തിരുവനന്തപുരം: കേരളീയം വേദിയാകുന്ന മാനവീയം വീഥിയിലുണ്ടായ കൂട്ടത്തല്ലില്‍ നടപടിയുമായി പോലീസ്.
നിലവില്‍ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസെടുക്കുമെന്ന് തിരുവനന്തപുരം ഡിസിപി നിധിന് രാജ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിട്ടുളള ആളുകളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡിസിപി നിധിന് രാജ് വ്യക്തമാക്കി.
റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഡ്രഗ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുമെന്നും ഡിസിപി അറിയിച്ചു.
പോലീസിന് സംശയം തോന്നുന്നവരെ മാത്രമാകും ഡ്രഗ് കിറ്റ് ഉപയോഗിച്ച് പരിശോധിക്കുക. മാനവീയത്ത് കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാത്രി 11 മണിയ്ക്ക് ശേഷം രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും. സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസ് എടുക്കും. എന്നാല്‍, പോലീസിന്റെ സാന്നിധ്യം മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനെ ബാധിക്കരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
‘നൈറ്റ് ലൈഫ് ‘ എന്ന ആശയം കേരളത്തില്‍ ആദ്യമായി തുടക്കമിട്ട വേദിയാണ് മാനവീയം വീഥി. കേരളീയം തുടങ്ങുന്നതിന് മുമ്പും ഇവിടെ ചെറിയരീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അടിപിടി സമൂഹമാധ്യമങ്ങളിലൂടെ വന്‍പ്രചാരണം നടന്നതാണ് പുറംലോകം അറിയാന്‍ തന്നെ കാരണമായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിനിടെ സംഘര്‍ഷമുണ്ടായത്. ഒരു യുവാവിനെ ഒരുകൂട്ടം യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഒരാളെ മര്‍ദ്ദിക്കുന്നതും അതിന് ചുറ്റും നൃത്തം ചെയ്യുന്നതുമാണ് വീഡിയോയില്‍ പ്രചരിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ് അന്വേഷണം നടത്തി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പൂന്തുറ സ്വദേശി ചികിത്സ തേടിയെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ പരാതിയുമായി ആരും പോലീസിനെ സമീപിച്ചിരുന്നില്ല. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണോ അതോ ക്രിമിനല്‍ സംഘമാണോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: