വിവാഹസംബന്ധിയായ ചില സൂക്തങ്ങളും ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലുണ്ട്. സൂര്യയുടെ (ഉഷസ്സിന്റെ) വിവാഹം സോമനുമായി നടക്കുന്നതായി വര്‍ണിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. അവിടെ വിവാഹസജ്ജയായി നില്ക്കുന്ന പെണ്‍കുട്ടികളുടെ അന്തരംഗഭാവങ്ങള്‍, പ്രതീക്ഷകള്‍, ദാമ്പത്യത്തെപ്പറ്റിയുള്ള സങ്കല്പങ്ങള്, മാതാപിതാക്കന്മാരോടും ദേവതകളായ അശ്വനികള്‍, പൂഷാവ്, സൂര്യചന്ദ്രന്മാര് ഇവരോടും ഉള്ള പ്രാര്‍ഥനകള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൂടെത്തന്നെ ദീര്‍ഘകാലം ഭര്‍ത്താവിനോടൊത്ത് ബഹുപുത്രവതിയായി ജീവിക്കാന്‍ വധുവിനെ ഗുരുക്കന്മാര് ആശീര്‍വദിക്കുന്ന ഭാഗങ്ങളും ഇതിലുണ്ട്. അക്കാലത്തെ സാമൂഹികാചാരങ്ങള്‍ മനസ്സിലാക്കുന്നതിന് ഈ ഭാഗം ഉപകരിക്കുന്നതാണ്. (വിവാഹസൂക്തം എന്ന നിലയില്‍ വിവാഹവേളകളില്‍ ആശ്വലായനഗൃഹ്യസൂക്തങ്ങളില്‍പെടുത്തി സൂക്തം ഋഗ്വേദികളായ ബ്രാഹ്മണര്‍ ജപിച്ചുവരാറുണ്ട്.)
കഥാപരങ്ങള്‍(സംവാദസൂക്തങ്ങള്‍)
ആഖ്യാനപരമായ അഥവാ കഥാപരമായ വിഷയങ്ങള്‍ വര്‍ണിക്കുന്ന സൂക്തങ്ങളും (ഋഗ്. മണ്ഡലം 10) സംഹിതയില്‍ കാണാവുന്നതാണ്. ഇവ സംവാദസൂക്തങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഇങ്ങനെയുള്ള സൂക്തങ്ങള്‍ ഇരുപതോളം ഉണ്ട്. അവയില്‍ തന്നെ പൂരൂരവാ- ഉര്‍വശീസംവാദം, യമ- യമീസംവാദം, സരമാ -പണിസംവാദം ഇവ വളരെ പ്രസിദ്ധങ്ങളാണ്. ഇവയില്‍ പലതും പില്ക്കാലത്ത് ആവിര്‍ഭവിച്ച കാവ്യനാടകങ്ങള്‍ക്ക് വിഷയീഭവിക്കുകയുണ്ടായി. അങ്ങനെ സാഹിത്യപരമായ പ്രാധാന്യം കൊണ്ട് സംവാദസൂക്തങ്ങള്‍ക്ക് വളരെ പ്രശസ്തി കൈവന്നിട്ടുണ്ട്.
പൂരൂരവസ്സും ഉര്‍വശിയും തമ്മിലുള്ള പ്രണയവും അവരുടെ ദാമ്പത്യജീവിതവും പിന്നീട് പ്രതിജ്ഞാഭംഗം കാരണമാക്കി ഉര്‍വശി പൂരൂരവസ്സിനെ ഉപേക്ഷിച്ചു പോയ സംഭവവും ഉള്‍പ്പെട്ട കഥ പില്ക്കാലത്ത് വിഷ്ണുപുരാണം, മഹാഭാരതം തുടങ്ങിയ പുരാണേതിഹാസ ഗ്രന്ഥങ്ങളിലും വിക്രമോര്‍വശീയം തുടങ്ങിയ നാടകങ്ങളിലും പല തലങ്ങളിലും വ്യാഖ്യാനിക്കപ്പെടുകയും വിവരിക്കപ്പെടുകയും ഉണ്ടായല്ലോ. മറ്റൊരു സുപ്രധാന സംവാദം യമനും യമിയും തമ്മിലുള്ളതാണ്. അവര്‍ ഇരട്ട പിറന്നസഹോദരങ്ങളാണ്. എന്നാല്‍ യമനെ അനൈസര്‍ഗിക ബന്ധത്തിലേര്‍പ്പെടാന്‍ യമി പ്രലോഭിപ്പിക്കുന്നതാണ് വിഷയം. പക്ഷേ യമന്‍ ഉദാത്തമായ ധര്‍മബോധം ഉയര്‍ത്തിപ്പിടിച്ച്, തന്റെ ഉത്തമമായ സ്വഭാവം പ്രകടമാക്കുന്നു. ഈ ഭാഗവും സാഹിത്യപരമായ സൗന്ദര്യം തുളമ്പുന്നതാണ്.
സരമായും ‘പണി’കളും തമ്മിലുള്ള സംവാദവും അത്യന്തം സരസമാണ്. ഇന്ദ്രന്റെ സംരക്ഷണയിലുള്ള ജനങ്ങളുടെ (അതായത് ആര്യന്മാരുടെ) പശുക്കളെ ‘പണി’ എന്ന സംജ്ഞ കൊണ്ട് അറിയപ്പെട്ടിരുന്ന ആളുകള്‍ അപഹരിച്ച് ഇരുളടഞ്ഞ ഗുഹകളില്‍ പാര്‍പ്പിച്ചു. പണികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പശുക്കളെ വിടുവിക്കാനായി ഇന്ദ്രന് തന്റെ സരമാ എന്ന ശുനകിയെ അയയ്ക്കുന്നു. സരമാ ഇന്ദ്രന്റെ ജനങ്ങളുടെ (ആര്യന്മാരുടെ) പരാക്രമങ്ങള്‍ വിവരിച്ചും ഭീഷണിപ്പെടുത്തിയും മറ്റും ഗോക്കളെ വിടുവിക്കുന്നു. നാടകീയത നിറഞ്ഞ ഈ സംവാദസൂക്തം അത്യന്തം കലാപരമായിട്ടാണ് അനുവാചകര്‍ക്ക് അനുഭവപ്പെടുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: