതൽ സഹായങ്ങൾക്കായി ഗവർണറുടെ സെഞ്ച്വറി ഗ്രൂപ്പിലും അവരെ ഉൾപ്പെടുത്തും. സർവ്വകലാശാല വിദ്യാർത്ഥികൾക്കിടയിലും സമാനമായ ഒരു സംരംഭം ആരംഭിക്കും.
സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ ജന്മദിനം ആഘോഷിക്കാൻ ഗവർണർ ക്രിക്കറ്റ് പ്രേമികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കാണികൾക്ക് ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
“ഇത് വെറും രാജ്ഭവനല്ല, ജനരാജ്ഭവനാണ്. രാജ്ഭവൻ തങ്ങളുടെ രണ്ടാമത്തെ വീടാണെന്ന വികാരം ജനങ്ങളിൽ ഉറപ്പിക്കുക എന്നതാണ് എന്റെ ദൗത്യം,” ബോസ് പറഞ്ഞു.
ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തെയും അതിനവസരമൊരുക്കിയ ബിസിസിഐ യെയും ആനന്ദബോസ് അകമഴിഞ്ഞ് പ്രശംസിച്ചു. കായികമേഖലയിൽ ഭാരതം സുശക്തവും സുരക്ഷിതവുമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. “പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത്” എന്ന ആശയം കായികരംഗത്തും പ്രതിഫലിച്ചിരിക്കുന്നു” – ഗവർണർ ബോസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: