കണ്ണൂര്‍: ചിറയ്‌ക്കലില്‍ മകനെ പിടികൂടാന്‍ വന്ന പൊലീസിന് നേരെ വെടിയുതിര്‍ത്ത് പിതാവ് ബാബു തോമസ്. മൂന്ന് റൗണ്ടോളം വെടിയുതിര്‍ത്തെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ വെടിയേറ്റില്ല. എന്നാല്‍ ബാബു തോമസിന്റെ തോക്കിന് ലൈസന്‍സില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കണ്ണൂര്‍ ചിറയ്‌ക്കല്‍ ചിറയ്‌ക്ക് മുന്‍പുള്ള വില്ല ലേക് റിട്രീറ്റ് എന്ന വീട്ടിലെ ബാബു തോമസിന്റെ മകന്‍ റോഷന്‍ മയക്കമരുന്ന് കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്ന് പറയുന്നു. കത്തിക്കുത്ത് കേസിലും പ്രതിയാണ്. ഏറ്റവുമൊടുവില്‍ ഇവരുടെ തൊട്ടു പിറകിലെ വീട്ടില്‍ അതിക്രമിച്ച് കയറി തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിച്ച കേസില്‍ പൊലീസ് പിടികൂടാന്‍ വന്നപ്പോഴാണ് വെള്ളിയാഴ്ച നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. റോഷന്‍ വീട്ടിലുണ്ടെന്ന് നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്ന് വളപട്ടണം എസ് ഐ നിതിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം റോഷനെ അറസ്റ്റ് ചെയ്യാനെത്തി. എന്നാല്‍ പൊലീസിനെ കണ്ടയുടന്‍ ബാബു തോമസ് വാതിലടച്ചു. പൊലീസ് പുറത്തെ കോണി വഴി മുകളിലേക്ക് കയറി. അവിടെയുള്ള മുറിയുടെ വാതില്‍ ബലംപ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസിന് നേരെ ജനലിനുള്ളിലൂടെ ബാബു തോമസ് വെടിയുതിര്‍ക്കുകയായിരുന്നു. കുനിഞ്ഞുമാറിയതിനാലാണ് പൊലീസ് രക്ഷപ്പെട്ടത്. പിന്നീട് കൂടുതല്‍ പൊലീസ് സംഘം എത്തി വാതില്‍ തകര്‍ത്ത് ബാബു തോമസിനെ അറസ്റ്റ് ചെയ്തു.
ബാബു തോമസ് റിവോൾവർ ഉപയോഗിച്ച് മൂന്ന് റൗണ്ട് പൊലീസിന് നേരെ വെടിവച്ചതായി പറയുന്നു, തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് തയ്യാറാക്കിയ എഫ് എഫ്ഐആറില്‍ പറയുന്നു.
തോക്കിന് ലൈസന്‍സ് ഉണ്ട്, വീട്ടിലേക്ക് പൊലീസ് വന്നത് ഗുണ്ടകളോടൊപ്പം: ഭാര്യ ലിന്‍റ
എന്നാല്‍ ലൈസന്‍സ് ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. അതേ സമയം കുടുംബം ഇതിനെ ഖണ്ഡിക്കുന്നു. തോക്കിന് ലൈസന്‍സുണ്ടെന്ന് ബാബു തോമസിന്റെ ഭാര്യ പറയുന്നു. മാത്രമല്ല, കുറെ ഗുണ്ടകളുമായാണ് പൊലീസ് ഇവിടെ എത്തിയതെന്നും പറയുന്നു. പൊലീസും ഗുണ്ടകളും ചേര്‍ന്ന് വീട് അടിച്ചുതകര്‍ത്തെന്നും ഭാര്യ പറയുന്നു. വീട്ടിലെ വാഹനങ്ങളും ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തിട്ടുണ്ട്. ഭര്‍ത്താവായ ഡോക്ടര്‍ ആകാശത്തേക്കാണ് വെടിവെച്ചതെന്നും ഭാര്യ ലിന്‍റ പറയുന്നു. സിസിടിവി തകര്‍ത്ത് കുളത്തില്‍ കൊണ്ടുപോയിട്ടിട്ടുണ്ടെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: