‘എന്റെ ജനങ്ങളാണ് മഹത്തായ ഭാരതത്തിന്റെ ഉറപ്പെ’ന്നാണ് മാസങ്ങള്‍ക്കുമുന്‍പ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. ആ ജനങ്ങളോട് പ്രത്യേകിച്ച് പാവങ്ങള്‍ക്കുള്ള ഒരു ഉറച്ച ഉറപ്പാണ് സൗജന്യറേഷന് പദ്ധതി അഞ്ചുവര്‍ഷം കൂടി തുടരുമെന്ന പ്രഖ്യാപനം. മധ്യപ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര തീരുമാനം അറിയിച്ചത്. ഇത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സാമൂഹ്യനീതിയാണെന്ന് തന്നെ പറയാം. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഒട്ടനവധി പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതില്‍ എന്തുകൊണ്ടും പ്രധാന്യമേറിയതുതന്നെയാണ് സൗജന്യഭക്ഷ്യധാന്യവിതരണം.
കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിന്റെ പ്രയത്നത്തിലാണ് ഭാരതം. കഴിഞ്ഞ അഞ്ചുവര്‍ഷം കോവിഡ് മഹാമാരിയില്‍പ്പെട്ട രാജ്യം ഞെരിപൊരികൊള്ളുകയായിരുന്നു. ജോലിയില്ല, കൂലിയില്ല. ലോക്ഡൗണ്‍ മൂലം സഞ്ചാരസ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട് ജനങ്ങള്‍ പൊറുതിമുട്ടിയപ്പോഴാണ് സൗജന്യഭക്ഷ്യധാന്യ വിതരണത്തിന് കേന്ദ്രം തയ്യാറായത്. മഹാരോഗത്തിന് ലോകത്തെയാകെ അതിശയിപ്പിച്ച് ഔഷധ നിര്‍മ്മാണം നടത്തി മികവ് പ്രകടിപ്പിച്ച സര്‍ക്കാര്‍ ഭാരതത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്കി എന്നത് വലിയ അനുഗ്രഹവുമായി. രാജ്യത്തെ 81 കോടി ജനങ്ങള്‍ക്ക് ഇത് ആശ്വാസമായി. പണ്ടൊക്കെ പ്രഖ്യാപനങ്ങള്‍ ഒരുപാട് കേട്ടുമടുത്ത ജനങ്ങളാണ് രാജ്യത്തുള്ളത്. ദാരിദ്ര്യത്തിനെതിരെ പ്രത്യേകിച്ചു ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ജനങ്ങളിലെത്തിച്ച് വോട്ടുനേടാനുള്ള ഉപാധിയാക്കിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ അതുപോലെയല്ല നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളൊന്നും.
സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കുന്ന പരിപാടികള്‍ റിപ്പബ്ലിക് ദിനത്തിന് മുന്‍പ് ആരംഭിക്കും. ഗുണഭോക്താക്കള്‍ക്ക് അത് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തും. ആ രീതിതന്നെയാണ് ഭക്ഷ്യധാന്യ വിതരണത്തിലും കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഗുണഫലം യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നില്ല. ലഭിക്കുന്നുവെങ്കില്‍ തന്നെ ഒരു രൂപ പ്രഖ്യാപിച്ചാല്‍ 20 പൈസ മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് വസ്തുത. വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഈ ഏറ്റുപറച്ചില്‍ നമ്മള് കേട്ടതാണ്. എന്നാല്‍ ഇന്ന് യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്നെ ഗുണഫലങ്ങളുണ്ടാകുന്നു. ഇന്നത്തെ പ്രധാനമന്ത്രിക്ക് ദാരിദ്ര്യത്തിന്റെ തീവ്രത വായിച്ചറിയേണ്ട കാര്യമില്ല. പാവപ്പെട്ടവന്റെ വേദനയും കഷ്ടപ്പാടും നേരിട്ടറിയുന്നവനാണ് പ്രധാനമന്ത്രി.
അതിനാല്‍, നിങ്ങളുടെ ഈ മകന്, നിങ്ങളുടെ സഹോദരന്, തന്റെ മനസ്സില്‍ ഒരു വലിയ തീരുമാനമെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഡിസംബറില്‍ പൂര്‍ത്തിയാകും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഞങ്ങള്‍ സൗജന്യ റേഷന്‍ ഉറപ്പ് നല്‍കുകയാണെന്ന് പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. സൗജന്യ റേഷന്‍ പദ്ധതിയുടെ വിപുലീകരണം മോദിയുടെ ഗ്യാരണ്ടിയാണ്. ഇത് ബിജെപിയാണ്, ഇവിടെ ദരിദ്രരും, പിന്നാക്കക്കാരും, ദലിതരും, വനവാസികളും ഉള്‍പ്പെടെ എല്ലാവരും ബിജെപി കുടുംബത്തിലെ അംഗമാണ്, എന്റെ കുടുംബത്തിലെ ഒരു അംഗമാണ്. സര്‍ക്കാരിന്റെ മികവിനെ കുറിച്ച് പറയുന്നതിനൊപ്പം കോണ്‍ഗ്രസിനെയും അദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ മുദ്രാവാക്യം തന്നെ ‘ഗരീബ് കെ ജെബ് സാഫ്, കാം ഹാഫ് സേ ഭി ഹാഫ്’ എന്നാണ്. അതായത് കോണ്‍ഗ്രസ് വികസനത്തിനായി പ്രവര്‍ത്തിക്കുന്നില്ല, എന്നാല്‍ ഇത് തീര്‍ച്ചയായും പാവപ്പെട്ടവരുടെ പോക്കറ്റുകള്‍ കാലിയാക്കുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് വ്യത്യസ്തമായി ബിജെപി ഭരണം ഒരു അഴിമതിക്കും സാക്ഷ്യം വഹിച്ചിട്ടില്ല. 2014ന് മുമ്പ് കോണ്‍ഗ്രസ് നടത്തിയത് ലക്ഷങ്ങളുടെയും കോടികളുടെയും വിലയുള്ള അഴിമതിയാണ്. എന്നാല്‍ ഇപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ അഴിമതികളൊന്നുമില്ല. പാവപ്പെട്ടവരുടെ പേരില്‍ ലാഭിക്കുന്ന പണം അവരുടെ റേഷന്‍ പദ്ധതികള്‍ക്കായി ചെലവഴിക്കുന്നു. അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഇതൊക്കെ തന്നെയാണ്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തേക്കാള്‍ വലുതല്ല ആരും. കോണ്‍ഗ്രസ് അധികാരം ഏറ്റെടുക്കുന്നിടത്ത് സര്‍ക്കാര്‍ പദ്ധതികള്‍, റോഡുകള്‍, തെരുവുകള്‍ എല്ലാം ആ കുടുംബത്തിന്റെ പേരിലാണ്. കേരളത്തില്‍ 41.39 ലക്ഷത്തോളം വരുന്ന മഞ്ഞ, പിങ്ക് കാര്‍ഡുകളിലൂടെ 1.54 കോടി പേര്‍ക്കാണ് റേഷന്‍ വിഹിതം ലഭിക്കുന്നത്. 2020ല്‍ ഒരുവര്‍ഷത്തേക്ക് പ്രഖ്യാപിച്ച പദ്ധതി ഈ ഡിസംബറില്‍ അവസാനിക്കേണ്ടതായിരുന്നു. അതാണ് 5 വര്‍ഷം കൂടി നീട്ടിയത്. ഇതിന് 2 ലക്ഷം കോടി രൂപവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: